ഗാന്ധിയെ വീണ്ടും കൊല്ലാൻ അനുവദിക്കില്ല; സി.എ.എയ്‌ക്കെതിരെ യശ്വന്ത് സിൻഹയുടെ രാഷ്ട്ര രക്ഷാ മാർച്ച് ആരംഭിച്ചു, ഫ്ളാഗ് ഓഫ് ചെയ്ത് ശരദ് പവാർ

ബി.ജെ.പി സർക്കാരിൽ ധനമന്ത്രിയായിരുന്ന യശ്വന്ത് സിൻഹ അടുത്തിടെ നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു

ഗാന്ധിയെ വീണ്ടും കൊല്ലാൻ അനുവദിക്കില്ല; സി.എ.എയ്‌ക്കെതിരെ യശ്വന്ത് സിൻഹയുടെ രാഷ്ട്ര രക്ഷാ മാർച്ച് ആരംഭിച്ചു, ഫ്ളാഗ് ഓഫ് ചെയ്ത് ശരദ് പവാർ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വാജ്‌പേയി മന്ത്രിസഭയിലെ അംഗമായിരുന്ന യശ്വന്ത് സിൻഹ നടത്തുന്ന രാഷ്ട്ര രക്ഷാ മാർച്ച് ആരംഭിച്ചു. ഗാന്ധി ശാന്തി യാത്ര എന്നു പേരിട്ടിരിക്കുന്ന 3,000 കിലോമീറ്റർ മാർച്ച് മുംബൈയിലെ ഇന്ത്യാഗേറ്റിൽ നിന്ന് ആരംഭിച്ചു. പൗരത്വ ഭേദഗതി നിയമത്തിനും എൻ.ആർ.സിക്കുമെതിരെയാണ് യശ്വന്ത് സിൻഹയുടെ യാത്ര. രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ജനുവരി 30ന് രാജ്ഘട്ടിൽ യാത്ര അവസാനിക്കും. യാത്രയിലുടനീളം ജനങ്ങളുമായി സംസാരിക്കുമെന്ന് യശ്വന്ത് സിൻഹ പറഞ്ഞു. ഭരണഘടനയെ തകർക്കാനും രാജ്യത്തെ വീണ്ടും വിഭജിക്കാനും ഗാന്ധിയെ ഒരിക്കൽ കൂടി വധിക്കാനും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാർ യാത്ര ഫ്‌ളാഗ്ഓഫ് ചെയ്തു. മറ്റ് എൻ.സി.പി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

പൗരത്വഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും സമ്പൂർണ്ണമായി പിൻവലിക്കണം എന്നാണ് യാത്രയിലെ ആവശ്യം. വിവിധ രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവർത്തകരും യാത്രയുടെ ഭാഗമാകും.

ബി.ജെ.പി സർക്കാരിൽ ധനമന്ത്രിയായിരുന്ന യശ്വന്ത് സിൻഹ അടുത്തിടെ നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ജാമിയ മിലിയ സർവകലാശാലയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തോടുള്ള സർക്കാരിന്റെ സമീപനത്തെ അദ്ദേഹം രൂക്ഷമായി വിമർശിച്ചിരുന്നു. കശ്മീരിന് സമാനമായി രാജ്യത്തെ മറ്റ് ഭാഗങ്ങളും മാറ്റാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

അതിനിടെ, പ്രതിഷേധങ്ങൾക്ക് നടുവിലും പൗരത്വഭേദഗതി നിയമ(സി.എ.എ)ത്തിൽ സംസ്ഥാനങ്ങളുമായി ഒരു കൂടിയാലോചനയും വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ചർച്ചകൾ നടത്താതെ വിഷയത്തിൽ ഒറ്റയ്ക്ക് ചട്ടങ്ങൾ രൂപീകരിക്കാനാണ് സർക്കാർ തയ്യാറെടുക്കുന്നത്. ഇതിനിടെ ആറു സംസ്ഥാനങ്ങൾ നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലും വിഷയത്തിൽ കേന്ദ്രം നിലപാട് മയപ്പെടുത്തിയിട്ടില്ല. 'ചട്ടങ്ങൾ രൂപീകരിക്കാനുള്ള ജോലികൾ പുരോഗമിക്കുകയാണ്. എല്ലാ വശവും സൂക്ഷ്മമായി പരിശോധിക്കപ്പെടും. എന്നാൽ ചട്ടങ്ങൾ എങ്ങനെ രൂപപ്പെടുത്തണം എന്നതിൽ സംസ്ഥാനങ്ങളിൽ നിന്ന് നിർദ്ദേശം തേടില്ല. അതിന്റെ ആവശ്യവുമില്ല. നിയമം പാസാക്കുന്നതിന് മുമ്പ് ആവശ്യമായ കൂടിയാലോചന നടത്തിയിട്ടുണ്ട്' - ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

Next Story
Read More >>