ഉന്നതരിൽ നിന്നുള്ള എതിർപ്പ് അവഗണിച്ചാണ് ഡൽഹി ഹൈക്കോടതി ജഡ്ജായി മുരളീധറിനെ ഞാൻ നിയമിച്ചത്; സർക്കാരിന് ഇഷ്ടപ്പെടാത്ത വിധി പ്രസ്താവിച്ചതിനാണ് സ്ഥലം മാറ്റിയതെങ്കിൽ അതിനെ ദൗർഭാഗ്യകരമെന്നേ വിളിക്കാനാകൂ- കട്ജു

ജസ്റ്റിസ് മുരളീധറിനെ ഡൽഹി ഹൈക്കോടതി ജഡ്ജായി നിയമിച്ചത് കട്ജുവായിരുന്നു

ഉന്നതരിൽ നിന്നുള്ള എതിർപ്പ് അവഗണിച്ചാണ് ഡൽഹി ഹൈക്കോടതി ജഡ്ജായി മുരളീധറിനെ ഞാൻ നിയമിച്ചത്; സർക്കാരിന് ഇഷ്ടപ്പെടാത്ത വിധി പ്രസ്താവിച്ചതിനാണ് സ്ഥലം മാറ്റിയതെങ്കിൽ അതിനെ ദൗർഭാഗ്യകരമെന്നേ വിളിക്കാനാകൂ- കട്ജു

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിനു കാരണമായ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട ഡൽഹി ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എസ്. മുരളീധറിന്റെ സ്ഥലം മാറ്റത്തിനു പിന്നാലെ പ്രതികരണവുമായി സുപ്രിം കോടതി മുൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. ജസ്റ്റിസ് മുരളീധറിനെ ഡൽഹി ഹൈക്കോടതി ജഡ്ജായി നിയമിച്ചത് കട്ജുവായിരുന്നു. അദ്ദേഹത്തെ ഡൽഹി ഹൈക്കോടതി ജഡ്ജായി നിയമിക്കുന്നതിനു നേരിട്ട തടസങ്ങളും അദ്ദേഹം എത്രമാത്രം അറിവുള്ള വ്യക്തിയായിരുന്നുവെന്നും കട്ജു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഓർമ്മിക്കുന്നുണ്ട്.

"ജസ്റ്റിസ് എസ് മുരളീധറിനെ ഡൽഹി ഹൈക്കോടതിയിൽ നിന്നു പഞ്ചാബിലേക്കു സ്ഥലം മാറ്റിയത് എന്നെ ഏറെ അത്ഭുതപ്പെടുത്തി. 2005ൽ ഞാൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന സമയത്ത് നിരവധി ഒഴിവുകൾ കോടതിയിൽ ഉണ്ടായിരുന്നു. അവ നികത്തുന്നതിന് നല്ല ജഡ്ജുമാരെ നിയമിക്കാൻ ഞാൻ തീരുമാനിച്ചു. എനിക്കു മുമ്പിലുണ്ടായിരുന്ന പേരുകളിൽ എസ്. മുരളീധറും ഉണ്ടായിരുന്നു. തമിഴനാട് സ്വദേശിയായ മുരളീധർ സുപ്രിം കോടതിയിലും ഡൽഹി ഹൈക്കോടതിയിലും ഒരുപാട് വർഷമായി അഭിഭാഷകനായി ജോലിചെയ്തുവരികയായിരുന്നു. മദ്രാസ് ഹൈക്കോടതിയിൽ ജോലിയാരംഭിച്ച അദ്ദേഹം പിന്നീട് ഡൽഹിയിലേക്ക് മാറുകയായിരുന്നു. ചില കേസുകളിൽ അദ്ദേഹം എനിക്കു മുമ്പിൽ ഹാജരായിട്ടുണ്ട്. അദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവും വസ്തുതകൾ വിശദീകരിക്കുന്നതിലുള്ള നൈപുണ്യവും എന്നെ വളരെ ആകർഷിച്ചിരുന്നു. അദ്ദേഹത്തെ കുറിച്ച് പല മുതിർന്ന അഭിഭാഷകരോടും ജഡ്ജുമാരോടും ഞാൻ അഭിപ്രായം ആരാഞ്ഞു. എല്ലാവരും അദ്ദേഹത്തിന് അനുകൂലമായാണ് സംസാരിച്ചത്.

