'സര്‍ക്കാരിന്‍റെ ഏറ്റവും വലിയ വാഗ്ദാനത്തിന്റെ യാഥാർത്ഥ്യം ഇതാണ്, രാജ്യത്തെ മൂന്നരക്കോടി ആളുകൾ തൊഴിൽ രഹിതരായി': മോദിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക

ഇത്രയും പേര്‍ക്ക് തൊഴില്‍ നഷ്ടമായതുകൊണ്ടാണ് തൊഴിൽ സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നതിൽ നിന്നും മോദി ഒഴിഞ്ഞുമാറുന്നതെന്ന് പ്രിയങ്ക

ന്യൂഡൽഹി: തൊഴിലില്ലായ്മ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 3.64 കോടിയിലധികം ആളുകൾക്ക് തൊഴിൽ നഷ്ടമായെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക രംഗത്തുവന്നത്. ഇത്രയും പേര്‍ക്ക് തൊഴില്‍ നഷ്ടമായതുകൊണ്ടാണ് തൊഴിൽ സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നതിൽ നിന്നും മോദി ഒഴിഞ്ഞുമാറുന്നതെന്ന് പ്രിയങ്ക പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മികച്ച ഏഴ് മേഖലകളിൽ 3.64 കോടി ആളുകൾ തൊഴിൽ രഹിതരായിത്തീർന്നുവെന്ന മാദ്ധ്യമ റിപ്പോർട്ട് പങ്കുവച്ചാണ് സർക്കാരിനെതിരെ പ്രിയങ്ക ആഞ്ഞടിച്ചത്.

തൊഴിലവസരങ്ങൾ നൽകുമെന്ന ഏറ്റവും വലിയ വാഗ്ദാനത്തിന്റെ യാഥാർത്ഥ്യം ഇതാണ്.രാജ്യത്തെ ഏഴ് പ്രധാന മേഖലകളിൽ മൂന്നര കോടി ആളുകൾ തൊഴിൽ രഹിതരായി- പ്രിയങ്ക ഗാന്ധി ഹിന്ദിയിൽ ട്വീറ്റിൽ പറഞ്ഞു.

വലിയ പേരിന്റെയും പരസ്യങ്ങളുടേയും ഫലമാണ് 3 കോടി 64 ലക്ഷം തൊഴിൽരഹിതർ. ഇതുകൊണ്ടാണ് തൊഴിൽ സംബന്ധിച്ച കാര്യങ്ങൾ സംസാരിക്കുന്നതിൽ നിന്നും സർക്കാർ ഒഴിഞ്ഞുമാറുന്നത്- പ്രിയങ്ക ട്വീറ്റ് ചെയ്തു.

Next Story
Read More >>