മോദിയെ ശിവജിയുമായി താരതമ്യം ചെയ്യുന്നത് ഇഷ്ടപ്പെടുന്നുണ്ടോയെന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ വ്യക്തമാക്കണം: സഞ്ജയ് റാവത്ത്

'ആജ് കെ ശിവജി: നരേന്ദ്ര മോദി' എന്ന പുസ്തകത്തിനെതിരെയാണ് റാവത്ത് രംഗത്തെത്തിയത്.

മോദിയെ ശിവജിയുമായി താരതമ്യം ചെയ്യുന്നത് ഇഷ്ടപ്പെടുന്നുണ്ടോയെന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ വ്യക്തമാക്കണം: സഞ്ജയ് റാവത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശിവജിയുമായി താരതമ്യം ചെയ്തുകൊണ്ടുള്ള ബിജെപി നേതാവ് ജയ് ഭഗവാന്‍ ഗോയലിന്റെ പുസ്തകത്തിനെതിരെ ശിവസേന എംപി സഞ്ജയ് റാവത്ത്. 'ആജ് കെ ശിവാജി: നരേന്ദ്ര മോദി' എന്ന പുസ്തകത്തിനെതിരെയാണ് റാവത്ത് രംഗത്തെത്തിയത്.

ശിവജിയുടെ പിന്‍ഗാമിയായ ബിജെപി രാജ്യ സഭാ എംപി സാംബാജി രാജെയെ ഉന്നംവെച്ചുകൊണ്ടുള്ളതായിരുന്നു തിങ്കളാഴ്ച റാവത്ത് നടത്തിയ പ്രസ്താവന. 'ഛത്രപതി ശിവജിയുമായി മോദിയെ താരതമ്യം ചെയ്തത് ഇഷ്ടപ്പെടുന്നുണ്ടോയെന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ വ്യക്തമാക്കണമെന്നും അവര്‍ ബിജെപി വിടണമെന്നും' റാവത്ത് പറഞ്ഞു.

അതേസമയം എത്രയും പെട്ടെന്നു തന്നെ പുസ്തകം നിരോധിക്കണമെന്ന് സാംബാജി രാജെ കഴിഞ്ഞ ദിവസം ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നു. ബിജെപിയുടെ ഡല്‍ഹി ഓഫീസാണ് പ്രസ്തുത പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്ര സർക്കാറിന് നേതൃത്വം നൽകുന്ന കേൺ​ഗ്രസും എൻസിപിയും ശിവസേനയും പുസ്തകത്തെ വിമർശിച്ച് രം​ഗത്തെത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഛത്രപതി ശിവജിയുമായി താരതമ്യം ചെയ്യുന്ന പുസ്തകം ഒരു വിഭാ​ഗം ജനങ്ങളുടെ വികാരത്തെ വൃണപ്പെടുത്തുന്നതാണെന്ന് കാണിച്ച് മഹാരാഷ്ട്ര കോൺഗ്രസ് വക്താവ് അതുൽ ലോന്ധെ ഞായറാഴ്ച നാഗ്പൂർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.

Next Story
Read More >>