ക്ഷേത്ര നിർമ്മാണത്തിനു വേണ്ടി ട്രസ്റ്റ് രൂപീകരിക്കാമെങ്കിൽ എന്തുകൊണ്ട് പള്ളിക്കു വേണ്ടി ആയിക്കൂടാ? അയോദ്ധ്യയിൽ പള്ളി പണിയാൻ ട്രസ്റ്റ് രൂപീകരിക്കണെന്നാവശ്യപ്പെട്ട് ശരദ് പവാർ

അയോദ്ധ്യ തർക്ക ഭൂമി കേസ് തീർപ്പാക്കിയ സുപ്രിം കോടതി രാമക്ഷേത്ര നിർമ്മാണത്തിനായി ട്രസ്റ്റ് രൂപീകരിക്കണമെന്നും ഉത്തരവിട്ടിരുന്നു

ക്ഷേത്ര നിർമ്മാണത്തിനു വേണ്ടി ട്രസ്റ്റ് രൂപീകരിക്കാമെങ്കിൽ എന്തുകൊണ്ട് പള്ളിക്കു വേണ്ടി ആയിക്കൂടാ? അയോദ്ധ്യയിൽ പള്ളി പണിയാൻ ട്രസ്റ്റ് രൂപീകരിക്കണെന്നാവശ്യപ്പെട്ട് ശരദ് പവാർ

ലഖ്‌നൗ: അയോദ്ധ്യയിൽ പള്ളി പണിയാൻ കേന്ദ്ര സർക്കാർ ഫണ്ട് നൽകണമെന്നാവശ്യപ്പെട്ട് എൻ.സി.പി പ്രസിഡന്റ് ശരദ് പവാർ. സാമുദായ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. ക്ഷേത്ര നിർമ്മാണത്തിനു വേണ്ടി ഒരു ട്രസ്റ്റ് രൂപീകരിക്കാൻ കഴിയുമെങ്കിൽ പിന്നെ എന്തുകൊണ്ടാണ് പള്ളി നിർമ്മിക്കാൻ മറ്റൊരു ട്രസ്റ്റിനു രൂപം നൽകി ധനസഹായം നൽകാൻ സാധിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

ബുധനാഴ്ച ലഖ്‌നൗവിൽ നടന്ന എൻ.സി.പി സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ ബജറ്റിൽ കർഷകർക്കായി ഒരു സഹായവുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

"യുവാക്കൾക്കായി സർക്കാർ പ്രതിമാസ തുക പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് അവരിൽ എത്തുമോ ഇല്ലയോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഈ സമയത്ത് ഏറ്റവും ആവശ്യം യുവാക്കൾക്ക് തൊഴിൽ നൽകുക എന്നതാണ്. യു.പിയിൽ അവസരങ്ങൾ ഇല്ലാത്തതുകൊണ്ട് യുവാക്കൾ മുംബൈ പോലുള്ള നഗരങ്ങളിലേക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി ചേക്കേറുകയാണ്"- ശരദ് പവാർ പറഞ്ഞു. സംസ്ഥാനത്തും രാജ്യത്തും മാറ്റങ്ങൾ കൊണ്ടുവരാൻ എൻ.പി.സി പ്രവർത്തർ ശ്രമിക്കണമെന്നും അദ്ദേഹം സമ്മേളനത്തിൽ പറഞ്ഞു.

അയോദ്ധ്യ തർക്ക ഭൂമി കേസ് തീർപ്പാക്കിയ സുപ്രിം കോടതി രാമക്ഷേത്ര നിർമ്മാണത്തിനായി ട്രസ്റ്റ് രൂപീകരിക്കണമെന്നും ഉത്തരവിട്ടിരുന്നു. ഇതിനെത്തുടർന്ന് അയോദ്ധ്യയിൽ രാമക്ഷേത്രം രൂപീകരിക്കുന്നതിനായി കേന്ദ്രസർക്കാർ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര എന്ന പേരിലാണ് ട്രസ്റ്റ് രൂപീകരിച്ചത്.ട്രസ്റ്റ് രൂപീകരിക്കുന്ന കാര്യം ലോക്സഭയിൽ നരേന്ദ്രമോദിയാണ് പ്രഖ്യാപിച്ചത്. ഫെബ്രുവരി അഞ്ചിന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.ട്രസ്റ്റിന്റെ ട്രസ്റ്റിയായി മുൻ അറ്റോർണി ജനറലും അയോദ്ധ്യകേസിലെ ഹിന്ദു ഭാഗത്തിന്റെ അഭിഭാഷകനുമായിരുന്ന കെ.പരസരനെയാണ് നിയമിച്ചത്.

Next Story
Read More >>