'നോക്കാം ആരുടെ കൈകളാണ് ശക്തമെന്ന്, നമ്മുടേതോ അതോ കൊലയാളികളുടേതോ' : കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മണി ശങ്കര്‍ അയ്യര്‍

എല്ലാവരുടേയും വളർച്ച എന്ന പ്രഖ്യാപനവുമായാണ് ബിജെപി അധികാരത്തിലേറിയത് എന്നാൽ ആ മുദ്രാവാക്യം പോലും മാറി എല്ലാവരുടേയും നാശം എന്നായി.

ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരുന്ന ഡൽഹിയിലെ ഷഹീൻ ബാഗിൽ കോൺഗ്രസ് നേതാവ് മണി ശങ്കർ എത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ കേന്ദ്ര സര്‍ക്കാരിനെ 'കൊലയാളികള്‍' എന്നാണ് അയ്യര്‍ വിളിച്ചത്.

'ആവശ്യം നേടിയെടുക്കുന്നതിന് എന്തു ത്യാഗത്തിനും താൻ തയ്യാറാണ്. നമുക്ക് നോക്കാം ആരുടെ കൈകളാണ് കരുത്തുറ്റതെന്ന്. നമ്മുടേതോ അതോ കൊലയാളികളുടേതോ'- ഐയ്യർ ഷഹീന്‍ ബാഗില്‍ പറഞ്ഞു. എല്ലാവരുടേയും വളർച്ച എന്ന പ്രഖ്യാപനവുമായാണ് ബിജെപി അധികാരത്തിലേറിയത് എന്നാൽ ആ മുദ്രാവാക്യം പോലും മാറി എല്ലാവരുടേയും നാശം എന്നായി- അയ്യര്‍ ആഞ്ഞടിച്ചു.

സമ്പദ്വ്യവസ്ഥയുടെ തകർച്ചയെ തടയുന്നതിലെ പരാജയത്തിൽ നിന്നും യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്നും വഴിതിരിച്ചു വിടാനുള്ള കേന്ദ്രത്തിന്റെ ഗൂഢ നീക്കമാണ് സിഎഎയും എൻആർസിയും. എന്നാൽ ജനങ്ങളെ ഇനി കബളിപ്പിക്കാൻ കഴിയില്ലെന്ന് ഷഹീൻ ബാഗിലെ ധീരരായ സ്ത്രീകൾ കേന്ദ്രത്തോട് പറയുന്നു-- അയ്യർ കൂട്ടിച്ചേര്‍ത്തു.

ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയില്ലാതെ പ്രതിഷേധം നടത്തുന്ന ഷഹീൻ ബാഗിലെ സ്ത്രീകളെ അയ്യർ പ്രശംസിച്ചു. രാഷ്ട്രീയക്കാരുടേയും പിന്തുണയില്ലാതെ വീടും കുടുംബവും ഉപേക്ഷിച്ച് നിങ്ങൾ കഴിഞ്ഞ മുപ്പത് ദിവസമായി നിങ്ങൾ ഇവിടെ പ്രതിഷേധിക്കുന്നതിനെ അംഗീകരിച്ചേ മതിയാവു - അയ്യർ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഡിസംബർ 15ന് ആരംഭിച്ച ഷാഹിന്‍ ബാഗിലെ സ്ത്രീകളുടെ സമരം ഒരുമാസം പിന്നിടുകയാണ്.

Read More >>