എന്തിനാണ് കഴിഞ്ഞ അഞ്ചുവർഷമായി ജെ.എൻ.യുവിനെ നിരന്തരം ലക്ഷ്യം വയ്ക്കുന്നത്? വിദ്യാർത്ഥികൾ ആക്രമിക്കപ്പെടുമ്പോൾ മോദി സി.എ.എ നടപ്പാക്കുന്ന തിരക്കിലാണ്; രൂക്ഷ വിമർശനവുമായി സഞജയ് റാവുത്ത്

ജെ.എൻ.യു സർവകലാശാലയിലെ വിദ്യാർത്ഥികൾക്കു നേരെയുണ്ടായ ആക്രമണത്തെ മുംബൈ ഭീകരാക്രമണത്തോടാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉപമിച്ചത്

എന്തിനാണ് കഴിഞ്ഞ അഞ്ചുവർഷമായി ജെ.എൻ.യുവിനെ നിരന്തരം ലക്ഷ്യം വയ്ക്കുന്നത്? വിദ്യാർത്ഥികൾ ആക്രമിക്കപ്പെടുമ്പോൾ മോദി സി.എ.എ നടപ്പാക്കുന്ന തിരക്കിലാണ്; രൂക്ഷ വിമർശനവുമായി സഞജയ് റാവുത്ത്

മുംബൈ: ജെ.എൻ.യു സർവകലാശാലയിലെ ഇന്നലെയുണ്ടായ അക്രമ സംഭവങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. സംഭവത്തിൽ കേന്ദ്രത്തെ കടന്നാക്രമിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും മന്ത്രി ആദിത്യ താക്കറെയും എത്തിയതിന് പിന്നാലെയാണ് റാവുത്തിന്റെ പ്രതികരണം. ജെ.എൻ.യുവിൽ നടന്നത് നിയമവിരുദ്ധ പ്രവർത്തനമാണെന്ന് അദ്ദേഹം പറഞ്ഞു.

' സ്വന്തം രാജ്യത്ത് വിദ്യാർത്ഥികൾ അരക്ഷിതത്വം നേരിടുമ്പോൾ സർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള തിരക്കിലാണ്. രാജ്യ തലസ്ഥാനത്ത് ചിലപ്പോഴൊക്കെ പൊലീസ് സർവകലാശാലയിൽ പ്രവേശിക്കുകയും വെടിവയ്ക്കുകയും ചെയ്യുന്നു. ചിലസമയങ്ങളിൽ മുഖംമൂടി ധരിച്ചവർ വന്ന് സർവകലാശാലയിലെ വിദ്യാർത്ഥികളെ ആക്രമിക്കുന്നു.'-റാവുത്ത് പറഞ്ഞു.

ജെ.എൻ.യു വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നേരെയുണ്ടായ അക്രമത്തെ അപലപിച്ച റാവുത്ത്, നിരവധി നൊബേൽ പുരസ്‌ക്കാര ജേതാക്കളേയും പണ്ഡിതരേയും സമ്മാനിച്ച ജെ.എൻ.യു എന്തുകൊണ്ടാണ് കഴിഞ്ഞ അഞ്ചു വർഷമായി നിരന്തരം ലക്ഷ്യം വയ്ക്കപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. എന്തിനാണ് ജെ.എൻ.യുവിൽ അക്രമം നടത്തിയതെന്നും ആരാണ് അതിന് പിന്നിലെന്നും കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ജെ.എൻ.യു സർവകലാശാലയിലെ വിദ്യാർത്ഥികൾക്കു നേരെയുണ്ടായ ആക്രമണത്തെ മുംബൈ ഭീകരാക്രമണത്തോടാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉപമിച്ചത്. സംഭവത്തിൽ പ്രതികളായവർക്കെതിരെ ഡൽഹി പൊലീസ് അടിയന്തരമായി നടപടിയെടുക്കണമെന്നും ഭീരുക്കളാണ് ഈ അക്രമം കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു.'യുവാക്കൾക്ക് ഭയവും ദേഷ്യവുമുണ്ട്. നമ്മുടെ യുവാക്കൾ ഭീരുക്കളല്ല. യുവാക്കളെ പ്രകോപിപ്പിക്കരുത്. പൊലീസ് നടപടിയെടുക്കുന്നില്ലെങ്കിൽ ആ പൊലീസിനെതിരെ ചോദ്യം ഉയരും.'- ഉദ്ധവ് താക്കറെ പറഞ്ഞു.

Next Story
Read More >>