നിര്‍ഭയ കേസ്: വധശിക്ഷ ഈ മാസം 22-ന് നടപ്പാക്കാനാകില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍

ചൊവ്വാഴ്ച വൈകീട്ടാണ് പ്രതികളിലൊരാളായ മുകേഷ് സിങ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ദയാഹര്‍ജി സമര്‍പ്പിച്ചത്.

നിര്‍ഭയ കേസ്: വധശിക്ഷ ഈ മാസം 22-ന് നടപ്പാക്കാനാകില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍

നിര്‍ഭയ കേസിലെ നാല് പ്രതികളെയും ഈ മാസം 22ന് തൂക്കിലേറ്റാന്‍ സാധിക്കില്ലെന്ന് ഡൽഹി സർക്കാർ. പ്രതികളിലൊരാള്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തിലാണ് വധശിക്ഷ ഈ മാസം നടപ്പാക്കുന്നത് സംബന്ധിച്ച് അവ്യക്തയുണ്ടായത്. പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കാന്‍ കീഴ്‌ക്കോടതിയെ സമീപിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ജനുവരി 21ന് പുതിയ മരണ വാറണ്ടിനായി ഞങ്ങൾ കീഴ്‌ക്കോടതിയെ സമീപിക്കും. നിയമപ്രകാരം, ദയാഹർജി തള്ളിയ ശേഷം, പ്രതികൾക്ക് 14 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. ജയില്‍ച്ചട്ടങ്ങള്‍ പ്രകാരം ദയാഹര്‍ജി നിലനില്‍ക്കുമ്പോള്‍ വധശിക്ഷ നടപ്പാക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ പ്രതികളും വെവ്വേറെ ദയാഹര്‍ജി നല്‍കുന്നത് നിരാശാജനകമാണെന്നും സംസ്ഥാനസര്‍ക്കാര്‍ ഹെെക്കോടതിയെ അറിയിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച വൈകീട്ടാണ് പ്രതികളിലൊരാളായ മുകേഷ് സിങ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ദയാഹര്‍ജി സമര്‍പ്പിച്ചത്. ഇയാള്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് ദയാഹര്‍ജി നല്‍കിയത്. നേരത്തെ അക്ഷയ് സിങ് ദയാഹര്‍ജി നല്‍കിയെങ്കിലും അവസാന നിമിഷം അതുപിന്‍വലിച്ചിരുന്നു. കേസിലെ രണ്ടുപ്രതികള്‍ക്കുകൂടി ദയാഹര്‍ജി നല്‍കാനുള്ള സാഹചര്യം ഉണ്ട്.

Next Story
Read More >>