സവര്‍ക്കറുടെ ചിത്രമുള്ള നോട്ട്ബുക്കുകള്‍ വിതരണം ചെയ്തു: മദ്ധ്യപ്രദേശിൽ സ്‌കൂള്‍ പ്രിന്‍സിപ്പൽക്ക് സസ്പെൻഷൻ

സംഭവത്തിനെതിരെ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന്‍ രംഗത്തെത്തി. നിസ്സാരമായ സംഭവത്തില്‍ കമല്‍നാഥ് സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ചൗഹാന്‍ പറഞ്ഞു.

സവര്‍ക്കറുടെ ചിത്രമുള്ള നോട്ട്ബുക്കുകള്‍ വിതരണം ചെയ്തു: മദ്ധ്യപ്രദേശിൽ സ്‌കൂള്‍ പ്രിന്‍സിപ്പൽക്ക് സസ്പെൻഷൻ

മദ്ധ്യപ്രദേശിലെ സർക്കാർ സ്കൂളിൽ ആര്‍എസ്എസ് സൈദ്ധാന്തികന്‍ വിഡി സവര്‍ക്കറുടെ ചിത്രം പതിച്ച നോട്ട്ബുക്കുകള്‍ വിതരണം ചെയ്ത പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍. രത്‌ലാം ജില്ലയിലെ മാൽവാസയിലെ സർക്കാർ സ്‌കൂളിന്റെ പ്രിൻസിപ്പൽ ആർഎൻ കേരാവത്തിനെയാണ് സർക്കാർ സസ്‌പെൻഡ് ചെയ്തത്.

സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് സസ്‌പെന്‍ഷന്‍ നടപടി. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉജ്ജൈന്‍ ഡിവിഷണല്‍ കമ്മീഷണറാണ് സസ്‌പെന്‍ഷന് ഉത്തരവിട്ടതെന്ന് രത്‌ലാം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെസി ശര്‍മ്മ പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ നാലിനാണ് വീര്‍ സവര്‍ക്കര്‍ മഞ്ച് എന്ന സംഘടന സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ബുക്കുകള്‍ വിതരണം ചെയ്തത്.

നോട്ട്ബുക്കുകളുടെ പുറംചട്ടയില്‍ സവര്‍ക്കറുടെ ചിത്രം പതിച്ചിരുന്നു. ഇതിൽ പരാതി ലഭിച്ചതിനെ തുടർന്ന് കേരാവത്തിന് നോട്ടീസ് നല്‍കി. കേരാവത്തിൻെറ മറുപടിയുടെ അടിസ്ഥാനത്തിൽ ഡിവിഷണല്‍ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും തുടർന്നാണ് അദ്ദേഹത്തിനെതിരെ നടപടിയെടുത്തതെന്നും കെസി ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

അതേസമയം സംഭവത്തിനെതിരെ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന്‍ രംഗത്തെത്തി. നിസ്സാരമായ സംഭവത്തില്‍ കമല്‍നാഥ് സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ചൗഹാന്‍ പറഞ്ഞു. വീര സവര്‍ക്കറിനോടുള്ള വിദ്വേഷം കമല്‍നാഥിനെ പൂര്‍ണമായും അന്ധനാക്കിയിരിക്കുകയാണ്.

കോണ്‍ഗ്രസ് സിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം രാജ്യത്തെ മികച്ച വ്യക്തിത്വങ്ങളെ അപമാനിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ സംസ്ഥാനം ലജ്ജിക്കുന്നതായും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നടപടി അച്ചടക്കത്തിന്റെ ഭാഗമാണെന്നാണ് സർക്കാറിൻെറ ഭാ​ഗത്തു നിന്നുള്ള വിശദീകരണം.

Read More >>