ഇന്ദിരാ ഗാന്ധി അധോലോക കുറ്റവാളി കരീം ലാലയെ കണ്ടിരുന്നുവെന്ന് സഞ്ജയ് റാവുത്ത്; പ്രസ്താവന പിൻവലിക്കണമെന്ന് കോൺഗ്രസ്, സംയമനം പാലിക്കണമെന്നും മുന്നറിയിപ്പ്

പൂനെയിൽ ലോക്മാത് മീഡിയ ഗ്രൂപ് സംഘടിപ്പിച്ച അവാർഡ്ദാന ചടങ്ങിലാണ് സഞ്ജയ് റാവുത്ത് വിവാദ പ്രസ്താവന നടത്തിയത്

ഇന്ദിരാ ഗാന്ധി അധോലോക കുറ്റവാളി കരീം ലാലയെ കണ്ടിരുന്നുവെന്ന് സഞ്ജയ് റാവുത്ത്; പ്രസ്താവന പിൻവലിക്കണമെന്ന് കോൺഗ്രസ്, സംയമനം പാലിക്കണമെന്നും മുന്നറിയിപ്പ്

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അധോലോക കുറ്റവാളി കരീം ലാലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന ആരോപണമുന്നയിച്ച ശിവസേന നേതാവ് സഞ്ജയ് റാവുത്തിനെതിരെ കോൺഗ്രസ് നേതാവ് മിലിന്ദ് ദിയോറ. ഇന്ദിരാ ഗാന്ധി തികഞ്ഞ രാജ്യസ്‌നേഹിയായിരുന്നുവെന്നും റാവുത്ത് പ്രസ്താവന പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്വീറ്റിലാണ് സഞ്ജയ് റാവുത്തിനെതിരെ മിലിന്ദ് ദിയോറ രംഗത്തെത്തിയത്. ' ഇന്ദിരാ ജി തികഞ്ഞ രാജ്യസ്‌നേഹിയായിരുന്നു. അവർ ഒരിക്കലും ദേശ സുരക്ഷയിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. സഞ്ജയ് റാവുത്ത് പ്രസ്താവന പിൻവലിക്കണമെന്ന് മുൻ കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിൽ ഞാൻ ആവശ്യപ്പെടുന്നു. അന്തരിച്ച പ്രധാനമന്ത്രിമാരുടെ പാരമ്പര്യത്തെ വളച്ചൊടിക്കുന്ന പ്രസ്താവന നടത്തുന്നതിൽ നിന്ന് രാഷ്ട്രീയ നേതാക്കൾ സംയമനം പാലിക്കണം.'-ദിയോറ ട്വീറ്റ് ചെയ്തു.

പൂനെയിൽ ലോക്മാത് മീഡിയ ഗ്രൂപ് സംഘടിപ്പിച്ച അവാർഡ്ദാന ചടങ്ങിലാണ് സഞ്ജയ് റാവുത്ത് വിവാദ പ്രസ്താവന നടത്തിയത്. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അധോലോക കുറ്റവാളി കരീം ലാലയെ കാണാൻ മുംബൈയിൽ എത്തിയിട്ടുണ്ടായിരുന്നുവെന്നായിരുന്നു റാവുത്തിന്റെ പ്രസ്താവന.

താൻ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പലതവണ നേരിൽ കണ്ടിട്ടുണ്ടെന്നും റാവുത്ത് പറഞ്ഞിരുന്നു. ഒരിക്കൽ ദാവൂദിന്റെ സംഘത്തിന് താക്കീത് നൽകിയതാണെന്നും റാവുത്ത് വെളിപ്പെടുത്തി. ഗുണ്ടകളും അധോലോക കുറ്റവാളികളും മുംബൈ ഭരിച്ചിരുന്ന കാലത്താണ് താൻ മാദ്ധ്യമപ്രവർത്തനം ആരംഭിച്ചതെന്ന് റാവുത്ത് പറഞ്ഞു. ദാവൂദ് ഇബ്രാഹിം, ഛോട്ട ഷക്കീൽ, ശരദ് ഷെട്ടി എന്നിവർ മുംബൈയും സമീപപ്രദേശങ്ങളും നിയന്ത്രിക്കുകയും മുംബൈ പൊലീസ് കമ്മിഷണറുടെ നിയമനത്തിൽ പോലും ഇടപെടുകയും ചെയ്തിരുന്നുവെന്നും റാവുത്ത് പറഞ്ഞു. ശിവസേന മുഖപത്രമായ സാംനയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററാണ് സഞ്ജയറ് റാവുത്ത്.

1993ലെ മുംബൈ ബോംബ് സ്ഫോടന കേസിലെ പ്രതിയായ ദാവൂദ് ഇബ്രാഹിം അടക്കമുള്ള നിരവധി അധോലോക കുറ്റവാളികളുടെ ചിത്രങ്ങൾ താൻ പകർത്തിയിട്ടുണ്ട്. നിരവധി തവണ ദാവൂദ് ഇബ്രാഹിമിനെ നേരിൽ കണ്ടിട്ടുണ്ട്. ഒരിക്കൽ ദാവൂദിനെ താക്കീത് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Next Story
Read More >>