തങ്ങളുടെ ഈ അവസ്ഥയ്ക്ക് കാരണം ഷെയ്ഖ് അബ്ദുല്ല; ശവകുടീരത്തിലെത്തി കശമീരികളുടെ പ്രതിഷേധം

താൻ തന്റെ ജീവിതത്തിൽ ഒരിക്കലും ഷെയ്ഖ് അബ്ദുല്ലയുടെ ശവകുടീരം ഇനി സന്ദർശിക്കില്ലെന്ന് നാഷണൽ കോൺഫറൻസ് ആക്ടിവിസ്റ്റ് മുഹമ്മദ് സുൽത്താൻ പ്രഖ്യാപിച്ചു

തങ്ങളുടെ ഈ അവസ്ഥയ്ക്ക് കാരണം ഷെയ്ഖ് അബ്ദുല്ല; ശവകുടീരത്തിലെത്തി കശമീരികളുടെ പ്രതിഷേധം

ശ്രീനഗർ: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞതിന് ശേഷം നാഷണൽ കോൺഫറൻസ് സ്ഥാപകൻ ഷെയ്ഖ് അബ്ദുല്ലയുടെ ശവകുടീരത്തിനോട് പോലും അനാദരവ്. ഭരണഘടനയിൽ ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പ് കൂട്ടിച്ചേർക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ഷെയ്ഖ് അബ്ദുല്ലയുടെ ശവകുടീരം പോലും ആളുകൾ അവജ്ഞയോടെയാണ് കാണുന്നതെന്ന് റിപ്പോർട്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായ ശവകുടീരം സന്ദർശിക്കാൻ ഒരാൾ പോലും എത്തിയിട്ടില്ല. എന്നാൽ, ശവകുടീരത്തെ മോശമായി ചിത്രീകരിക്കാൻ പലരും എത്തുകയും ചെയ്തതായി 'ദ ടെലഗ്രാഫ്' റിപ്പോർട്ട് ചെയ്യുന്നു.

കശ്മീരിൽ ഷെയ്ഖ് അബ്ദുല്ലയ്ക്ക് മുമ്പും ഏറെ വിമർശകരുണ്ടായിരുന്നു. ഇപ്പോൾ ഭരണഘടനയിലെ 370ാം അനുച്ഛേദം റദ്ദാക്കുകകൂടി ചെയ്തതോടെ അദ്ദേഹത്തിന്റെ വിമർശകരുടെ എണ്ണം കൂടി. ആളുകൾ ഒത്തുചേരുന്നിടങ്ങളിലെല്ലാം തങ്ങളെ ഈ ഒരു അവസ്ഥയിലേക്ക് തള്ളിവിട്ടത് ഷെയ്ഖ് അബ്ദുല്ലയാണെന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് പുറത്തുവരുന്നത്.

ഒരുകാലത്ത് സംസ്ഥാനത്തിന്റെ ഏറ്റവും ഉയർന്ന രാഷ്ട്രീയക്കാരൻ, കശ്മീരിന്റെ സിംഹം എന്നിങ്ങനെയുള്ള വിശേഷണങ്ങളാണ് അദ്ദേഹത്തിന്റെ ശവകുടീരത്തിന് നൽകിയിരുന്നത്. എന്നാൽ, കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ ആളുകൾ അദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്.

'സാധാരണ ഇവിടെ സന്ദർശകർ എത്താറുണ്ട്. ഷെയ്ഖ് അബ്ദുല്ലയുടെ ജന്മദിനത്തിനും ചരമവാർഷിത്തിനും പ്രത്യേക ദിവസങ്ങളിലുമെല്ലാം നൂറുകണക്കിനാളുകളാണ് എത്താറ്. എന്നാൽ, കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ഈ10 ദിവസത്തിനുള്ളിൽ ഒരാൾ പോലും കുടീരം സന്ദർശിക്കാൻ എത്തിയിട്ടില്ല.'-ദാൽ ലെക്കിലെ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

