സഖ്യസർക്കാർ വന്നാൽ ബുള്ളറ്റ് ട്രെയിനോടില്ല; തുക കർഷകർ ഉൾപ്പെടെയുള്ളവരുടെ ക്ഷേമത്തിന്

മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാവുന്ന 508 കിലോമീറ്റര്‍ ബുള്ളറ്റ് ട്രെയിൻ പദ്ധതി 2023 ഓടെ പൂര്‍ത്തീകരിക്കാനായിരുന്നു മുൻതീരുമാനം.

സഖ്യസർക്കാർ വന്നാൽ ബുള്ളറ്റ് ട്രെയിനോടില്ല; തുക കർഷകർ ഉൾപ്പെടെയുള്ളവരുടെ ക്ഷേമത്തിന്

മഹാരാഷ്ട്രയില്‍ ശിവസേന എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് ആരംഭിക്കാനിരിക്കുന്ന രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. എൻഡിടിവിയാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. സഖ്യം അധികരാത്തിലെത്തിയാൽ ഒരു ലക്ഷം കോടി രൂപ കണക്കാക്കിയിരിക്കുന്ന പദ്ധതി ഉപേക്ഷിക്കുമെന്ന് കോൺ​ഗ്രസിലെ ഉന്നത വൃത്തങ്ങൾ പ്രതികരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

2017ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ മന്ത്രി ഷിന്‍സോ അബെയും ചേർന്ന് അഹമ്മദാബാദിൽ പദ്ധതിക്ക് തറക്കല്ലിട്ടത്. ഗുജറാത്ത്- അഹമ്മദാബാദ്- മുംബൈ നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് വിഭാവനം ചെയ്തിട്ടുള്ള ബുള്ളറ്റ് ട്രെയിന്‍ പദ്ധതി. പദ്ധതിക്കായി ജപ്പാന്‍ 88000 കോടി രൂപ 0.1 ശതമാനം പലിശ നിരക്കിൽ വായ്പ നല്‍കാനായിരുന്നു ഇരു രാജ്യങ്ങളും തമ്മിൽ ധാരണ. ബാക്കി തുക സംസ്ഥാന സര്‍ക്കാർ വഹിക്കാനും ധാരണയായിരുന്നു.

പദ്ധതി റദ്ദാക്കാതിരിക്കാന്‍ ചെലവു വരുന്ന തുക കേന്ദ്രം വഹിക്കണമെന്നും സംസ്ഥാന സര്‍ക്കാറിന് വഹിക്കാനാകില്ലെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി. കര്‍ഷകരുടെ ക്ഷേമമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഇതിൻെറ ഭാ​ഗമായി കാർഷിക കടങ്ങൾ എഴുതി തള്ളുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് പ്രാമുഖ്യം നൽകുമെന്നും നേതാവ് വ്യക്തമാക്കി. ഇതേ പ്രതികരണമാണ് എൻസിപി നേതൃത്വത്തിനുമുള്ളത്.

കഴിഞ്ഞ ആഴ്ച ചേർന്ന മൂന്ന് പാർട്ടികളുടേയും യോ​ഗത്തിൽ വിഷയം ചർച്ച ചെയ്തതായും പദ്ധതിയിലെ സംസ്ഥാന സർക്കാറിൻെറ വിഹിതമായ 5,000 കോടി രൂപ മറ്റേതെങ്കിലും ജനക്ഷേമ പദ്ധതികള്‍ക്കായി ചിലവഴിക്കാനാണ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ നിര്‍മാണച്ചുമതലുള്ള എന്‍.എച്ച്.എസ്.ആര്‍.സി.എല്‍ ഇതുവരെ 48 ശതമാനത്തിലധികം ഭൂമി ഏറ്റെടുക്കുകയും നിരവധി ജോലികള്‍ക്കായി ടെന്‍ഡര്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാവുന്ന 508 കിലോമീറ്റര്‍ ബുള്ളറ്റ് ട്രെയിൻ പദ്ധതി 2023 ഓടെ പൂര്‍ത്തീകരിക്കാനായിരുന്നു മുൻതീരുമാനം.

Read More >>