ഒരു സംസ്ഥാനത്തിനും സി.എ.എയെ എതിർക്കാനാകില്ല; ഇത് രാജ്യം മുഴുവൻ നടപ്പാക്കും: മുക്താർ അബ്ബാസ് നഖ്‌വി

വെള്ളിയാഴ്ച മുതൽ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതായി ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി

ഒരു സംസ്ഥാനത്തിനും സി.എ.എയെ എതിർക്കാനാകില്ല; ഇത് രാജ്യം മുഴുവൻ നടപ്പാക്കും: മുക്താർ അബ്ബാസ് നഖ്‌വി

ലഖ്‌നൗ:ഒരു സംസ്ഥാനത്തിനും പൗരത്വ ഭേദഗതി നിയമത്തെ എതിർക്കാനാകില്ലെന്ന് കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി. ലഖ്‌നൗവിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"പൗരത്വ ഭേദഗതി നിയമം പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയതാണ്. ഒരു സംസ്ഥാനത്തിനും അതിനെ എതിർക്കാൻ സാധിക്കില്ല. ഇത് രാജ്യത്തുടനീളം നടപ്പാക്കുക തന്നെ ചെയ്യും. ഈ നിയമം ഒരു ഇന്ത്യൻ പൗരനേയും ബാധിക്കില്ല. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ പീഡനമനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതാണ് ഈ നിയമം. പ്രതിപക്ഷ പാർട്ടികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ജനങ്ങളെ പ്രകോപിപ്പിച്ച് അക്രമമുണ്ടാക്കാനാണ് അവർ ആഗ്രഹിക്കുന്നത്.എന്നിരുന്നാലും ജനങ്ങൾക്ക് സത്യമറിയാം. തെറ്റായ പ്രചരണം നടത്തുന്നതിൽ പ്രതിപക്ഷ നേതാക്കൾ വിജയിക്കുകയില്ല."-അദ്ദേഹം പറഞ്ഞു.

അതേസമയം,വെള്ളിയാഴ്ച മുതൽ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതായി ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. അതേസമയം, നിയമത്തിന്റെ ചട്ടരൂപീകരണം ഇതുവരെ പൂർത്തിയായിട്ടില്ല. ഡിസംബർ 11നാണ് ലോക്‌സഭ നിയമം പാസാക്കിയത്. തൊട്ടടുത്ത ദിവസം രാജ്യസഭയും പാസാക്കിയ നിയമം പിന്നീട് രാഷ്ട്രപതി ഒപ്പുവച്ചു. 2014 ഡിസംബർ മുപ്പത്തിയൊന്നിനോ അതിനു മുമ്പോ പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നെത്തിയ മുസ്ലിം ഇതര അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് നിയമം.

ഈ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യൻ സമുദായങ്ങൾക്കാണ് പൗരത്വം നൽകുന്നത്. അയൽ രാഷ്ട്രങ്ങളിൽ മതപീഡനം അനുഭവിക്കുന്നവർക്കാണ് പൗരത്വം നൽകുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം, മുസ്ലിംകളെ ഉൾപ്പെടുത്താത്തത് കടുത്ത വിവേചനമാണ് എന്നും പൗരത്വത്തിന് മതം ഉപയോഗിക്കുന്നു എന്നും ആരോപിച്ചാണ് രാജ്യത്തുടനീളം പ്രക്ഷോഭങ്ങൾ നടക്കുന്നത്. ഇത് രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങൾക്ക് എതിരാണെന്നും അവർ വാദിക്കുന്നു.

Read More >>