അയോദ്ധ്യയിൽ ഖബറുകൾ ഇല്ല; ക്ഷേത്ര നിർമ്മാണത്തിനെതിരെ രംഗത്തെത്തിയ പ്രദേശവാസികൾക്കു മറുപടിയുമായി ജില്ലാ ഭരണകൂടം

സുപ്രിംകോടതി വിധി പ്രകാരം രാമക്ഷേത്രത്തിന് ട്രസ്റ്റ് രൂപീകരിച്ചതായി ഫെബ്രുവരി ആദ്യവാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നത്

അയോദ്ധ്യയിൽ ഖബറുകൾ ഇല്ല; ക്ഷേത്ര നിർമ്മാണത്തിനെതിരെ രംഗത്തെത്തിയ പ്രദേശവാസികൾക്കു മറുപടിയുമായി ജില്ലാ ഭരണകൂടം

ലഖ്‌നൗ: രാമ ക്ഷേത്രം നിർമ്മിക്കാൻ പോകുന്ന 67 ഏക്കർ ഭൂമയിൽ ഖബറുകൾ ഇല്ലെന്ന് അയോദ്ധ്യ ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. ഈ ഭൂമിയിൽ നിരവധി പേരുടെ കബറുകൾ ഉള്ളതിനാൽ അവിടെ ക്ഷേത്രം പണിയരുതെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതി അഭിഭാഷകൻ എം.ആർ ഷംഷാദ് മുഖേന ഒമ്പത് പ്രദേശവാസികൾ ക്ഷേത്ര നിർമ്മാണത്തിനായി രൂപീകരിച്ച ട്രസ്റ്റിന് കത്തു നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലാ ഭരണകൂടം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. 'നിലവിൽ രാമ ജന്മഭൂമിയുടെ 67 ഏക്കർ ഭൂമിയിൽ ഖബറിടങ്ങൾ ഇല്ല'- ജില്ലാ മജിസ്‌ട്രേറ്റ് അനുജ് ജാ പറഞ്ഞു. അയോദ്ധ്യ തർക്കവുമായി ബന്ധപ്പെട്ട എല്ലാ വാദങ്ങളും സുപ്രിം കോടതി വിചാരണ വേളയിൽ കേട്ടതാണെന്നും ഈ ആരോപണവും സുപ്രിം കോടതിയിൽ എത്തിയതാണെന്നും അനുജ് ജാ പറഞ്ഞു. 2019 നവംബർ ഒൻപതിലെ സുപ്രിം കോടതി വിധിയിൽ ഇക്കാര്യങ്ങളെല്ലാം വ്യക്തമായി പറയുന്നുണ്ടെന്നും അനുജ് കൂട്ടിച്ചേർത്തു.

അയോദ്ധ്യയിൽ കർസേവകർ തകർത്ത ബാബരി മസ്ജിദിന്റെ അഞ്ചേക്കർ ചുറ്റുവട്ടത്തെ ഭൂമിയിൽ അമ്പലം പണിയരുതെന്ന ആവശ്യവുമായി പ്രദേശവാസികൾ രംഗത്തെത്തിയിരുന്നു. അവിടെ 1855ലെ കലാപത്തിൽ മരിച്ച നിരവധി പേരുടെ ഖബറുകൾ ഉണ്ടെന്നായിരുന്നു അവർ പറഞ്ഞിരുന്നത്. രാമക്ഷേത്രം ഈ പ്രത്യേക സ്ഥലത്തു നിർമിക്കരുത് എന്നാണ് ആവശ്യം. ഇതുസംബന്ധിച്ച് ഒമ്പത് പ്രദേശവാസികൾ രാം മന്ദിർ ട്രസ്റ്റിന് കത്തയച്ചു. മൂന്നു വശവും ഖബറിസ്ഥാൻ കൊണ്ട് ചുറ്റപ്പെട്ട പള്ളിയായിരുന്നു ബാബരി മസ്ജിദ്. ഈ ഭൂമിയിൽ ക്ഷേത്രം പാടില്ലെന്ന് നേരത്തെ അഖിലേന്ത്യാ വ്യക്തിനിയമ ബോർഡും ആവശ്യമുന്നയിച്ചിരുന്നു.

സുപ്രിംകോടതി വിധി പ്രകാരം രാമക്ഷേത്രത്തിന് ട്രസ്റ്റ് രൂപീകരിച്ചതായി ഫെബ്രുവരി ആദ്യവാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നത്. ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര എന്ന പേരിലുള്ള ട്രസ്റ്റിൽ 15 അംഗങ്ങളാണ് ഉള്ളത്. ബാബരി മസ്ജിദ് പൊളിച്ച 2.77 ഏക്കർ ഭൂമിക്ക് പുറമേ, കേന്ദ്രത്തിന്റെ അധീനതയിലുള്ള 67 ഏക്കർ ഭൂമി കൂടി ട്രസ്റ്റ് പതിച്ചു നൽകാനാണ് തീരുമാനം.

അയോദ്ധ്യയിൽ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ വർഗീയ കലാപം നടന്ന വർഷമാണ് 1855. ഹനുമാൻഗിരി ക്ഷേത്രത്തെ ചൊല്ലിയായിരുന്നു ഈ കലാപമെന്ന് അനാട്ടമി ഓഫ് എ കോൺഫ്രണ്ടേഷൻ; അയോദ്ധ്യ ആൻഡ് ദ റൈസ് ഓഫ് കമ്യൂണൽ പൊളിറ്റിക്സ് ഇൻ ഇന്ത്യ പുസ്തകത്തിൽ കെ.എം പണിക്കർ രേഖപ്പെടുത്തിയിട്ടുണ്ട്. പള്ളിക്കു മുകളിലാണ് ഹനുമാൻഗിരി ക്ഷേത്രം നിർമിച്ചത് എന്ന് ഒരുകൂട്ടം മുസ്ലിംകൾ അവകാശപ്പെട്ടതാണ് കലാപത്തിന് കാരണമായത്. കലാപത്തിൽ ഇവർ അഭയം പ്രാപിച്ചത് ബാബരി മസ്ജിദിലാണ്.

സംഘർഷം അന്വേഷിക്കാൻ അവധിലെ അന്നത്തെ നവാബ് ഒരു അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. ക്ഷേത്രം നിർമിച്ചത് പള്ളി പൊളിച്ചല്ല എന്ന നിഗമനത്തിലാണ് കമ്മിഷൻ എത്തിയത്.

Next Story
Read More >>