ദേവീന്ദർ സിങ്ങിന്റെ കേസ് എൻ.ഐ.എയ്ക്ക് കൈമാറിയത് സത്യം പുറത്തുവരാതിരിക്കാൻ; അന്വേഷണ ഏജൻസിയുടെ മേധാവി മറ്റൊരു മോദിയാണ്- രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ജനുവരി പതിനൊന്നിനാണ് ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദികളായ നവീദ് ബാബു, ആസിഫ് മുഹമ്മദ് എന്നിർക്കൊപ്പം ദേവീന്ദറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്

ദേവീന്ദർ സിങ്ങിന്റെ കേസ് എൻ.ഐ.എയ്ക്ക് കൈമാറിയത് സത്യം പുറത്തുവരാതിരിക്കാൻ; അന്വേഷണ ഏജൻസിയുടെ മേധാവി മറ്റൊരു മോദിയാണ്- രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: ജമ്മു-കശ്മീർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദേവീന്ദർ സിങ്ങിന്റെ കേസ് എൻ.ഐ.എയ്ക്ക് കൈമാറിയത് സത്യം പുറത്തുവരാതിരിക്കാനാണെന്ന് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എം.പി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ' തീവ്രവാദിയായ ഡി.എസ്.പി ദേവീന്ദറിനെ നിശബ്ദനാക്കാൻ ഏറ്റവും നല്ല മാർഗം കേസ് എൻ.ഐ.എയ്ക്ക് കൈമാറുകയാണ്. എൻ.ഐ.എയെ ഭരിക്കുന്നത് മറ്റൊരു മോദിയാണ്- ഗുജറാത്ത് കലാപം, ഹിരൺ പാണ്ഡ്യ വധക്കേസ് എന്നിവയുടെ അന്വേഷണത്തിന് മേൽനോട്ടം വഹിച്ച വൈ.സി മോദിയാണ് എൻ.ഐ.എയുടെ മേധാവി. വൈ.സിയുടെ മേൽനോട്ടത്തിലാണെങ്കിൽ ഈ കേസ് തേഞ്ഞുമാഞ്ഞുപോയതിന് തുല്യമാണ്.'-രാഹുൽ ട്വീറ്റ് ചെയ്തു. ആർക്കാണ് തീവ്രവാദി ദേവീന്ദറിനെ നിശബ്ദനാക്കേണ്ടതെന്നും എന്തിനു വേണ്ടിയാണെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, 2002ലെ ഗുജറാത്ത് കലാപത്തിലെ ഗുൽബർഗ കൂട്ടക്കൊലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് (അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി) ക്ലീൻ ചിറ്റ് നൽകിയ ഉദ്യോഗസ്ഥനാണ് വൈ.സി ത്യാഗി. ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിസ്ഥാനത്തുണ്ടായിരുന്ന ഹിരൺ പാണ്ഡ്യ വധക്കേസിൽ ഷാക്ക് ക്ലീൻചിറ്റ് നൽകിയതും ഇയാളായിരുന്നു. ഗുൽബർഗ കൂട്ടക്കൊലയിൽ കോൺഗ്രസ് മുൻ എം.പി ഇഹ്സാൻ ജാഫ്രി അടക്കം അമ്പതിലേറെ പേരാണ് കൊല്ലപ്പെട്ടത്.

ജനുവരി പതിനൊന്നിനാണ് ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദികളായ നവീദ് ബാബു, ആസിഫ് മുഹമ്മദ് എന്നിർക്കൊപ്പം ദേവീന്ദറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. കശ്മീരിൽ നിന്ന് ഡൽഹിയിലേക്ക് ഇവരെ കടത്താൻ സഹായിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ തെരച്ചിലിൽ ആയുധങ്ങളും പണവും കണ്ടെടുത്തിരുന്നു. ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

അതിനിടെ, 2001ലെ പാർലമെന്റ് ആക്രമണക്കേസിലും ദേവീന്ദറിന് പങ്കുണ്ടോ എന്നന്വേഷിക്കുമെന്ന് കശ്മീർ ഡി.ജി.പി ദിൽബാഗ് സിങ് പറഞ്ഞു.

ദേവിന്ദർ സിങ് ഭീകരരെ താമസിപ്പിച്ചത് സ്വന്തം വീട്ടിലാണെന്ന് കണ്ടെത്തിയിരുന്നു. ശ്രീനഗറിലെ സൈനിക കേന്ദ്രത്തോട് അടുത്തു നിൽക്കുന്ന വീടാണ് ദേവിന്ദറിന്റേത്. ശ്രീനഗറിലെ ഏറ്റവും സുരക്ഷിത സ്ഥലങ്ങളിൽ ഒന്നായി അറിയപ്പെടുന്ന ഇന്ദിരാ നഗറിലാണ് ഈ വീടുള്ളത്. വീടിന്റെ മതിലിന് അപ്പുറമാണ് 15 കോർപ്സിന്റെ ആസ്ഥാനം. എന്നാൽ അഞ്ചു വർഷമായി വാടക വീട്ടിലാണ് ദേവിന്ദറിന്റെ താമസം. ഈ വീട്ടിൽ നിന്ന് പൊലീസ് സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്.

Next Story
Read More >>