രാജ്യത്ത് സമാധാനം തകർക്കുന്നത് ഹിന്ദുക്കളാണ്, മുസ്‌ലിംകളല്ല: വിവാദ പ്രസ്താവനയുമായി രാജീവ് ധവാൻ

നവംബർ ഒൻപതിനാണ് അയോദ്ധ്യ തർക്കഭൂമി കേസിൽ സുപ്രിം കോടതി വിധി പ്രസ്താവിച്ചത്

രാജ്യത്ത് സമാധാനം തകർക്കുന്നത് ഹിന്ദുക്കളാണ്, മുസ്‌ലിംകളല്ല: വിവാദ പ്രസ്താവനയുമായി രാജീവ് ധവാൻ

ന്യൂഡൽഹി: രാജ്യത്ത് സമാധാനം തകർക്കുന്നത് ഹിന്ദുക്കളാണെന്ന് അഭിഭാഷകനായ രാജീവ് ധവാൻ. അയോദ്ധ്യ തർക്കഭൂമി കേസിൽ മുസ്‌ലിം വിഭാഗത്തിന് വേണ്ടി വാദിച്ച അഭിഭാഷകനാണ് രാജീവ് ധവാൻ. "ഹിന്ദുക്കൾ മാത്രമാണ് രാജ്യത്ത് സമാധാനം തകർക്കുന്നത്. മുസ്‌ലിംകൾ ഒരിക്കലും അത് ചെയ്യില്ല"-എന്നാണ് രാജീവ് ധവാന്റെ വിവാദ പ്രസ്താവന. ടൈംസ് നൗ ആണ് ധവാന്റെ പ്രസ്താവന റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അയോദ്ധ്യ വിധിയിൽ മുസ്‌ലിം വിഭാഗം റിവ്യൂ ഹർജി നൽകുന്നില്ലെന്നും അനീതി സംഭവിച്ചിരിക്കുന്നത് മുസ്‌ലിംകൾക്കാണെന്നും അദ്ദേഹം പറഞ്ഞു.

അയോദ്ധ്യ തർക്കഭൂമി കേസ് വിധിയിൽ പുനപരിശോധനാ ഹർജി സമർപ്പിക്കുമെന്ന് അഖിലേന്ത്യാ മുസ് ലിം വ്യക്തി നിയമ ബോഡ്(എ.ഐ.എം.പി.എൽ.ബി) വ്യക്തമാക്കിയതിന് പിന്നാലെയാണ് ധവാന്റെ പ്രസ്താവന. 'ഭരണഘടനാപരമായ അവകാശം ഉപയോഗിച്ച് ഡിസംബർ ആദ്യവാരത്തിൽ അയോദ്ധ്യ വിധിയിൽ റിവ്യൂ ഹർജി നൽകും. സുന്നി വഖഫ് ബോഡിന്റെ നിലപാട് ഞങ്ങൾക്ക് നിയമപരമായി തടസ്സമാകില്ല. എല്ലാ മുസ്‌ലിം സംഘടനകളും ഒറ്റക്കെട്ടാണ്.'-എന്നായിരുന്നു എ.ഐ.എം.പി.എൽ.ബിയുടെ പ്രസ്താവന.

നവംബർ ഒൻപതിനാണ് അയോദ്ധ്യ തർക്കഭൂമി കേസിൽ സുപ്രിം കോടതി വിധി പ്രസ്താവിച്ചത്. ഭൂമി ക്ഷേത്ര നിർമ്മാണത്തിനായി വിട്ടുകൊടുക്കുകയും മുസ് ലിം വിഭാഗത്തിന് പള്ളി പണിയാൻ പകരം അഞ്ച് ഏക്കർ ഭൂമി കണ്ടെത്തി നൽകണമെന്നുമുള്ളതായിരുന്നു വിധി. ഇതിന് പിന്നാലെ ഈ ഭൂമി വാങ്ങരുതെന്ന് പറഞ്ഞ് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി അടക്കം രംഗത്തെത്തിയിരുന്നു.

Next Story
Read More >>