വയനാടും മാവോവാദികളും നാട്ടുകാര്‍ എന്ന സംവര്‍ഗവും

സി കെ ജാനുവിന്റെ നേതൃത്വത്തില്‍ മുത്തങ്ങ സമരം നടക്കുമ്പോഴാണ് വയനാട്ടില്‍ നാട്ടുകാര്‍ എന്ന സംവര്‍ഗം ആദ്യം കേള്‍ക്കുന്നത്. എല്ലാ റിപോര്‍ട്ടിങ്ങിലും...

വയനാടും മാവോവാദികളും നാട്ടുകാര്‍ എന്ന സംവര്‍ഗവും

സി കെ ജാനുവിന്റെ നേതൃത്വത്തില്‍ മുത്തങ്ങ സമരം നടക്കുമ്പോഴാണ് വയനാട്ടില്‍ നാട്ടുകാര്‍ എന്ന സംവര്‍ഗം ആദ്യം കേള്‍ക്കുന്നത്. എല്ലാ റിപോര്‍ട്ടിങ്ങിലും നാട്ടുകാര്‍ എന്ന സംവര്‍ഗം ഉണ്ടാവുമെങ്കിലും വയനാട്ടില്‍ അതിന് ചില പ്രത്യേകതകളുണ്ട്. കാരണം ആദിവാസികള്‍ ആര്, കുടിയേറ്റക്കാര്‍ ആര് എന്ന ചോദ്യവുമായി അതിന് അടുത്ത ബന്ധമുണ്ട്.

സി കെ ജാനുവിന്റെ നേതൃത്വത്തില്‍ മുത്തങ്ങയില്‍ സമരം നടക്കുകയും അതിനെതിരേ പോലിസ് വെടിവയ്ക്കുകയും ചെയ്തപ്പോള്‍ ചിതറി ഓടിയവരെ ചില അക്രമികള്‍ പിടി കൂടുകയും മര്‍ദ്ദിക്കുകയും പോലിസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. അന്ന് പോലിസിനുവേണ്ടി ആ പണി ചെയ്തത് കുടിയേറ്റക്കാരായ ഏതാനും രാഷ്ട്രീയ പാര്‍ട്ടി അണികള്‍ ചേര്‍ന്നായിരുന്നു. അക്കാര്യം പിറ്റേന്ന് റിപോര്‍ട്ട് ചെയ്ത പത്രങ്ങള്‍ ആദിവാസികളെ നാട്ടുകാര്‍ പിടികൂടി പേലിസില്‍ ഏല്‍പ്പിച്ചുവെന്നാണ് എഴുതിയത്. ആദിവാസികള്‍ യഥാര്‍ത്ഥ നാട്ടുകാരല്ലെന്നും കുടിയേറ്റക്കാര്‍ എന്ന യഥാര്‍ത്ഥ നാട്ടുകാര്‍ സര്‍ക്കാരിനു വേണ്ടി അവരെ പിടികൂടുകയാണ് ഉണ്ടായതെന്നുമായിരുന്നു ഇതിന്റെ അര്‍ത്ഥം. ഇക്കാര്യം അന്നേ വലിയ ചര്‍ച്ചയ്ക്ക് ഇടവരുത്തിയിരുന്നു.

അതിനുശേഷം ഇപ്പോഴാണ് ആ മേഖലയില്‍ നിന്ന് വീണ്ടും ഒരു നാട്ടുകാര്‍ പ്രയോഗം കേള്‍ക്കുന്നത്. ഇത്തവണത്തെ ഒരു വ്യത്യാസം ആദിവാസികള്‍ ഉള്‍പ്പെടുന്ന നാട്ടുകാര്‍ എന്ന് പ്രയോഗം മാറിയിരിക്കുന്നു എന്നാണ്. വയനാട്ടില്‍ പോലിസ് നടപടിയില്‍ കൊല്ലപ്പെട്ട സി പി ജലീന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ കഴിഞ്ഞ ദിവസം ഏതാനും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വയനാട്ടിലെത്തിയിരുന്നു. എ വാസു, തുഷാര്‍ നിര്‍മ്മല്‍ സാരഥി, പി ജി ഹരി, ഗോപാല്‍ തുടങ്ങിയവരാണ് വസ്തുതാന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. ജലീല്‍ കൊല്ലപ്പെട്ട ഉപവന്‍ റിസോര്‍ട്ട് സന്ദര്‍ശിക്കാന്‍ ശ്രമിക്കവയെണ് പോലിസ് തടഞ്ഞത്. കൂട്ടത്തില്‍ ഏതാനും ചിലരും ഉണ്ടായിരുന്നു. ആ ചിലരാണ് വാര്‍ത്തയുടെ ഹൈലൈറ്റ്.

വാര്‍ത്ത റിപോര്‍ട്ട് ചെയ്ത പത്രങ്ങള്‍ ആദിവാസികള്‍ അടങ്ങുന്ന നാട്ടുകാര്‍ മനുഷ്യാവകാശപ്രവര്‍ത്തരെ തടഞ്ഞു എന്നാണ് എഴുതിയത്. അതേ കുറിച്ച് എന്‍സിആര്‍എച്ച് ഒ നേതാവ് റെനി ഐലിന്‍ പറയുന്നത് വെടിവെപ്പു നടന്ന ഉപവന്‍ റിസോര്‍ട്ട് പരിസരത്ത് ഒരൊറ്റ വീടുപോലുമില്ലെന്നും അവിടെ എത്തിച്ചേര്‍ന്നവര്‍ പ്രദേശവാസികളാവാനിടയില്ലെന്നും ആണ്. പോലിസുകാര്‍ എത്തിച്ചവരായിരിക്കാമെന്നും അദ്ദേഹം എഴുതുന്നു.

മാവോയിസ്റ്റ് ശല്യം അവസാനിപ്പിക്കാന്‍ നാട്ടുകാര്‍ ആഗ്രഹിക്കുന്നുവെന്നും അതുകൊണ്ടാണ് മാവോയിസ്റ്റുകള്‍ക്കുവേണ്ടി എത്തിയ മനുഷ്യാവകാശക്കാരെ തടഞ്ഞതെന്നുമാണേ്രത നാട്ടുകാര്‍ പറഞ്ഞത്. മുത്തങ്ങയില്‍ നിന്ന് വൈത്തിരിയിലെത്തുമ്പോള്‍ ആദിവാസികളെ കൂടി നാട്ടുകാരുടെ എണ്ണത്തില്‍ കൂട്ടിയെന്നതാണ് പ്രത്യേകത. ആദ്യ സംഭവത്തില്‍ ആദിവാസികള്‍ നാട്ടുകാര്‍ക്ക് പുറത്തുള്ളവരായിരുന്നുവെങ്കില്‍ രണ്ടാം സന്ദര്‍ഭത്തില്‍ ആദിവാസികളെ നാട്ടുകാരിലെ ഒരു വിഭാഗമായി വിലയിരുത്തി. അത് മറ്റൊന്നും കൊണ്ടല്ല, ഇത്തവണ ആദിവാസികളെ നാട്ടുകാരില്‍ പെടുത്തുന്നതാണ് ലാഭം എന്നതുതന്നെ.

Next Story
Read More >>