രാമക്ഷേത്രത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ചവർക്കു അയോദ്ധ്യയിൽ സ്മാരകം പണിയണം; ആവശ്യവുമായി ശിവസേന

പാർട്ടി മുഖപത്രമായ സാംനമയിലെ എഡിറ്റോറിയലിലാണ് ശിവസേന ആവശ്യം മുന്നോട്ടു വച്ചിരിക്കുന്നത്

രാമക്ഷേത്രത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ചവർക്കു അയോദ്ധ്യയിൽ സ്മാരകം പണിയണം; ആവശ്യവുമായി ശിവസേന

മുംബൈ: രാമക്ഷേത്രത്തിനുവേണ്ടി ജീവൻ ബലിനൽകിയവർക്കുവേണ്ടി അയോദ്ധ്യയിൽ സ്മാരകം പണിയണമെന്നാവശ്യപ്പെട്ട് ശിവസേന രംഗത്ത്. പാർട്ടി മുഖപത്രമായ സാംനമയിലെ എഡിറ്റോറിയലിലാണ് ശിവസേന ആവശ്യം മുന്നോട്ടു വച്ചിരിക്കുന്നത്.

"രാം മന്ദിറിനായി പലരും രക്തസാക്ഷിത്വം വരിച്ചു. അമർ ജവാനെപ്പോലെ, ഈ രക്തസാക്ഷികളുടെ പേരുകളും അമർ ജവാൻ ജ്യോതിയുടെ അതേ രീതിയിൽ എഴുതണം. ഈ രക്തസാക്ഷികൾക്കായി, സരയുവിന്റെ തീരത്ത് ഒരു സ്മാരകം പണിയണം"- മുഖപ്രസംഗത്തിൽ ആവശ്യപ്പെട്ടു.

രാമക്ഷേത്രത്തിനായി പ്രവർത്തിച്ച ശിവസേനയിലേയും മറ്റു ഹിന്ദു സംഘടനകളിലേയും പ്രവർത്തകർക്കുവേണ്ടി ശ്രദ്ധാഞ്ജലിയർപ്പിക്കണം. സരയു നദീ തീരത്ത് നിരവധി പേർ രക്തസാക്ഷിത്വം വരിച്ചു. അവിടം രക്തം കൊണ്ടു നിറച്ചുവെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

അയോദ്ധ്യയിലെ ബാബരി മസ്ജിദ് കർസേവകർ തകർത്ത സംഭവത്തേയും മുഖപ്രസംഗത്തിൽ പരാമർശിക്കുന്നുണ്ട്. "ബാബരി ശവകുടീരത്തിൽ എത്തിയത് ശിവ സൈനികരായിരുന്നു. എന്നിരുന്നാലും, ഇതിൽ ശിവസേന രാഷ്ട്രീയ മുതലെടുപ്പു നടത്തിയിട്ടില്ല. പക്ഷേ, ഈ പ്രശ്‌നത്തിൽ രാഷ്ട്രീയക്കളികൾ നടന്നിട്ടുണ്ട്. സുപ്രിം കോടതി വിധി വന്നതിനു ശേഷം രാമക്ഷേത്ര നിർമ്മാണത്തിനുള്ള നടപടികൾ ശക്തമായി. ഒരു ട്രസ്റ്റ് രൂപീകരിക്കുകയും 2024ഓടെ ക്ഷേത്ര നിർമ്മാണം പൂർത്തിയാകുകയും ചെയ്യും. ഇത് ബി.ജെ.പിക്കു തീർച്ചയായും ഗുണം ചെയ്യും"- ശിവസേന പറയുന്നു.

ബി.ജെ.പിക്കെതിരെ വിമർശനമുന്നയിക്കാനും ശിവസേന മുഖപ്രസംഗത്തിൽ മറന്നിട്ടില്ല. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ പാകിസ്താനോ സർജിക്കൽ സ്‌ട്രൈക്കോ ഗുണം ചെയ്യില്ലെന്നും അതുകൊണ്ട് രാമക്ഷേത്രമായിരിക്കും ഏറ്റവും വലിയ പ്രചാര വിഷയമെന്നും ശിവസേന ആരോപിച്ചു.

"ട്രസ്റ്റിലെ കൂടുതൽ അംഗങ്ങളും ബി.ജെ.പിയുമായി വളരെ അടുത്തുനിൽക്കുന്നവരാണ്. പ്രധാനമന്ത്രി മോദി നടപടികൾ നിരീക്ഷിക്കും"- മുഖപ്രസംഗം പറയുന്നു. രാമക്ഷേത്രത്തിനുവേണ്ടിയുള്ള ഭൂമി പൂജ നടക്കുമ്പോൾ ബി.ജെ.പി മാത്രമല്ല, എല്ലാ പാർട്ടികൾക്കും ക്ഷണമുണ്ടായിരിക്കണം. ഇത് ഒരു പാർട്ടിയുടെ മാത്രമല്ല. രണ്ടു തവണ ശിവസേന അയോദ്ധ്യ സന്ദർശിച്ചിട്ടുണ്ട്. മാർച്ച് ഏഴിനു മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അയോദ്ധ്യ സന്ദർശിക്കുമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

Next Story
Read More >>