അദ്ദേഹത്തെ സ്തുതിക്കുന്നവരേക്കാൾ കൂടുതൽ പഴിക്കുന്നവരാണ് ഇവിടെ ഇപ്പോൾ എത്തുന്നത്. 'നരഗത്തിൽ പോകട്ടെ' എന്നെല്ലാമാണ് ഇപ്പോൾ ഇവിടെയെത്തുന്ന ജനങ്ങൾ പറയുന്നത്. ഇതിന് മുമ്പും പലരും ഇങ്ങനെ പറഞ്ഞിട്ടുണ്ട്. പക്ഷേ, ഇത്രയധികം ആളുകൾ അദ്ദേഹത്തെ പഴിക്കുന്നത് ഇത് ആദ്യമായിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കശ്മീർ താഴ്വരയിൽ അപ്രഖ്യാപിത കർഫ്യൂ നിലനിൽക്കുന്നുണ്ട്. എന്നാൽ ശവകുടീരത്തോട് ചേർന്നുള്ള റോഡിന്റെ ഒരു ഭാഗം നിയന്ത്രണങ്ങൾ ലഘൂകരിച്ച പ്രദേശങ്ങളിൽ ഉൾപ്പെടുന്നു. ഇത് ആളുകൾക്ക് ആ വഴി കടന്നുപോകാൻ അവസരം ഒരുക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഷെയ്ഖ് അബ്ദുല്ലയെ വിമർശിച്ച് സാധാരണക്കാരും പ്രമുഖരും വരെ രംഗത്തെത്തുന്നുണ്ട്. താൻ തന്റെ ജീവിതത്തിൽ ഒരിക്കലും ഷെയ്ഖ് അബ്ദുല്ലയുടെ ശവകുടീരം ഇനി സന്ദർശിക്കില്ലെന്ന് നാഷണൽ കോൺഫറൻസ് ആക്ടിവിസ്റ്റ് മുഹമ്മദ് സുൽത്താൻ പ്രഖ്യാപിച്ചു. 'ഞാൻ ഇതിന് മുമ്പ് ഒരിക്കലും അദ്ദേഹത്തെ നിന്ദിച്ചിട്ടില്ല. പക്ഷേ ഞങ്ങളുടെ ഈ ദുർവിധിക്ക് കാരണം അദ്ദേഹമാണ്. മതേതര-ജനാധിപത്യ ഇന്ത്യയുമായി യോജിക്കുന്നതിലൂടെ മെച്ചപ്പെട്ട ജീവിതം ഞങ്ങൾക്ക് ലഭിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. പക്ഷേ ചരിത്രം അദ്ദേഹം തെറ്റാണെന്ന് തെളിയിച്ചു.'-മുഹമ്മദ് സുൽത്താൻ പറഞ്ഞു.

1980 കളുടെ അവസാനത്തിലാണ് അദ്ദേഹത്തിന്റെ പ്രശസ്തി കുറഞ്ഞു തുടങ്ങിയത്. ലിബിയൻ സ്വാതന്ത്ര്യസമര സേനാനിയായ ഒമർ മുഖ്തറിനെക്കുറിച്ചുള്ള ഒരു ചിത്രം ശ്രീനഗറിലെ റീഗൽ സിനിമയിൽ പ്രദർശിപ്പിച്ചതിന് ശേഷം ആദ്യമായി അദ്ദേഹത്തിനെതിരെ പരസ്യമായ അധിക്ഷേപവുമായി പലരും രംഗത്തെത്തി. അദ്ദേഹത്തിന്റെ ചിത്രങ്ങൾ വലിച്ചുകീറി.1989 ൽ തീവ്രവാദത്തിന്റെ വളർച്ച അദ്ദേഹത്തിനെതിരായ വിമർശനങ്ങളുടെ ആക്കം കൂട്ടി. അദ്ദേഹത്തെ പലരും വില്ലനായി ചിത്രീകരിച്ചു.

1990കളുടെ തുടക്കത്തിൽ അദ്ദേഹത്തിന്റെ ശവകുടീരം തകർക്കാൻ തീവ്രവാദികൾ പല ശ്രമങ്ങളും നടത്തിയിരുന്നു. ഇതിനെത്തുടർന്ന് ശവകുടീരത്തിന് ചുറ്റും സുരക്ഷാ വേലി കെട്ടിയിരുന്നു. ഇന്ത്യൻ റിസർവ് പൊലീസ് ഗാർഡിലെ അഞ്ച് ഉദ്യോഗസ്ഥരേയും കാവൽക്കാരനെയും തോട്ടക്കാരനേയും ശവകുടീരം സംരക്ഷിക്കാൻ നിയമിച്ചിരുന്നു.

ഷെയ്ഖ് അബ്ദുല്ലയുടെ ശവകുടീരത്തിന് സമീപം തന്നെയാണ് ഭാര്യ അക്ബർ ജഹാന്റെയും ശവകുടീരമുള്ളത്. കശ്മീരിൽ വീണ്ടും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടാൽ ശവകുടീരത്തിനുനേരെ അക്രമമുണ്ടാകുമെന്ന് ഭയപ്പെടുന്നതായി കാവൽ നിൽക്കുന്ന പോലീസുകാരിൽ ഒരാൾ പറഞ്ഞു. എന്നാൽ, ഇതുവരെ അദ്ദേത്തിന്റെ ശവകുടീരത്തിനുള്ള സുരക്ഷ പിൻവലിച്ചിട്ടില്ല.

Read More >>