'നാലു തലമുറകളായി ജീവിച്ചവരോടാണ് കേന്ദ്രം ഇന്ത്യക്കാരാണെന്നു തെളിയിക്കാന്‍ പറയുന്നത്; രാജ്യത്ത് ഇനിയും പ്രക്ഷോഭത്തിന്റെ ഷഹീന്‍ബാഗുകള്‍ ഉണ്ടാകും': നന്ദിത ദാസ്

രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഇവിടെ തൊഴിലില്ലായ്മ വര്‍ധിക്കുകയാണ്. മതത്തിനെ അടിസ്ഥാനമാക്കി വേര്‍തിരിവ് നടത്തുന്ന പൗരത്വ നിയമത്തിന്റെ പേരില്‍ ലോകത്താകമാനം രാജ്യം ചര്‍ച്ചാ വിഷയമായിമാറിയിരിക്കുകയാണ്'': നടി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായുള്ള സാധാരണക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും സമരങ്ങളെ പ്രശംസിച്ച് നടി നന്ദിത ദാസ്. ഷഹീന്‍ ബാഗ് പോലുള്ള കൂടുതല്‍ സ്ഥലങ്ങള്‍ രാജ്യത്തുടനീളം വരുന്നുണ്ടെന്നും അവര്‍ പറഞ്ഞു. പൗരത്വ വിഷയത്തിനെതിരായും ശബ്ദമുയര്‍ത്തുന്നവരെ നടി പ്രശംസിച്ചു. നാലു തലമുറകളായി ജീവിച്ചവരോടാണ് സര്‍ക്കാര്‍ ഇന്ത്യക്കാരാണെന്നു തെളിയിക്കാന്‍ പറയുന്നത് വളരെയധികം വേദനാജനകമാണെന്നും ഇതിനെതിരെ എല്ലാവരും ശബ്ദമുര്‍ത്തണമെന്നും അവര്‍ വ്യക്തമാക്കി.

ജെയ്പുര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു നടി. ''പൗരത്വ നിയമത്തിനെതിരായും പൗരത്വ രജിസ്റ്ററിനെതിരായുമുള്ള പ്രക്ഷേഭം ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും ഇടപെടലുകളില്ലാതെ സ്വാവികമായി രൂപാന്തരപ്പെട്ടതാണെന്നും നന്ദിത പറഞ്ഞു. സമരം നയിച്ചത് വിദ്യാര്‍ത്ഥികളും സാധാരണക്കാരുമാണ്. യുവത രാജ്യത്ത് ഒരു പ്രതീക്ഷ സൃഷ്ടിച്ചിട്ടുണ്ട്. മറ്റെല്ലാ സ്ഥലങ്ങളും ഷഹീന്‍ ബാഗ് ആയിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മനുഷ്യരെന്ന നിലയില്‍ നമ്മളെല്ലാം ഈ നിയമത്തിനെതിരെ ശക്തമായി ശബ്ദം ഉയര്‍ത്തേണ്ടതുണ്ട്. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഇവിടെ തൊഴിലില്ലായ്മ വര്‍ധിക്കുകയാണ്. മതത്തിനെ അടിസ്ഥാനമാക്കി വേര്‍തിരിവ് നടത്തുന്ന പൗരത്വ നിയമത്തിന്റെ പേരില്‍ ലോകത്താകമാനം രാജ്യം ചര്‍ച്ചാ വിഷയമായിമാറിയിരിക്കുകയാണ്'': നടി പറഞ്ഞു.

''അമ്പതു വര്‍ഷം മുന്‍പ് ഇതുപോലുള്ള തൊഴിലില്ലായ്മ നമ്മള്‍ കണ്ടിട്ടില്ല. സാമ്പത്തികരംഗം തരിപ്പണമായിക്കൊണ്ടിരിക്കുന്നു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ നമ്മുടെ രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് എഴുതുന്നു. തുല്ല്യതയ്ക്കുള്ള അവകാശം നമ്മുടെ ഭരണഘടന തന്നിട്ടുണ്ട്. നിങ്ങൾ ഏത് മതത്തിലോ ജാതിയിലോ ലിംഗത്തിലോ പെട്ട ആളുകളാവട്ടെ ഭരണഘടനാ പ്രകാരം എല്ലാവരും തുല്ല്യരാണ്. ഈ നിയമത്തിനെതിരായി ചലച്ചിത്ര മേഖലയില്‍ നിന്നും ശക്തമായ ശബ്ദം ഉയരുന്നത് വളരെ നല്ല കാര്യമാണ്'' അവര്‍ വിശദീകരിച്ചു.

Read More >>