അബ്ദുൾ സത്താറിന്റെ രാജി: വാർത്ത തള്ളി സഞ്ജയ് റാവുത്തും സത്താറിന്റെ മകനും

ശിവസേനയിൽ നിന്നുള്ള ഏക മുസ്‌ലിം മന്ത്രിയാണ് അബ്ദുൾ സത്താർ

അബ്ദുൾ സത്താറിന്റെ രാജി: വാർത്ത തള്ളി സഞ്ജയ് റാവുത്തും സത്താറിന്റെ മകനും

മുംബൈ: മന്ത്രിസഭാ വികസനത്തിലെ അതൃപ്തിയെത്തുടർന്ന് സഹമന്ത്രിയായ ശിവസേന എം.എൽ.എ അബ്ദുൾ സത്താർ ഉദ്ധവ് താക്കറെ സർക്കാരിൽ നിന്നു രാജിവച്ചുവെന്ന വാർത്ത തള്ളി സഞ്ജയ് റാവുത്തും സത്താറിന്റെ മകനും രംഗത്ത്. സാധാരണ ഒരു മന്ത്രി രാജി വയ്ക്കുമ്പോൾ രാജിക്കത്ത് മുഖ്യമന്ത്രിക്കോ രാജ് ഭവനോ ആണ് കൈമാറുകയെന്നും ഇവിടെ ആർക്കും അത്തരമൊരു കത്ത് അബ്ദുൾ സത്താറിൽ നിന്ന് കിട്ടിയിട്ടില്ലെന്നും ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു.

ഇത് തെറ്റായ വാർത്തയാണെന്ന് രാജ്യസഭാ എം.പി അനിൽ ദേശായിയും പ്രതികരിച്ചു. 'ഇത് ശരിയല്ല. അദ്ദേഹം രാജിവച്ചിട്ടില്ല. എനിക്കോ പാർട്ടിയിലെ മറ്റ് ആർക്കെങ്കിലുമോ അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചിട്ടില്ല. ഇത് സാങ്കൽപ്പികം മാത്രമാണ്.'-ദേശായി പറഞ്ഞു.

അബ്ദുൾ സത്താറിന്റെ മകൻ സമീർ നബിയും വാർത്ത നിരസിച്ചു. കൂടുതൽ വിശദാംശങ്ങൾ അറിയാൻ താൻ പിതാവുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്നും സമീർ നബി പറഞ്ഞു.

ശിവസേനയിൽ നിന്നുള്ള ഏക മുസ്‌ലിം മന്ത്രിയാണ് അബ്ദുൾ സത്താർ.സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അഞ്ച് ദിവസത്തിന് ശേഷമാണ് സത്താറിന്റെ രാജി. ക്യാബിനറ്റ് പദവി ലഭിക്കാത്തതിൽ സത്താറിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. ഡിസംബർ 30ന് ഉദ്ധവ് താക്കറെ മന്ത്രിസഭ വികസിപ്പിച്ചപ്പോൾ അംഗങ്ങളായ നാല് മുസ് ലിം മന്ത്രിമാരിൽ ഒരാളായിരുന്നു അബ്ദുൾ സത്താർ. സത്താറിന് പുറമെ, എൻ.സി.പി നേതാക്കളായ നവാബ് മാലിക്, ഹസൻ മുഷ്‌റിഫ്, കോൺഗ്രസ് നേതാവ് അസ്ലം ഷെയ്ഖ് എന്നിവർക്കാണ് മന്ത്രിസ്ഥാനം ലഭിച്ചത്. ഇവർ മൂന്നുപേർക്കും ക്യാബിനറ്റ് പദവിയുണ്ട്.

അബ്ദുൾ സത്താറിന് മന്ത്രിപദവി നൽകിയതിന് പിന്നാലെ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. ദാവൂഡ് ഇബ്രാഹിമുമായി അടുത്തബന്ധമുള്ളയാളാണ് അബ്ദുൾ സത്താറനെന്ന് ശിവസേന സ്ഥാപകൻ ബാൽതാക്കറെ പറയാറുണ്ടായിരുന്നുവെന്ന് ബി.ജെ.പി നേതാവ് കിരിത് സോമയ ആരോപിച്ചിരുന്നു. എന്നാൽ, ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ സത്താറിനെ മന്ത്രിയാക്കിയിരിക്കുകയാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തിയിരുന്നു. മൂന്ന് തവണ എം.എൽ.എയായ അബ്ദുൾ സത്താർ 2014ൽ മഹാരാഷ്ട്രയിലെ കോൺഗ്രസ്-എൻ.സി.പി സഖ്യ സർക്കാരിൽ മന്ത്രിയായിരുന്നു. 2019 നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോൺഗ്രസിൽ നിന്ന് രാജിവച്ച് അദ്ദേഹം ശിവസേനയിൽ ചേർന്നത്.

Next Story
Read More >>