എൻ.സി.പി-ശിവസേന നേതാക്കളുടെ ഫോൺ ബി.ജെ.പി ചോർത്തിയെന്ന് മഹാരാഷ്ട്ര സർക്കാർ; എനിക്ക് രഹസ്യങ്ങളില്ലെന്ന് സഞ്ജയ് റാവുത്ത്

എൻ.സി.പി നേതാവ് ശരദ് പവാർ, മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവരുടെ ഫോൺ സംഭാഷണങ്ങളും ചോർത്തപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്

എൻ.സി.പി-ശിവസേന നേതാക്കളുടെ ഫോൺ ബി.ജെ.പി ചോർത്തിയെന്ന് മഹാരാഷ്ട്ര സർക്കാർ; എനിക്ക് രഹസ്യങ്ങളില്ലെന്ന് സഞ്ജയ് റാവുത്ത്

മുംബൈ: എൻ.സി.പി-ശിവസേന നേതാക്കളുടെ ഫോൺ സംഭാഷണങ്ങൾ ബി.ജെ.പി ചോർത്തിയെന്ന് മഹാരാഷ്ട്ര മന്ത്രി അനിൽ ദേശ്മുഖ്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ബി.ജെ.പി ഇതര നേതാക്കളുടെ ഫോൺ കോളുകൾ ചോർത്തിയിട്ടുണ്ടെന്നാണ് അനിൽ ദേശ്മുഖിന്റെ ആരോപണം. ഇതിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കഴിഞ്ഞ ബി.ജെ.പി സർക്കാരിലെ മന്ത്രി തന്നെ ഇക്കാര്യം തന്നോട് മുൻപ് പറഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കി ശിവസേന നേതാവ് സഞ്ജയ് റാവുത്ത് രംഗത്തെത്തി.

'നിങ്ങളുടെ ഫോൺ ചോർത്തുന്നുണ്ട്. ഇക്കാര്യം എന്നോട് പറഞ്ഞത് മുതിർന്ന ബി.ജെ.പി നേതാവും മുൻ സർക്കാരിലെ മന്ത്രിയുമായ ഒരാളാണ്. എന്റെ സംഭാഷണം കേൾക്കാൻ താൽപര്യമുള്ളവർ അങ്ങനെ ചെയ്തുകൊള്ളട്ടെയെന്നാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്. ഞാൻ ബാൽതാക്കറെയുടെ ശിഷ്യനാണ്, എനിക്ക് ഒരു രഹസ്യവുമില്ല.'- സഞ്ജയ് റാവുത്ത് ട്വീറ്റ് ചെയ്തു.

എൻ.സി.പി നേതാവ് ശരദ് പവാർ, മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവരുടെ ഫോൺ സംഭാഷണങ്ങളും ചോർത്തപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Next Story
Read More >>