മോദിക്ക് 'ഗുഡ് സർട്ടിഫിക്കറ്റ്' നൽകലല്ല കോൺഗ്രസിന്റെ പണി: കെ.സി വേണുഗോപാൽ

മോദി പറയുന്നതും ചെയ്യുന്നതും നല്ല കാര്യമായാൽ അഭിനന്ദിക്കപ്പെടണം. എങ്കിൽ മാത്രമേ മോദിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ വിമർശനത്തിന് വിശ്വാസ്യതയുണ്ടാകൂ എന്നാണ് തരൂർ പറഞ്ഞത്

മോദിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകലല്ല കോൺഗ്രസിന്റെ പണി: കെ.സി വേണുഗോപാൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ചുള്ള ജയറാം രമേശിന്റേയും ശശി തരൂരിന്റേയും അഭിഷേക് സിങ്‌വിയുടേയും പ്രസ്താവനക്കെതിരെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. നേതാക്കളുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും കോൺഗ്രസിന്റേതല്ലെന്നും വേണുഗോപാൽ പറഞ്ഞു.

നരേന്ദ്ര മോദിക്ക് നല്ല സർട്ടിഫിക്കറ്റ് നൽകൽ അല്ല കോൺഗ്രസിന്റെ പണി. സർക്കാരിന്റെ നല്ല കാര്യം പറയരുതെന്ന് പറഞ്ഞിട്ടില്ലെന്നും വേണുഗോപാൽ പ്രതികരിച്ചു. എന്നാൽ നിലവിലെ സാമ്പത്തിക തകർച്ച അടക്കമുള്ളത് കൂടി കാണേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തന്റെ മോദി അനുകൂല പ്രസ്താവനയിൽ മാപ്പ് പറയേണ്ട കാര്യമില്ലെന്ന് ശശി തരൂർ എംപി പറഞ്ഞു.

മോദി പറയുന്നതും ചെയ്യുന്നതും നല്ല കാര്യമായാൽ അഭിനന്ദിക്കപ്പെടണം. എങ്കിൽ മാത്രമേ മോദിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ വിമർശനത്തിന് വിശ്വാസ്യതയുണ്ടാകൂ എന്നാണ് തരൂർ പറഞ്ഞത്.

ജയറാം രമേശാണ് മോദിക്കെതിരെയുള്ള വിമർശനത്തിനെതിരെ ആദ്യം രംഗത്തെത്തിയത്. പിന്തുണയുമായി അഭിഷേക് സിങ്‌വിയും ശശി തരൂരും രംഗത്തെത്തി. ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്ക് ഗ്യാസ് കണക്ഷൻ നൽകുന്ന ഉജ്വല യോജന പദ്ധതി മികച്ചതായിരുന്നുവെന്നും ഇരു നേതാക്കളും അഭിപ്രായപ്പെട്ടു.

മോദിയുടെ ഭരണം പൂർണമായി തെറ്റല്ല. ഭരണ നേട്ടങ്ങളെ അംഗീകരിക്കാത്തതും കുറ്റപ്പെടുത്തുന്നതും ആർക്കും ഗുണം ചെയ്യില്ല. ജനത്തെ ചേർത്തുനിർത്തുന്ന ഭാഷയിലാണ് മോദി സംസാരിക്കുന്നത്. മോദി ഭരണത്തിൽ എല്ലാം തകർന്നുവെന്ന് പറയുന്നത് ശരിയല്ലെന്നും ജയറാം രമേശ് പറഞ്ഞിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദുഷ്ടനായി ചിത്രീകരിക്കുന്നത് തെറ്റാണ്. വ്യക്തിയധിഷ്ടിതമായല്ല പകരം വിഷയാധിഷ്ടിതമായാവണം വിമർശനങ്ങളെന്നും ആയിരുന്നു അഭിഷേക് സിങ്‌വി ട്വിറ്ററിൽ കുറിച്ചത്.

Read More >>