പുൽവാമ ആക്രമണത്തിൽ ദേവീന്ദറിന്റെ പങ്കെന്താണ്? എന്തുകൊണ്ടാണ് മോദിയും ഷായും മൗനം പാലിക്കുന്നത്? ആരാണ് ഇയാളെ സംരക്ഷിക്കുന്നത്?- കേന്ദ്രത്തിനെതിരെ ചോദ്യങ്ങളുമായി രാഹുൽ

ഇന്ത്യക്കാരുടെ രക്തം കൈകളിൽ പുരണ്ട മൂന്ന് തീവ്രവാദികൾക്കാണ് ദേവീന്ദർ സിങ് അഭയം നൽകിയതെന്ന് രാഹുൽ ആരോപിച്ചു

പുൽവാമ ആക്രമണത്തിൽ ദേവീന്ദറിന്റെ പങ്കെന്താണ്? എന്തുകൊണ്ടാണ് മോദിയും ഷായും മൗനം പാലിക്കുന്നത്? ആരാണ് ഇയാളെ സംരക്ഷിക്കുന്നത്?- കേന്ദ്രത്തിനെതിരെ ചോദ്യങ്ങളുമായി രാഹുൽ

ന്യൂഡൽഹി: ഹിസ്ബുൾ മുജാഹിദീൻ ഭീകരരെ കശ്മീരിൽ നിന്ന് ഡൽഹിയിലേക്ക് കടത്താൻ ശ്രമിക്കവെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിങ് പിടിയിലായ സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എം.പി. വിഷയത്തിൽ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനുമെതിരെയാണ് രാഹുൽ ആഞ്ഞടിച്ചത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമർശം. ഇന്ത്യക്കാരുടെ രക്തം കൈകളിൽ പുരണ്ട മൂന്ന് തീവ്രവാദികൾക്കാണ് ദേവീന്ദർ സിങ് അഭയം നൽകിയതെന്ന് രാഹുൽ ആരോപിച്ചു. എന്നിട്ടും വിഷയത്തിൽ മോദിയും ഷായും ദോവലും മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'ഇന്ത്യക്കാരുടെ രക്തം കൈകളിൽ പുരണ്ട മൂന്ന് തീവ്രവാദികൾക്കാണ് ദേവീന്ദർ സംരക്ഷണം നൽകിയത്. ഡൽഹിയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലാവുകയും ചെയ്തു. ആറുമാസത്തിനകം അതിവേഗ കോടതിയിലൂടെ ദേവീന്ദർ സിങിന്റെ വിചാരണ പൂർത്തിയാക്കണം.കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ഇന്ത്യക്കെതിരെ നടത്തിയ രാജ്യദ്രേഹത്തിന് സാധ്യമായ എറ്റവും കടുത്ത ശിക്ഷ തന്നെ നൽകണം'', രാഹുൽ ട്വീറ്റ് ചെയ്തു.

'എന്തുകൊണ്ടാണ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ദേവീന്ദർ സിങ്ങിന്റെ കാര്യത്തിൽ മൗനം പാലിക്കുന്നത്? പുൽവാമ ആക്രമണത്തിൽ ദേവീന്ദർ സിങ്ങിന്റെ പങ്കെന്താണ്? വേറെ എത്ര തീവ്രവാദികൾക്ക് അയാൾ സഹായം ചെയ്തിട്ടുണ്ട്? ആരാണ് ഇയാളെ സംരക്ഷിക്കുന്നത്? എന്തിനുവേണ്ടി?'-രാഹുൽ ചോദിച്ചു. കശ്മീർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദേവീന്ദർ സിങ്ങിനെ കഴിഞ്ഞ ദിവസമാണ് രണ്ട് ഹിസ്ബുൽ പ്രവർത്തകരോടൊപ്പം ശ്രീനഗറിൽ ഒരു കാറിൽ സഞ്ചരിക്കുമ്പോൾ അറസ്റ്റ് ചെയ്തത്. അയാളുടെ വീട്ടിൽ നിന്ന് നിരവധി ആയുധങ്ങളും കണ്ടെടുത്തു. ദേവീന്ദർ മൂന്ന് ഭീകരർക്ക് അദ്ദേഹത്തിന്റെ വീട്ടിൽ അഭയം നൽകുകയും ഡൽഹിയിലേക്കുള്ള യാത്രക്കിടയിൽ പിടിക്കപ്പെടുകയും ചെയ്തു.

വിഷയത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വിശദമായ അന്വേഷണം ആവശ്യപ്പെട്ടു. ദേവീന്ദർ സിങ്ങിന്റെ അറസ്റ്റ് നിരവധി പ്രകോപനപരമായ ചോദ്യങ്ങൾ ഉയർത്തുന്നു. അയാൾ ഇത്ര നാളും അറസ്റ്റ് ഒഴിവാക്കിയെന്നു മാത്രമല്ല, വിദേശ നയതന്ത്രപ്രതിനിധികളുടെ സുരക്ഷ അടക്കമുള്ള നിരവധി ചുമതലകൾ വഹിക്കുകയും ചെയ്തു. അയാൾ ആരുടെ ഉത്തരവ് പ്രകാരമാണ് പ്രവർത്തിക്കുന്നത്? വിശദമായ അന്വേഷണം നിർബന്ധമായും നടത്തണം. ഭീകരാക്രമണത്തിന് സഹായിക്കുന്നവരും രാജ്യദ്രോഹികളാണ്- പ്രിയങ്ക പറഞ്ഞു. അറസ്റ്റിലാവും മുമ്പ് ദേവീന്ദർ അവസാനം നിർവഹിച്ചത് നയതന്ത്ര പ്രതിനിധികളുടെ കശ്മീർ യാത്രയുടെ ഭാഗമായി ശ്രീനഗർ വിമാനത്താവളത്തിന്റെ സുരക്ഷാചുമതലയായിരുന്നു.

Next Story
Read More >>