ഒന്നിച്ചായാലും ഒറ്റയ്ക്കായാലും അത് പോരാട്ടം തന്നെയാണ്; ഭരണഘടന സംരക്ഷിക്കാനാണ് ഞങ്ങൾ പോരാടുന്നത്- ചിദംബരം

മുതിർന്ന സുപ്രിം കോടതി അഭിഭാഷർ പോലും സി.എ.എ ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞിട്ടുണ്ട്

ഒന്നിച്ചായാലും ഒറ്റയ്ക്കായാലും അത് പോരാട്ടം തന്നെയാണ്; ഭരണഘടന സംരക്ഷിക്കാനാണ് ഞങ്ങൾ പോരാടുന്നത്- ചിദംബരം

കൊൽക്കത്ത: സി.എ.എയ്‌ക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് പോരാടണമെന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം. കൊൽക്കത്തയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രച്ഛന്നവേഷം കെട്ടിയ എൻ.ആർ.സിയാണ് എൻ.പി.ആർ എന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന സംരക്ഷിക്കാനാണ് തങ്ങൾ പോരാടുന്നതെന്നും ചിദംബരം വ്യക്തമാക്കി.

" പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് പോരാടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും ആഭ്യന്തര കാര്യങ്ങൾ വ്യത്യസ്തമായിരിക്കും. എങ്കിലും രാജ്യത്തെ സംരക്ഷിക്കാനും ഭരണഘടന സംരക്ഷിക്കാനും ഒന്നിച്ച് നിൽക്കേണ്ട സമയത്ത് ഒന്നിച്ച് നിൽക്കണം. കോൺഗ്രസും മറ്റ് ഇടതു പാർട്ടികളും ഒന്നിച്ച് സി.എ.എയ്‌ക്കെതിരെ പ്രതിഷേധിച്ചിട്ടുണ്ട്. ഒറ്റയ്ക്കും പാർട്ടികൾ പ്രതിഷേധിക്കുന്നുണ്ട്. ഒന്നിച്ചായാലും ഒറ്റയ്ക്കായാലും ഞങ്ങൾ പ്രതിഷേധിക്കുന്നുണ്ട്. അത് പ്രതിഷേധം തന്നെയാണ്. ഭരണഘടനാ സമഗ്രത, ഭരണഘടനാ ധാർമ്മികത തുടങ്ങിയവ സംരക്ഷിക്കുന്നതിന് വിദ്യാർത്ഥികൾ പോരാടുന്നതിൽ ഞാൻ അഭിമാനിക്കുന്നു. അസമിൽ എൻ.ആർ.സി നടപ്പാക്കിയ ശേഷം പ്രതിഷേധം അണപൊട്ടിയതോടെ നരേന്ദ്ര മോദി സർക്കാർ പെട്ടന്ന് ഗിയർ മാറ്റി. ഇപ്പോൾ എൻ.ആർ.സി വിട്ട് എൻ.പി.ആറിനെക്കുറിച്ചാണ് സംസാരിക്കുന്നത്."- ചിദംബംരം പറഞ്ഞു.

സി.എ.എയുടെ സാധുത സുപ്രിം കോടതിയ്ക്കു മുമ്പിലാണ്. മുതിർന്ന സുപ്രിം കോടതി അഭിഭാഷർ പോലും സി.എ.എ ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ സുപ്രിം കോടതി വിധി വന്നതിന് ശേഷമേ കൂടുതൽ പ്രതികരിക്കാൻ പറ്റൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Next Story
Read More >>