'റെയ്പ് ഇൻ ഇന്ത്യ' പരാമർശം; രാഹുൽ ശിക്ഷിക്കപ്പെടണമെന്ന് സ്മൃതി ഇറാനി, സഭയിൽ ബി.ജെ.പി എം.പിമാരുടെ പ്രതിഷേധം

രാഹുൽ ഗാന്ധിക്കെതിരെ ലോക്സഭയിൽ ബി.ജെ.പി പ്രതിഷേധിക്കുമ്പോൾ അദ്ദേഹത്തെ ന്യായീകരിച്ച് ഡി.എം.കെ എം.പി കനിമൊഴി രംഗത്തെത്തി

ന്യൂഡൽഹി: കോൺഗ്രസ് എം.പിയുടെ റെയ്പ് ഇൻ ഇന്ത്യ പരാമാർശത്തിൽ പാർലമെന്റിൽ ബി.ജെ.പി എം.പിമാരുടെ പ്രതിഷേധം. 'മെയ്ക് ഇൻ ഇന്ത്യ' അല്ല 'റേപ് ഇൻ ഇന്ത്യ'യാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശമാണ് പ്രതിഷേധത്തിനിടയാക്കിയത്. രാഹുൽ ഗാന്ധിക്കെതിരെ ശക്തമായ നടപടിവേണമെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു. ' ചരിത്രത്തിൽ ആദ്യമായാണ് ഒരു നേതാവ് ഇന്ത്യൻ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടേണ്ടവരാണെന്ന് ആഹ്വാനം നൽകുന്നത്. രാജ്യത്തെ ജനങ്ങൾക്കുള്ള ഇത് രാഹുൽ ഗാന്ധിയുടെ സന്ദേശമാണോ ഇത്? രാഹുൽ ഗാന്ധി ശിക്ഷിക്കപ്പെടണം.'- സ്മൃതി ഇറാനി ആവശ്യപ്പെട്ടു. ബി.ജെ.പി എം.പിമാരുടെ ബഹളത്തെ തുടർന്ന് 12 മണി വരെ സഭ നിർത്തിവെച്ചു.

കഴിഞ്ഞ ദിവസം ജാർഖണ്ഡിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് രാഹുൽ പ്രസ്താവന നടത്തിയത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ രാജ്യത്ത് വർദ്ധിച്ചുവരുന്ന സാഹചര്യം സൂചിപ്പിച്ചാണ് രാഹുൽ ഗാന്ധി പരാമർശം നടത്തിയത്. 'നരേന്ദ്ര മോദി പറയുന്നത് മെയ്ക് ഇൻ ഇന്ത്യ എന്നാണ്. എന്നാൽ, എവിടെ നോക്കിയാലും റേപ് ഇൻ ഇന്ത്യ എന്നതാണ് ഇന്ന് കാണാൻ കഴിയുന്നത്. ഉത്തർപ്രദേശിൽ മോദിയുടെ എം.എൽ.എയാണ് ബലാത്സംഗം ചെയ്തത്. പിന്നീട് ഇവർക്ക് വാഹനാപകടമുണ്ടായി. എന്നാൽ, നരേന്ദ്ര മോദി ഇക്കാര്യത്തിൽ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല.' -എന്നിങ്ങനെയായിരുന്നു രാഹുൽ പറഞ്ഞത്.

അതേസമയം, രാഹുൽ ഗാന്ധിക്കെതിരെ ലോക്സഭയിൽ ബി.ജെ.പി പ്രതിഷേധിക്കുമ്പോൾ അദ്ദേഹത്തെ ന്യായീകരിച്ച് ഡി.എം.കെ എം.പി കനിമൊഴി രംഗത്തെത്തി. പ്രസ്താവന നടത്തിയത് സഭയ്ക്കകത്ത് അല്ലെന്നും യഥാർത്ഥത്തിൽ നടക്കുന്നത് റേപ് ഇൻ ഇന്ത്യ ആണെന്നും കനിമൊഴി പ്രതികരിച്ചു. പ്രധാനമന്ത്രി മെയ്ക്ക് ഇൻ ഇന്ത്യയെന്നു പറയുമ്പോൾ രാജ്യത്ത് എന്താണു നടക്കുന്നതെന്നാണു രാഹുൽ പറയാൻ ഉദ്ദേശിച്ചതെന്നും കനിമൊഴി പറഞ്ഞു. മെയ്ക്ക് ഇൻ ഇന്ത്യ നടക്കുന്നില്ലെന്നുള്ളത് ദൗർഭാഗ്യകരമാണെന്നും മറിച്ച് രാജ്യത്തെ സ്ത്രീകൾ ലൈംഗികമായി ആക്രമിക്കപ്പെടുകയാണെന്നും അത് ആശങ്കയുണ്ടാക്കുന്നതാണെന്നും അവർ പറഞ്ഞു.

എന്നാൽ, കനിമൊഴിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി. കനിമൊഴിയുടെ പ്രസ്താവന വെറുപ്പ് തോന്നുന്നുവെന്നും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലെങ്കിലും പ്രതിപക്ഷം പാർട്ടി തലങ്ങളിൽ നിന്നു മാറണമെന്നും സ്മൃതി പറഞ്ഞു.

Read More >>