ന്യായിൽ കോൺഗ്രസ് പ്രചാരണം നടത്തേണ്ടതിപ്പോൾ; ഹിന്ദുത്വ അജണ്ടകൾക്ക് മറുപടി ജനക്ഷേമ പദ്ധതികൾ

ഇപ്പോഴത്തെ അവസ്ഥയില്‍ മോദി സര്‍ക്കാരാണ് അജണ്ട നിശ്ചയിക്കുന്നത്, പ്രതിപക്ഷം അതിനോട് പ്രതികരിക്കുക മാത്രമാണ് ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് കാശ്മീരും അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവും മാത്രം ചര്‍ച്ചയിലേക്ക് ഒതുങ്ങുന്നത്. ഇത്തരം അജണ്ടകളുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുമ്പോള്‍ അതിന്റെ നേട്ടം ഭരിക്കുന്നവര്‍ക്ക് മാത്രമാണുള്ളതെന്ന് പ്രതിപക്ഷം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ന്യായിൽ കോൺഗ്രസ് പ്രചാരണം നടത്തേണ്ടതിപ്പോൾ; ഹിന്ദുത്വ അജണ്ടകൾക്ക് മറുപടി ജനക്ഷേമ പദ്ധതികൾ

2019ലെ ലോകസ്ഭാ തെരഞ്ഞെടുപ്പിന് മുന്നെ കോണ്‍ഗ്രസ് മുന്നോട്ടുവെച്ച പദ്ധതിയാണ് ന്യായ് അഥവാ ന്യൂനതം ആയ് യോജന. അഞ്ചു കോടി കുടുംബങ്ങളിലെ 25 കോടി പേരെ ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സ്വപ്ന പദ്ധതി രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. ധനികരുടെ ഇന്ത്യ സൃഷ്ടിക്കാൻ മോദി ശ്രമിക്കുമ്പോഴാണ് ദാരിദ്ര്യത്തിന് എതിരായ കോൺ​ഗ്രസിന്റെ യുദ്ധമെന്നും ഒരുമാസം അടിസ്ഥാന വരുമാനമായ 12,000 രൂപ എല്ലാ കുടുംബങ്ങൾക്കും ഉറപ്പാക്കുമെന്നും രാഹുൽ പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതോടെ പദ്ധതിയും വിസ്മരിക്കപ്പെട്ടു. പദ്ധതി ജനങ്ങളിലെത്തിക്കുന്നതില്‍ കോണ്‍ഗ്രസിന്റെ പരാജയവും തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. അതേസമയം 2017 തൊട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ നടത്തിയ 'ന്യൂ ഇന്‍ഡ്യ 2022' ക്യാമ്പേന് വലിയ പ്രചാരണവും ലഭിച്ചുവെന്നും ഇക്കൂട്ടർ കണക്കുകൂട്ടുന്നു. മാസം 6000 രൂപയാണ് എൻഡിഎ സഖ്യം വാ​ഗ്ദാനം ചെയ്തിരുന്നത്.

എന്നാല്‍ 1991ന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജോലിയും മറ്റു വരിമാന മാര്‍ഗങ്ങളും ഇല്ലാതാവുകയും ചെയ്തു. അവശ്യ സാധന-സേവനങ്ങള്‍ വാങ്ങാന്‍ പോലും ആളുകളുടെ കയ്യില്‍ പണമില്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തമാണെന്ന് പ്രധാനമന്ത്രിയും ധനമന്ത്രിയും വാദിക്കുമ്പോള്‍ കണക്കുകള്‍ കാട്ടിത്തരുന്നത് മറ്റൊന്നാണ്. ലോക ബാങ്ക് അടക്കമുള്ളവരുടെ മുന്നറിയിപ്പും നമുക്ക് മുന്നിലുണ്ട്.

യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് തങ്ങളുടെ 'ന്യൂനതം ആയ് യോജന'യുടെ പ്രചാരണം ഇപ്പോള്‍ തന്നെ ഉയര്‍ത്തിക്കൊണ്ടു വരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കു കൂട്ടുന്നത്. പദ്ധതി വീണ്ടും ഉര്‍ത്തുന്നതിലൂടെ മോദി സര്‍ക്കാറിനെതിരെ പ്രതിപക്ഷത്തിന് ഒരു അജണ്ടയൊരുക്കാന്‍ കഴിയുമെന്നാണ് ഇക്കൂട്ടരുടെ വാദം. ഇപ്പോഴത്തെ അവസ്ഥയില്‍ മോദി സര്‍ക്കാരാണ് അജണ്ട നിശ്ചയിക്കുന്നത്, പ്രതിപക്ഷം അതിനോട് പ്രതികരിക്കുക മാത്രമാണ് ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് കാശ്മീരും അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവും മാത്രം ചര്‍ച്ചയിലേക്ക് ഒതുങ്ങുന്നത്. ഇത്തരം അജണ്ടകളുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുമ്പോള്‍ അതിന്റെ നേട്ടം ഭരിക്കുന്നവര്‍ക്ക് മാത്രമാണുള്ളതെന്ന് പ്രതിപക്ഷം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

കൃത്യമായ അജണ്ടയില്ലാതെയാണ് ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിട്ടത്. എന്നാല്‍ ബിജെപിയാകട്ടെ തങ്ങളുടെ തന്ത്രങ്ങള്‍ ശരിയായ രീതിയില്‍ നടപ്പാക്കുകയും ചെയ്തു. അയോദ്ധ്യയും കാശ്മീരും ഇരു സംസ്ഥാനങ്ങളുടേയും മണ്ണിൽ ബിജെപിക്ക് വലിയ വോട്ടുബാങ്കുകൾ തീർത്തുവെന്നു തന്നെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടു തന്നെ ന്യായ് പദ്ധതിക്ക് വേണ്ടി പ്രചാരണം നടത്തി സർക്കാറിനെതിരെയുള്ള പ്രവർത്തനങ്ങൾക്ക് കോൺ​ഗ്രസ് നേതൃത്വം നൽകേണ്ടതുണ്ട്.

പലകാരണങ്ങളാ‍ൽ ചിതറിക്കിടക്കുന്ന പ്രതിപക്ഷ പാർട്ടികൾക്ക് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ തിരിച്ചു വരാന്‍ ഇനിയും സമയമുണ്ട്. എന്നാൽ സംഘപരിവാറിൻെറ ഹിന്ദുത്വ അജണ്ടകൾക്ക് മറുപടി നൽകേണ്ടത് ജനക്ഷേമമുയർത്തിക്കൊണ്ടാവണം. കോണ്‍ഗ്രസിന്റെ സ്വപ്‌ന പദ്ധതി ജനങ്ങള്‍ തിരസ്‌ക്കരിച്ചതാണെന്നാണ് സംഘപരിവാറുകാര്‍ പറയുന്നത്. എന്നാല്‍ തങ്ങളുടെ പദ്ധതി ജനങ്ങളിലേക്കെത്തിക്കാന്‍ നടത്തിയ ശ്രമങ്ങൾ എത്രത്തോളം ഫലപ്രദമായെന്ന് കോണ്‍ഗ്രസ് സ്വയം വിലയിരുത്തേണ്ടിയിരിക്കുന്നു. അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് വേണ്ടിയാണ് പ്രതിപക്ഷം തങ്ങളുടെ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കേണ്ടത്. അല്ലാതെ മോദി സര്‍ക്കാറിന്റെ അജണ്ടയില്‍ വീണ് വോട്ടുബാങ്കുകള്‍ തീര്‍ക്കുകയല്ല. കാശ്മീരും പൗരത്വ പട്ടികയും രാമക്ഷേത്രവും ചര്‍ച്ചയില്‍ നിന്നുമാറ്റണമെന്നല്ല. അജണ്ടകള്‍ തങ്ങള്‍ നിര്‍മ്മിക്കേണ്ടതാണെന്ന് പ്രതിപക്ഷം മനസ്സിലാക്കേണ്ടതുണ്ട്.

Read More >>