കശ്മീരിൽ നെഞ്ച് വിരിക്കാനായിട്ടില്ല: ബി.ജെ.പി പ്രവർത്തകരോട് മോദി

കേന്ദ്രത്തിന്റ നടപടിയുടെ തിരിച്ചടികളെക്കുറിച്ച് ബോധവാൻമാരായിരിക്കണം

കശ്മീരിൽ നെഞ്ച് വിരിക്കാനായിട്ടില്ല: ബി.ജെ.പി പ്രവർത്തകരോട് മോദി

ന്യൂഡൽഹി: ബി.ജെ.പിയുടെ വളരെക്കാലമായുള്ള ആവശ്യങ്ങളിലൊന്നായ ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്ന പ്രമേയത്തിന് അംഗീകാരം കിട്ടിയിട്ടും ജയഘോഷം മുഴക്കാൻ സമയമായിട്ടില്ലെന്ന് പാർട്ടി അണികളോട് പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീർ നടപടിയിൽ പാർട്ടി അണികളും നേതാക്കളും നെഞ്ച് വിരിക്കേണ്ടതില്ലെന്നാണ് മോദിയുടെ നിർദ്ദേശം.

ബി.ജെ.പി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സപ്രസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബി.ജെ.പി നേതാക്കളോടും മറ്റ് പ്രവർത്തകരോടും കേന്ദ്രത്തിന്റ നടപടിയുടെ തിരിച്ചടികളെക്കുറിച്ച് ബോധവാൻമാരായിരിക്കണണെന്ന് മോദി പറഞ്ഞതായാണ് റിപ്പോർട്ട്.

'പാർട്ടിക്ക് ഒരിക്കലും ഇത് കണ്ടില്ലന്ന് നടിക്കാനാകില്ല. ജനങ്ങളുടെ പ്രതികരണങ്ങൾ അവഗണിക്കാൻ ബി.ജെ.പിക്ക് കഴിയില്ല. എല്ലാവരേയും ഒപ്പം നിർത്താൻ പാർട്ടിക്ക് കഴിയണം. അതുമാത്രമല്ല, സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായവും വേണം.'-മോദി പറഞ്ഞു.

കശ്മീർ വിഭജനത്തിൽ ആഘോഷം നടത്തുന്നതിനെ ബി.ജെ.പി നേതാക്കൾ വിലക്കിയിട്ടുണ്ട്. ഒപ്പം കശ്മീർ താഴ് വരയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സംഘർഷമുണ്ടാകാനുള്ള സാദ്ധ്യതയും ബി.ജെ.പി തള്ളിക്കളയുന്നില്ല.

ബി.ജെ.പിയെ സംബന്ധിച്ചും മന്ത്രിമാരെ സംബന്ധിച്ച് ഇതും സന്തോഷിക്കേണ്ട കാര്യമാണ്. അത് പുറത്ത് പ്രകടിപ്പിക്കുക എന്നത് സ്വാഭാവികം മാത്രമാണെന്നും ബി.ജെ.പി പ്രവർത്തകർക്കിടയിൽ അഭിപ്രായമുണ്ട്.

അതേസമയം, ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തകളഞ്ഞതിനെ ബി.ജെ.പിയുടെ ഒരു വിജയമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ചരിത്രപമായ ഒരു വിഡ്ഢിത്തം തിരുത്തി എന്ന രീതിയിൽ കണ്ടാൽ മതിയെന്നും ചില പ്രവർത്തകർ പറയുന്നു.

Read More >>