ഹൈക്കോടതി ജഡ്ജ് എന്ന നിലയിലേക്ക് അദ്ദേഹത്തിനു സ്ഥാനക്കയറ്റം നൽകാൻ ഞാൻ ശുപാർശ ചെയ്യാൻ തീരുമാനിച്ചു. പക്ഷേ, ഹൈക്കോടതിയിലെ ഒരു മുതിർന്ന ജഡ്ജ് എന്റെ ഈ തീരുമാനത്തെ ശക്തമായി എതിർത്തു. മുരളീധർ ഒരു തമിഴനാണെന്നും ഡൽഹിയിൽ തന്നെ കഴിവുള്ള നിരവധി അഭിഭാഷകർ ഉള്ളപ്പോൾ എന്തിനാണ് മുരളീധറിനെ ജഡ്ജ് ആയി നിയമിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ഇന്ത്യ ഒറ്റ രാജ്യമാണെന്നും അതുകൊണ്ട് നമ്മൾ ഇടുങ്ങിയ ചിന്താഗതിയുമായി നടക്കരുത് എന്നും അദ്ദേഹത്തിനു ഞാൻ മറുപടി നൽകി. പിന്നീട് ജസ്റ്റിസ് സബർവാളുമായി ഞാൻ ഇക്കാര്യം ചർച്ച ചെയ്തു. എന്റെ അഭിപ്രായവും അതിൽ ഡൽഹി ഹൈക്കോടതി മുതിർന്ന ജഡ്ജിന്റെ എതിർപ്പുമെല്ലാം അദ്ദേഹവുമായി പങ്കുവച്ചു. എന്റെ തീരുമാനത്തോട് പൂർണ്ണയോജിപ്പാണ് ജസ്റ്റിസ് സബർവാൾ കാണിച്ചത്. തനിക്കുമുമ്പിൽ ചില കേസുകളിൽ അദ്ദേഹം ഹാജരായിട്ടുണ്ടെന്നും നല്ല അഭിഭാഷകനാണെന്നും അദ്ദേഹം പറഞ്ഞു.

എന്റെ രണ്ട് മുതിർന്ന സഹപ്രവർത്തകരുമായും ഞാൻ ഇക്കാര്യം ചർച്ച ചെയ്തു. അവരും എന്നോട് യോജിച്ചു. അതിനു ശേഷമാണ് മുരളീധറിന്റെ പേര് ഞാൻ നിർദ്ദേശിച്ചത്. അങ്ങനെയാണ് ഡൽഹി ഹൈക്കോടതി ജഡ്ജായി എസ്. മുരളീധർ വരുന്നത്. ഇതുവരെ അദ്ദേഹം മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചത്.

എന്തുകൊണ്ടാണ് അദ്ദേഹത്തെ ഡൽഹി ഹൈക്കോടതിയിൽ നിന്നു സ്ഥലം മാറ്റുന്നതെന്ന് അറിയില്ല. ഇപ്പോൾ കലിഫോർണിയയിൽ ആയതുകൊണ്ട് ഇക്കാര്യം സുപ്രിം കോടതി ജഡ്ജുമാരുമായി സംസാരിക്കാനായില്ല. പക്ഷേ, മുരളീധറിന്റെ ചില വിധിപ്രസ്താവങ്ങൾ സർക്കാരിന് ഇഷ്ടപ്പെടാത്തതുകൊണ്ടാണ് അദ്ദേഹത്തെ സ്ഥലം മാറ്റുന്നത് എങ്കിൽ അതിനെ ദൗർഭാഗ്യകരമെന്നേ എനിക്കു വിളിക്കാനാകൂ"-കട്ജു ഫേസ്ബുക്കിൽ കുറിച്ചു.

Next Story
Read More >>