നിയമം കൈയ്യിലെടുക്കാൻ ആർക്കും അധികാരമില്ല; ഡൽഹിയിൽ സമാധാനം പുനഃസ്ഥാപിക്കണം: ആർ.എസ്.എസ് നേതാവ്

ഡൽഹി കലാപത്തിൽ ദുഃഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് രംഗത്തെത്തി

നിയമം കൈയ്യിലെടുക്കാൻ ആർക്കും അധികാരമില്ല; ഡൽഹിയിൽ സമാധാനം പുനഃസ്ഥാപിക്കണം: ആർ.എസ്.എസ് നേതാവ്

ന്യൂഡൽഹി: ഡൽഹിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ സർക്കാർ ശ്രമിക്കണമെന്ന് ആർ.എസ്.എസ് ജനറൽ സെക്രട്ടറി സുരേഷ് ജോഷി. നിയമം കൈയ്യിലെടുക്കാൻ ആർക്കും അധികാരമില്ലെന്നും നാഗ്പൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 'അശാന്തി പടർന്ന പ്രദേശങ്ങളിൽ സമാധാനം ഉറപ്പാക്കാൻ സർക്കാരിനു സാധിക്കണം'- അദ്ദേഹം പറഞ്ഞു.

വടക്കുകിഴക്കൻ ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുണ്ടായ തർക്കമാണ് കലാപത്തിനു വഴി വച്ചത്. ഞായറാഴ്ച തുടങ്ങിയ സംഘർഷത്തിൽ ഇതുവരെ 34 പേരാണ് കൊല്ലപ്പെട്ടത്. 200ലധികം പേർക്ക് പരിക്കേറ്റു.അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് 18 എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഇതുവരെ 130 പേർ അറസ്റ്റിലായിട്ടുണ്ട്.

അതേസമയം, ഡൽഹി കലാപത്തിൽ ദുഃഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് രംഗത്തെത്തി. ഡൽഹി പ്രതിഷേധത്തെത്തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ യു.എൻ സെക്രട്ടറി ജനറൽ വളരെ ദുഃഖിതനാണെന്ന് അദ്ദേഹത്തിന്റെ വക്താവ് സ്റ്റെഫാനെ ദുജാറിക് പറഞ്ഞു. സമായ സാഹചര്യങ്ങളിൽ ചെയ്തതുപോലെ പരമാവധി സംയമനം പാലിക്കണമെന്നും അക്രമസംഭവങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ഇന്ത്യ ഗൗരവമായ ശ്രമങ്ങൾ നടത്തണമെന്ന് യു.എസ്.അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മിഷനും അറിയിച്ചു. 'ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളും, ന്യൂനപക്ഷങ്ങൾക്കും അവരുടെ വീടുകൾക്കും കടകൾക്കും ആരാധനാലയങ്ങൾക്കുമെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആക്രമണങ്ങളും തങ്ങൾക്ക് വളരെയധികം അസ്വസ്ഥത സൃഷ്ടിക്കുന്നു. ഉത്തരവാദിത്തമുള്ള ഏതൊരു സർക്കാരിന്റേയും കടമകളിലൊന്ന് പൗരന്മാർക്ക് സംരക്ഷണവും ശാരീരിക സുരക്ഷയും നൽകുക എന്നത്. ജനക്കൂട്ടം അക്രമത്തിലൂടെ ലക്ഷ്യമിടുന്ന മുസ്ലീങ്ങളേയും മറ്റുള്ളവരേയും സംരക്ഷിക്കാൻ ഗൗരവമായ ശ്രമങ്ങൾ നടത്താൻ ഞങ്ങൾ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു'- യു.എസ്.അന്താരാഷ്ട്ര മതസ്വാതന്ത്യ കമ്മിഷൻ പ്രസ്താവനയിൽ അറിയിച്ചു.

Next Story
Read More >>