പ്രതിഷേധം ശക്തമായി; ഇന്ദിരാ ഗാന്ധിക്കെതിരായ പ്രസ്താവന പിൻവലിച്ച് റാവുത്ത്

പൂനെയിൽ ലോക്മാത് മീഡിയ ഗ്രൂപ്പുമായുള്ള അഭിമുഖത്തിനിടെയാണ് ഇന്ദിരാ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പ്രസ്താവന റാവുത്ത് നടത്തിയത്

പ്രതിഷേധം ശക്തമായി; ഇന്ദിരാ ഗാന്ധിക്കെതിരായ പ്രസ്താവന പിൻവലിച്ച് റാവുത്ത്

മുംബൈ: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്കെതിരായ പ്രസ്താവന പിൻവലിച്ച് ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. കോൺഗ്രസിൽ നിന്ന് പ്രതിഷേധം ശക്തമായതിനെത്തുടർന്നാണ് പ്രസ്താവന പിൻവലിച്ച് റാവുത്ത് രംഗത്തെത്തിയത്. തങ്ങളുടെ കോൺഗ്രസ് പ്രവർത്തകർ വിഷമിക്കേണ്ടതില്ലെന്ന് പറഞ്ഞാണ് റാവുത്ത് പ്രസ്താവന പിൻവലിച്ചത്. ' കോൺഗ്രസിൽ നിന്നുള്ള ഞങ്ങളഉടെ സുഹൃത്തുക്കൾക്ക് വിഷമം തോന്നേണ്ടതില്ല. എന്റെ പ്രസ്താവന ഇന്ദിരാ ഗാന്ധി ജിയുടെ പ്രതിച്ഛായയ്ക്ക് പോറലേൽപ്പിക്കുകയോ മറ്റാരെയെങ്കിലും വേദനിപ്പിക്കുകയോ ചെയ്‌തെങ്കിൽ ഞാൻ എന്റെ വാക്കുകൾ തിരിച്ചെടുക്കുന്നു.'-റാവുത്ത് പറഞ്ഞു.

പൂനെയിൽ ലോക്മാത് മീഡിയ ഗ്രൂപ്പുമായുള്ള അഭിമുഖത്തിനിടെയാണ് ഇന്ദിരാ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പ്രസ്താവന റാവുത്ത് നടത്തിയത്. അധോലോക കുറ്റവാളി കരീം ലാലയുമായി ഇന്ദിരാ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നായിരുന്നു റാവുത്തിന്റെ പ്രസ്താവന. ഇതിനെതിരെ കോൺഗ്രരസിന്റെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധമാണ് ഉയർന്നത്. റാവുത്ത് പ്രസ്താവന പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവ് മിലിന്ദ് ദിയോറ അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. ഇന്ദിരാ ഗാന്ധി തികഞ്ഞ രാജ്യസ്നേഹിയായിരുന്നുവെന്നും റാവുത്ത് പ്രസ്താവന പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ട്വീറ്റിലാണ് സഞ്ജയ് റാവുത്തിനെതിരെ മിലിന്ദ് ദിയോറ രംഗത്തെത്തിയത്. 'ഇന്ദിരാ ജി തികഞ്ഞ രാജ്യസ്നേഹിയായിരുന്നു. അവർ ഒരിക്കലും ദേശ സുരക്ഷയിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. സഞ്ജയ് റാവുത്ത് പ്രസ്താവന പിൻവലിക്കണമെന്ന് മുൻ കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിൽ ഞാൻ ആവശ്യപ്പെടുന്നു. അന്തരിച്ച പ്രധാനമന്ത്രിമാരുടെ പാരമ്പര്യത്തെ വളച്ചൊടിക്കുന്ന പ്രസ്താവന നടത്തുന്നതിൽ നിന്ന് രാഷ്ട്രീയ നേതാക്കൾ സംയമനം പാലിക്കണം.'-ദിയോറ ട്വീറ്റ് ചെയ്തു.

മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെ കൂടി പിന്തുണയോടെയാണ് ശിവസേന സർക്കാർ രൂപീകരിച്ചത്. ഈ സാഹചര്യത്തിൽ കോൺഗ്രസ് നേതാവുകൂടിയായിരുന്ന ഇന്ദിരാ ഗാന്ധിക്കെതിരെ പ്രസ്താവന നടത്തുന്നത് ശിവസേനയ്ക്ക് ഗുണം ചെയ്യില്ല. അതുകൊണ്ടാവണം പ്രതിഷേധമുയർന്നതിന് പിന്നാലെ റാവുത്ത് പ്രസ്താവന പിൻവലിച്ചത്.

Next Story
Read More >>