സി.എ.എയ്‌ക്കെതിരായ ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ പരിപാടിയിൽ പങ്കെടുത്ത് സഞ്ജയ് റാവുത്ത്; അമിത് ഷായെ പുറത്താക്കും, മുസ്‌ലിംകൾ ഭയപ്പെടേണ്ടെന്ന് പ്രഖ്യാപനം

പൗരത്വ ഭേദഗതി നിയമം മുസ് ലിംകൾക്ക് മാത്രമല്ല ഹിന്ദുക്കൾക്കും എതിരാണ്

സി.എ.എയ്‌ക്കെതിരായ ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ പരിപാടിയിൽ പങ്കെടുത്ത് സഞ്ജയ് റാവുത്ത്; അമിത് ഷായെ പുറത്താക്കും, മുസ്‌ലിംകൾ ഭയപ്പെടേണ്ടെന്ന് പ്രഖ്യാപനം

മുംബൈ: ബി.ജെ.പി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ആമിത്ഷായെ ഭരണത്തിൽ നിന്ന് പുറത്താക്കുമെന്ന പ്രഖ്യാപനവുമായി ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. മറാത്തി പത്രകാർ സഘിൽ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ജമാഅത്തെ ഇസ്ലാമി ഹിന്ദ് സംഘടിപ്പിച്ച പൊതു ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ' ഞങ്ങൾക്ക് ആരെയും ഭയമില്ലന്ന് മഹാരാഷ്ട്രയിൽ ഞങ്ങൾ തെളിയിച്ചു. നിങ്ങളും ഭയത്തിന്റെ പിടിയിൽ നിന്ന് പുറത്തുവരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. നമ്മൾ എല്ലാവരും ഒന്നാണ്. രാജ്യത്തെ സ്‌നേഹിക്കുന്ന എല്ലാവർക്കും വേണ്ടിയുള്ളതാണ് ഇന്ത്യ.'- റാവുത്ത് പറഞ്ഞു.

പേരെടുത്ത് പറയാതെ അമിത്ഷായ്‌ക്കെതിരെ റാവുത്ത് ആക്രമണം നടത്തി. ' പൗരത്വ ഭേദഗതി നിയമത്തിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലെന്നാണ് നിങ്ങൾ പറഞ്ഞത്, പക്ഷേ ഞങ്ങൾ നിങ്ങളെ പുറത്തേക്ക് തള്ളിയിടും.'- റാവുത്ത് പറഞ്ഞു.

ജാമാഅത്തെ ഇസ്ലാമിയുടെ പരിപാടിയിൽ താൻ പങ്കെടുക്കുമോ എന്ന് എല്ലാവരും അത്ഭുതപ്പെട്ടിരുന്നു. പക്ഷേ തങ്ങൾ എല്ലാവരും സഹോദരങ്ങളാണ്, ഈ പരിപാടി നടക്കുന്നത് മറാത്തി പത്രകാർ സംഘിലാണ്. തനിക്ക് ഇതിൽ പങ്കെടുക്കുന്നതിൽ ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.എ.എ, എൻ.പി.ആർ,എൻ.ആർ.സി എന്നിവയ്‌ക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത് 25 കോടി മുസ്‌ലിംകളാണ് എന്ന വിരമിച്ച ജസ്റ്റിസ് കോൽസേ പാട്ടീലിന്റെ പ്രസ്താവനയേയും അദ്ദേഹം വിമർശിച്ചു. അക്കങ്ങൾ കൊണ്ട് ജനങ്ങളെ വിഭജിക്കരുതെന്നായിരുന്നു റാവുത്തിന്റെ പ്രതികരണം.

പൗരത്വ ഭേദഗതി നിയമം മുസ് ലിംകൾക്ക് മാത്രമല്ല ഹിന്ദുക്കൾക്കും എതിരാണെന്നു പറഞ്ഞ റാവുത്ത്, എൻ.ആർ.സിയുമായി യോജിപ്പിക്കുമ്പോൾ 30 ശതമാനം ഹിന്ദുക്കൾക്ക് പൗരത്വം നഷ്ടമാകുമെന്നും അഭിപ്രായപ്പെട്ടു.

Next Story
Read More >>