ദാവൂദ് ഇബ്രാഹിമിനെ പലതവണ കണ്ടിട്ടുണ്ട്, ഒരിക്കൽ അയാൾക്ക് താക്കീത് നൽകിയതാണ്: വെളിപ്പെടുത്തലുമായി സഞ്ജയ് റാവുത്ത്

പൂനെയിലെ ലോക്മാത് മീഡിയ ഗ്രൂപ്പ് സംഘടിപ്പിച്ച അവാർഡ്ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

ദാവൂദ് ഇബ്രാഹിമിനെ പലതവണ കണ്ടിട്ടുണ്ട്, ഒരിക്കൽ അയാൾക്ക് താക്കീത് നൽകിയതാണ്: വെളിപ്പെടുത്തലുമായി സഞ്ജയ് റാവുത്ത്

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ താൻ പലതവണ നേരിൽ കണ്ടിട്ടുണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. ഒരിക്കൽ ദാവൂദിന്റെ സംഘത്തിന് താക്കീത് നൽകിയതാണെന്നും റാവുത്ത് വെളിപ്പെടുത്തി. പൂനെയിലെ ലോക്മാത് മീഡിയ ഗ്രൂപ്പ് സംഘടിപ്പിച്ച അവാർഡ്ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ സംസാരിക്കവെ തന്റെ മാദ്ധ്യമപ്രവർത്തന കാലത്തെക്കുറിച്ച് ഓർമ്മിച്ചെടുക്കുകയായിരുന്നു റാവുത്ത്. ഗുണ്ടകളും അധോലോക കുറ്റവാളികളും മുംബൈ ഭരിച്ചിരുന്ന കാലത്താണ് താൻ മാദ്ധ്യമപ്രവർത്തനം നടത്തിയിരുന്നതെന്ന് റാവുത്ത് പറഞ്ഞു. ദാവൂദ് ഇബ്രാഹിം, ഛോട്ട ഷക്കീൽ, ശരദ് ഷെട്ടി എന്നിവർ മുംബൈയും സമീപപ്രദേശങ്ങളും നിയന്ത്രിക്കുകയും മുംബൈ പൊലീസ് കമ്മിഷണറുടെ നിയമനത്തിൽ പോലും ഇടപെടുകയും ചെയ്തിരുന്നുവെന്നും റാവുത്ത് പറഞ്ഞു. ശിവസേന മുഖപത്രമായ സാംനയുടെ എക്സിക്യൂട്ടീവ് എഡിറ്ററാണ് സഞ്ജയറ് റാവുത്ത്.

1993ലെ മുംബൈ ബോംബ് സ്‌ഫോടന കേസിലെ പ്രതിയായ ദാവൂദ് ഇബ്രാഹിം അടക്കമുള്ള നിരവധി അധോലോക കുറ്റവാളികളുടെ ചിത്രങ്ങൾ താൻ പകർത്തിയിട്ടുണ്ട്. നിരവധി തവണ ദാവൂദ് ഇബ്രാഹിമിനെ നേരിൽ കണ്ടിട്ടുണ്ട്. ഒരിക്കൽ ദാവൂദിനെ താക്കീത് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അധോലക കുറ്റവാളി കരിം ലാലയെ കാണാൻ മുംബൈയിലെത്തിയിട്ടുണ്ടെന്നും റാവുത്ത് അവകാശപ്പെട്ടു. 1960 മുതൽ 1980വരെ മുംബൈ ഭരിച്ച മൂന്ന് അധോലോക കുറ്റവാളികളിൽ ഒരാളാണ് കരീം ലാല. അനധികൃത ചൂതാട്ടം, മദ്യവിൽപന ശാല, ക്വട്ടേഷൻ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന കരീം ലാല 2002ൽ മുംബൈയിൽ തന്റെ 91-ാം വയസിലാണ് മരിച്ചത്.

അതേസമയം, ഇന്ത്യ തേടുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ഇപ്പോഴും സുരക്ഷിതനായി പാകിസ്താനിലുണ്ടെന്നതിന് സ്ഥിരീകരണം. പാക് രഹസ്യാന്വേഷണ ഏജൻസിയുടെ സംരക്ഷണം ദാവൂദിനുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ഇജാസ് ലക്ടാവാലയെ ചോദ്യം ചെയ്തതിലൂടെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ അന്വേഷണ വിഭാഗത്തിന് ലഭിച്ചതെന്നാണ് റിപ്പോർട്ട്.

പാകിസ്താനിൽ സുരക്ഷിതനായുള്ള ദാവൂദ് ഇബ്രാഹിമിന്റെ രണ്ട് മേൽവിലാസവും ഇജാസിൽനിന്ന് അന്വേഷണ ഏജൻസിക്ക് ലഭിച്ചു. (6എ കയബൻ തൻസിം ഫേസ് 5, ഡിഫൻസ് ഹൗസിങ് ഏരിയ, കറാച്ചി പാകിസ്താൻ), (ഡി-13 ബ്രോക്ക് 4 ക്ലിഫ്ടൺ, കറാച്ചി, പാകിസ്താൻ) എന്നീ രണ്ട് മേൽവിലാസങ്ങളാണ് ഇജാസ് ചോദ്യം ചെയ്യലിനിടെ അന്വേഷണ വിഭാഗത്തിന് നൽകിയതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Next Story
Read More >>