'മസ്ജിദുകളിൽ പ്രാർത്ഥനയല്ല, ആയുധങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്നു'- വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംഎൽഎ

പൗരത്വ നിയമത്തിനെ എതിര്‍ക്കുന്നവരെ ഭൂരിപക്ഷ സമുദായക്കാര്‍ തെരുവില്‍ അടിച്ചൊതുക്കുമെന്നായിരുന്നു മറ്റൊരു എംഎല്‍എയായ സോമശേഖര്‍ റെഡ്ഡി നേരത്തെ പറഞ്ഞിരുന്നത്.

മുസ്ലിം വിഭാഗത്തിനെതിരെ കടുത്ത വിദ്വേഷ പരാമര്‍ശവുമായി കര്‍ണാടക മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേഷ്ടാവും എംഎൽഎയുമായ എംപി രേണുകാചാര്യ. മുസ്ലിം പള്ളികളില്‍ ആയുധങ്ങള്‍ ശേഖരിക്കുകയാണെന്നായിരുന്നു ബിജെപി നേതാവിന്റെ പ്രസ്താവന. തിങ്കളാഴ്ച പൗരത്വ നിമയത്തെ അനുകൂലിച്ച് ബിജെപി നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു രേണുകാചാര്യ.

''മസ്ജിദുകളിലിരുന്ന് ഫത്വ പുറപ്പെടുവിക്കുന്ന ചില രാജ്യദ്രോഹികളുണ്ട്. അവര്‍ പ്രാര്‍ത്ഥിക്കുന്നതിന് പകരം ആയുധങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുകയാണ്. ഇതിനാണോ നിങ്ങള്‍ക്ക് മസ്ജിദുകൾ വേണ്ടത്'' -രേണുകാചാര്യ ചോദിച്ചു. മുസ്ലീങ്ങൾക്ക് നല്‍കുന്ന പണം ഹിന്ദുക്കള്‍ക്ക് കൊടുക്കാൻ മടിക്കില്ലെന്നും ബിജെപി നേതാവ് ഭീഷണി മുഴക്കി.

''എന്റെ താലുക്കിൽ മുസ്ലീങ്ങൾക്ക് അനുവദിച്ച പണം ഹിന്ദുക്കൾക്കായി ഉപയോഗിക്കുന്ന രാഷ്ട്രീയത്തിലേക്ക് കടക്കാൻ മടികാണിക്കില്ല. മുസ്ലീങ്ങളെ അവര്‍ അര്‍ഹിക്കുന്നയിടത്താക്കി രാഷ്ട്രീയം എന്താണെന്ന് കാണിച്ച് കൊടുക്കുമെന്നും'' ബിജെപി എംഎല്‍എ പറഞ്ഞു.

ഹൊന്നാലി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എകൂടിയാണ് ഇയാൾ. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് പൗരത്വ നിയമത്തിന് എതിരെ വലിയ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. നേരത്തേയും ബിജെപി നേതാക്കള്‍ ഇത്തരം വര്‍ഗീയ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയിരുന്നു. പൗരത്വ നിയമത്തിനെ എതിര്‍ക്കുന്നവരെ ഭൂരിപക്ഷ സമുദായക്കാര്‍ തെരുവില്‍ അടിച്ചൊതുക്കുമെന്നായിരുന്നു മറ്റൊരു എംഎല്‍എയായ സോമശേഖര്‍ റെഡ്ഡി നേരത്തെ പറഞ്ഞിരുന്നത്.

Read More >>