തീവ്രവാദികള്‍ എല്ലാ മതങ്ങളിലുമുണ്ട്: കമല്‍ ഹാസന്‍

ഓരോ മതത്തിലും തീവ്രവാദികള്‍ ഉണ്ടായിരുന്നെന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ടെന്നും കമല്‍ ഹാസന്‍

തീവ്രവാദികള്‍ എല്ലാ മതങ്ങളിലുമുണ്ട്: കമല്‍ ഹാസന്‍

തീവ്രവാദികള്‍ എല്ലാ മതങ്ങളിലും ധാരാളമുണ്ടെന്നും വിശുദ്ധരായി അവകാശപ്പെടാന്‍ ആര്‍ക്കും സാധിക്കില്ലെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി.

നാഥുറാം വിനായക് ഗോഡ്‌സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദിയെന്നായിരുന്നു തമിഴ്‌നാട് അരവാക്കുറിച്ചിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കമല്‍ ഹാസന്‍ ആരോപിച്ചത്. ഇതിന്റെ അലയൊലികള്‍ അടങ്ങും മുമ്പാണ് മക്കള്‍ നീതി മയ്യം നേതാവ് കൂടിയായി കമല്‍ ഹാസന്റെ പുതിയ പ്രസ്താവന.

'ഓരോ മതത്തിലും തീവ്രവാദികളുണ്ട്. ഞങ്ങള്‍ വിശുദ്ധരാണെന്നും പുണ്യവാന്‍മാരാണെന്നും ഞങ്ങള്‍ അവകാശപ്പെടുന്നില്ല. ഓരോ മതത്തിലും തീവ്രവാദികള്‍ ഉണ്ടായിരുന്നെന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്'- കമല്‍ഹാസന്‍ പറഞ്ഞു.

ഗോഡ്‌സെക്കെതിരായ പ്രസ്താവനയ്ക്കു പിന്നാലെ തമിഴ്‌നാട്ടിലെ തിരുപ്പറകുന്ദ്രം നിയമസഭാ സീറ്റിലെ ഉപതിരഞ്ഞെടുപ്പു പര്യടനത്തിനിടെ ചിലര്‍ കമല്‍ ഹാസനെതിരെ ചെരുപ്പ് എറിഞ്ഞു. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരുള്‍പ്പെടെ 11 പേര്‍ക്കെതിരെ മധുര പൊലീസ് കേസെടുത്തു. കല്ലേറിനും ചെരുപ്പേറിനും ഒന്നും തന്നെ വിരട്ടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധിച്ച ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നടനെതിരെ പരാതികള്‍ നല്‍കിയിട്ടുണ്ട്. പ്രസംഗത്തിനെതിരെ തനിക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമല്‍ ഹാസന്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇത് ഉടന്‍ പരിഗണിക്കാനാകില്ലെന്നായിരുന്നു കോടതി നിലപാട്. കമലിനെതിരായ ഹര്‍ജി ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളി.

Read More >>