രാജ്യസഭയിലെ പ്രശംസയ്ക്ക് പിന്നാലെ മോദി-പവാർ കൂടിക്കാഴ്ച ഇന്ന്; വിഷയം 'മഹാരാഷ്ട്രയിലെ കർഷകർ'

ശിവസേനയുമായി ചേർന്ന് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കാൻ കോൺഗ്രസും എൻ.സി.പിയും ഇന്ന് വൈകുന്നേരം യോഗം ചേരുന്നുണ്ട്

രാജ്യസഭയിലെ പ്രശംസയ്ക്ക് പിന്നാലെ മോദി-പവാർ കൂടിക്കാഴ്ച ഇന്ന്; വിഷയം

ന്യൂഡൽഹി: എൻ.സി.പി നേതാവ് ശരദ് പവാറും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള കൂടുക്കാഴ്ച ഇന്ന്. പവാറിനേയും എൻ.സി.പിയേയും മുക്തകണ്ഠം പ്രശംസിച്ച് രാജ്യസഭയിൽ പ്രസംഗം നടത്തി രണ്ട് ദിവസത്തിന് ശേഷമാണ് മോദി പവാറിനെ കാണുന്നത്. രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയിലെ കർഷക പ്രതിസന്ധിയാണ് ഇരുവരുടേയും കൂടിക്കാഴ്ചയിലെ വിഷയം. ഉച്ചയ്ക്ക് ശേഷം പാർലമെന്റിലാണ് ഇരുവരുടേയും കൂടിക്കാഴ്ച. മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരിക്കുന്നതിന് ശരദ് പവാറിന്റെ എൻ.സി.പി മുന്നിട്ടിറങ്ങുന്നതിനിടെയാണ് മോദിയുമായുള്ള കൂടിക്കാഴ്ചയെന്നതാണ് ശ്രദ്ധേയം.

നേരത്തേ, പവാറിന്റെ നാഷണലിസ്റ്റ് പാർട്ടി(എൻ.സി.പി)യെ മുക്തകണ്ഠം പ്രശംസിച്ച് മോദി രാജ്യസഭയിൽ പ്രസംഗം നടത്തിയിരുന്നു.സഭയിലെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച പാർട്ടികൾക്കെതിരെ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. 'ഇന്ന് രണ്ട് പാർട്ടികളെ ഞാൻ അഭിനന്ദിക്കുന്നു. എൻ.സി.പിയെയും ബി.ജെ.ഡിയെയും. ഈ കക്ഷികൾ കർശനമായി പാർലമെന്ററി ചടങ്ങൾ പാലിക്കുന്നു. അവർ നടുത്തളത്തിലേക്ക് പോകുന്നില്ല. അവർ അവരുടെ കാര്യങ്ങൾ ഫലപ്രദമായി ഉന്നയിക്കുന്നുണ്ട്. മറ്റു പാർട്ടികൾ, എന്റെ പാർട്ടി അടക്കം അവരിൽ നിന്ന് പഠിക്കേണ്ടതുണ്ട്' - എന്നായിരുന്നു മോദിയുടെ പ്രസ്താവന.

അതേസമയം, ശിവസേനയുമായി ചേർന്ന് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കാൻ കോൺഗ്രസും എൻ.സി.പിയും ഇന്ന് വൈകുന്നേരം യോഗം ചേരുന്നുണ്ട്. ശിവസേനയുമായി ചേർന്ന് സർക്കാർ രൂപീകരിക്കുന്നതിനുള്ള അവസാന തീരുമാനം ഇന്നത്തെ യോഗത്തിൽ ഉണ്ടായേക്കുമെന്നാണ് സൂചന. കോൺഗ്രസിന്റേയും എൻ.സി.പിയുടേയും മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. സാദ്ധ്യമായ സഖ്യവും പൊതുമിനിമം പരിപാടിയും യോഗത്തിൽ ചർച്ചയാകും. സാദ്ധ്യമായ സഖ്യത്തെക്കുറിച്ച് ചർച്ച നടത്താൻ കോൺഗ്രസും എൻ.സി.പിയും ഇരുപക്ഷത്തെയും നേതാക്കളെ നിയോഗിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയായിരുന്നു യോഗം തീരുമാനിച്ചിരുന്നത്. എന്നാൽ, ഇന്ദിരാ ഗാന്ധിയുടെ ജന്മദിനമായതിനാൽ യോഗം ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

അധികാരത്തിൽ തുല്യ പങ്കാളിത്തത്തിനൊപ്പം മുഖ്യമന്ത്രി പദം പങ്കിടണമെന്നതാണ് ബി.ജെ.പിക്ക് മുമ്പിൽ ശിവസേന ഉന്നയിച്ച ആവശ്യം. ഇത് ബി.ജെ.പി അംഗീകരിക്കാത്തതിനെത്തുടർന്നാണ് ശിവസേന സഖ്യമുപേക്ഷിച്ചത്. രാഷ്ട്രീയ എതിരാളികളായിരുന്ന കോൺഗ്രസിന്റേയും എൻ.സി.പിയുടേയും സഹായത്തോടെ സർക്കാർ രൂപവത്കരിക്കാനാകുമെന്ന വിശ്വാസത്തിലാണ് ശിവസേന. എന്നാൽ, കോൺഗ്രസും എൻ.സി.പിയും ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.

ഒക്ടോബർ 21 മഹാരാഷ്ട്രയിൽ 288 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യഥാക്രമം 105, 56 സീറ്റുകൾ ബി.ജെ.പി-ശിവസേന സഖ്യം നേടി. വോട്ടെടുപ്പിന് മുമ്പുള്ള സഖ്യകക്ഷികളായ കോൺഗ്രസും എൻ.സി.പിയും യഥാക്രമം 44, 54 സീറ്റുകൾ നേടി.

Read More >>