മഹാരാഷ്ട്രയിൽ മന്ത്രിമാർക്ക് വകുപ്പുകളായി; ആഭ്യന്തരം ശിവസേനയ്ക്ക്, ഉപമുഖ്യമന്ത്രി പദത്തിൽ തീരുമാനമായില്ല

നവംബർ 28നാണ് ഉദ്ധവ് താക്കറെ സർക്കാർ ആറ് മന്ത്രിമാർക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്

മഹാരാഷ്ട്രയിൽ മന്ത്രിമാർക്ക് വകുപ്പുകളായി; ആഭ്യന്തരം ശിവസേനയ്ക്ക്, ഉപമുഖ്യമന്ത്രി പദത്തിൽ തീരുമാനമായില്ല

മുംബൈ: രണ്ടാഴ്ച നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ മഹാരാഷ്ട്ര മന്ത്രിസഭയിലെ വകുപ്പുകളിൽ തീരുമാനമായി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മന്ത്രിമാർക്ക് വകുപ്പുകൾ വീതിച്ചു നൽകി. മഹാരാഷ്ട്രാ നിയമസഭയുടെ ശൈത്യകാല സമ്മേളനം അടുത്തയാഴ്ച തുടങ്ങാനിരിക്കെയാണ് നീക്കം. മുഖ്യമന്ത്രി പദത്തിന് പുറമെ ആഭ്യന്തര വകുപ്പും ശിവസേനയ്ക്കാണ്. ധനകാര്യം എൻ.സി.പിക്കും റെവന്യൂ, ഊർജം എന്നിവ കോൺഗ്രസിനും ലഭിക്കും.

ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെയായിരിക്കും ആഭ്യന്തര മന്ത്രിയാവുക. സുപ്രധാന വകുപ്പുകളായ നഗര വികസനം, വനം - പരിസ്ഥിതി, ജലവിതരണം, പാർലമെന്ററികാര്യം എന്നീ വകുപ്പുകളുടെ ചുമതലയും അദ്ദേഹത്തിനാവും. വ്യവസായം, ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സ്പോർട്സ്, യുവജനക്ഷേമം, കൃഷി, ഗതാഗതം, തൊഴിലുറപ്പ് എന്നീ മന്ത്രാലയങ്ങളുടെ ചുമതല ശിവസേനയിലെ സുഭാഷ് ദേശായിക്കാവും.

എൻ.സി.പി നേതാവ് ജയന്ത് പാട്ടീലാവും മഹാരാഷ്ട്രയിലെ ധനമന്ത്രി. ഭവന നിർമ്മാണം, ആരോഗ്യം, തൊഴിൽ, ന്യൂനപക്ഷ ക്ഷേമം എന്നിവയുടെ ചുമതലയും അദ്ദേഹത്തിനുണ്ടാവും. എൻ.സി.പി എം.എൽ.എ ഛഗൻ ഭുജ്ബൽ നഗര വികസനം, ജലവിഭവം, സാമൂഹ്യക്ഷേമം, ഭക്ഷ്യവകുപ്പ് എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യും.

കോൺഗ്രസ് നേതാവ് ബാലസാഹെബ് തോറാട്ടാവും റെവന്യൂമന്ത്രി. മെഡിക്കൽ വിദ്യാഭ്യാസം, സ്‌കൂൾ വിദ്യാഭ്യാസം, മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ് എന്നീ വകുപ്പുകളും അദ്ദേഹമായിരിക്കും കൈകാര്യം ചെയ്യുക. പൊതുമരാമത്ത്, ഗോത്രവർഗ ക്ഷേമം, വനിതാ - ശിശുവികസനം, ടെക്സ്റ്റൈൽസ്, പിന്നാക്ക ക്ഷേമം എന്നീ വകുപ്പുകളുടെ ചുമതല കോൺഗ്രസിലെ നിതിൻ റാവുത്തിനായിരിക്കും നൽകുക.

നവംബർ 28നാണ് ഉദ്ധവ് താക്കറെ സർക്കാർ ആറ് മന്ത്രിമാർക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം ശിവസേന സഖ്യത്തിൽ അനിശ്ചിതത്ത്വം നിലനിൽക്കുകയായിരുന്നു. ഏറെ നാളത്തെ ചർച്ചകൾക്കൊടുവിലാണ് മന്ത്രിസ്ഥാനങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിരിക്കുന്നത്. എന്നാല്‍, ഉപമുഖ്യമന്ത്രി പദത്തില്‍ ഇതുവരെ പ്രഖ്യാപനമുണ്ടായിട്ടില്ല. എന്‍.സി.പി എം.എല്‍.എ അജിത് പവാറാകും ഉപമുഖ്യമന്ത്രിയെന്നാണ് സൂചനയെങ്കിലും നേതാക്കളുടെ ഭാഗത്തുനിന്ന് പ്രഖ്യാപനമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ഉപമുഖ്യമന്ത്രിയായി കാണണമെന്ന് ആഗ്രഹിക്കുന്നതായി അജിത് പവാര്‍ പറഞ്ഞിരുന്നു.

Read More >>