തമിഴ്‌നാട്ടിലും ബിജെപിക്ക് അടിതെറ്റുന്നു; സഖ്യം വിടാനൊരുങ്ങി അണ്ണാ ഡിഎംകെ

ജയലളിതയുടെ മരണശേഷമുളള അണ്ണാ ഡിഎംകെ നേതൃത്വമാണ് സംസ്ഥാനത്ത് ബിജെപിയുമായി സഖ്യത്തിലാവുന്നത്.

തമിഴ്‌നാട്ടിലും ബിജെപിക്ക് അടിതെറ്റുന്നു; സഖ്യം വിടാനൊരുങ്ങി അണ്ണാ ഡിഎംകെ

പൗരത്വ നിയമത്തെ ചൊല്ലി തമിഴ്നാട്ടിലും ബിജെപിക്ക് തിരിച്ചടി. ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചേക്കുമെന്ന സൂചനകൾ നൽകി അണ്ണാ ഡിഎംകെ നേതാക്കൾ. ബിജെപിയുമായുളള ബന്ധം ഉപേക്ഷിക്കാന്‍ തക്ക സമയം നോക്കുകയാണ് എന്നാണ് മന്ത്രി ജി ഭാസ്‌കരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. പൗരത്വ നിയമവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങൾക്ക് പുറമെ പെരിയാറുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളും സഖ്യത്തിൽ വിള്ളലുകൾ വീഴ്ത്തിയെന്നാണ് സൂചന.

ബിജെപിയുമായുള്ള സഖ്യം തമിഴ്നാട്ടിലെ ഭരണ കക്ഷികൂടിയായ അണ്ണാ ഡിഎംകെക്ക് സംസ്ഥാനത്ത് നേട്ടമായിട്ടില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. കഴിഞ്ഞ ലോക്‌സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് തിരിച്ചടിയേറ്റതിന് പിന്നില്‍ ബിജെപി ബന്ധമാണെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു. പ്രമുഖ വ്യക്തിത്വങ്ങളെ അധിക്ഷേപിക്കുന്ന ബിജെപി നടപടിയിലും നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

മന്ത്രിസഭയിൽ എല്ലാ മന്ത്രിമാരും പൗരത്വ ഭേദഗതി നിയമത്തിന് എതിരാണ്. ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കാനുള്ള ഉചിതമായ സമയത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണ്. തെരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടിക്ക് കാരണം ബിജെപിയുമായുള്ള ബന്ധമാണ്. ഞങ്ങള്‍ക്ക് സ്വതന്ത്രരാവണം. ബിജെപി വോട്ടുകൾ എഐഡിഎംകെയ്ക്ക് ലഭിച്ചിട്ടില്ലെന്നും മന്ത്രി ജി ഭാസ്‌കരന്‍ പറഞ്ഞു.

പെരിയാര്‍, അണ്ണാ (സിഎന്‍ അണ്ണാദുരൈ), എംജി രാമചന്ദ്രന്‍, ജയലളിത തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മറ്റൊരു നേതാവായ ജയകുമാര്‍ പറഞ്ഞു. ഇനിയും ഇത്തരം അധിക്ഷേപങ്ങള്‍ തുടര്‍ന്നാല്‍ സര്‍ക്കാര്‍ അതിന് അറുതി വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ പാര്‍ട്ടിയുടെ മുസ്ലിം മുഖമായ അന്‍വര്‍ രാജയും ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു.

ദേശീയ തലത്തിലും പൗരത്വ നിയമം ബിജെപിക്ക് തിരിച്ചടിയാവുന്നുണ്ട്. നിയമത്തെ തുടർന്ന് ഏറെ കാലമായി സഖ്യത്തിലുണ്ടായിരുന്ന അകാലിദൾ അടക്കമുളള സഖ്യകക്ഷികൾ ബിജെപിയോട് അകലുകയാണ്. പശ്ചിമ ബംഗാള്‍ ബിജെപി ഉപാധ്യക്ഷന്‍ ചന്ദ്ര കുമാര്‍ ബോസ് പാര്‍ട്ടി വിടുമെന്ന സൂചന നല്‍കിക്കഴിഞ്ഞു. ബീഹാറിൽ സിഎഎ നടപ്പിലാക്കില്ലെന്ന് ജെഡിയുവും നിലപാടെടുത്തിട്ടുണ്ട്.

Next Story
Read More >>