കരീംലാല; മുംബൈ മഹാനഗരം വിറപ്പിച്ച ആദ്യ അധോലോക നായകൻ

വളരെ പെട്ടന്ന് തന്നെ പത്താൻ ഗ്യാങ്ങിന്റെ തലവനായി കരീം ലാല മാറി. ക്വട്ടേഷൻ കൊലപാതകങ്ങൾ കുടിയൊഴിപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ, കവർച്ച തുടങ്ങിയവയിലേക്ക് കരീംലാല നീങ്ങി

കരീംലാല; മുംബൈ മഹാനഗരം വിറപ്പിച്ച ആദ്യ അധോലോക നായകൻ

തന്റെ ബുദ്ധി മാത്രം പോര, എന്തിനും തയ്യാറുള്ള, നഗരത്തെ വിറപ്പിച്ച് നിർത്തുന്ന ഒരാൾ കൂടി ഒപ്പം വേണമെന്ന തോന്നൽ ശക്തമായപ്പോഴാണ് മുംബൈയിലെ ഒന്നാംകിട റൗഡിയായ കരീം ലാലയെ അധോലോക നായകൻ ഹാജി മസ്താൻ കൂട്ടിപിടിച്ചത്. തനിക്കും തന്റെ ആളുകൾക്കും, തങ്ങൾ കടത്തുന്ന വസ്തുക്കൾക്കും നിങ്ങളുടേയും നിങ്ങളുടെ ആളുകളുടേയും സുരക്ഷ വേണം എന്നായിരുന്നു ഹാജി മസ്താൻ കരീം ലാലയോട് ആവശ്യപ്പെട്ടത്. ഇതിൽ നിന്ന് തനിക്ക് എന്ത് കിട്ടുമെന്ന് ചോദിച്ച കരീം ലാലയോട് മസ്താൻ പറഞ്ഞത്, കടത്തുന്ന സ്വർണത്തിന്റെ വിലയും ഷെയറും അനുസരിച്ചേ അത് തീരുമാനിക്കാനാകൂ, നിശ്ചിതമായ ഒരു അനുപാതം പറയുക പ്രയാസമാണ് എന്നായിരുന്നു. വളരെ സൂത്രത്തോടെയാണ് മസ്താൻ ഈ മറുപടി പറഞ്ഞത്. എന്നാൽ, കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷം ഹാജി മസ്താന്റെ ഓഫർ കരീം ലാല സ്വീകരിച്ചു. ദീർഘനിശ്വാസം വിട്ട് ഹാജി മസ്താന് നേരെ നോക്കി പുഞ്ചിരിച്ച് കൈ നീട്ടി. ആ ഷെയ്ഖ് ഹാൻഡ്‌സിൽ നിന്നാണ് മുംബൈ നഗരത്തിലെ അധോലോക കൂട്ടുകെട്ട് തുടങ്ങുന്നത്.

ഇപ്പോൾ, ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്റെ ഒരു പ്രസ്താവന അധോലോക നായകൻ കരീം ലാലയെ വീണ്ടും മുഖ്യധാരയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കരീം ലാലയെ കാണാൻ മുംബൈയിൽ എത്തിയിരുന്നുവെന്ന റാവുത്തിന്റെ പ്രസ്താവന രാഷ്ട്രീയ വൃത്തത്തിനുള്ളിൽ വലിയ ചർച്ചയ്ക്കും വാദപ്രതിവാദത്തിനും ഇടയൊരുക്കിയിരിക്കുകയാണ്. ആരാണ് കരീം ലാല?

1911ൽ അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ ജനനം. അബ്ദുൽ കരീം ഷേർ ഖാൻ എന്നാണ് യഥാർത്ഥ പേര്. പത്താൻ ഗോത്ര വിഭാഗത്തിൽപെടുന്നയാളാണ് കരിം. പത്തൊൻപതുകളിൽ കുടുംബത്തോടൊപ്പം മുംബൈയിലെത്തിയ കരീം ഏറ്റവും കൂടുതൽ ജനസാന്ദ്ര തയേറിയ തെക്കൻ മുംബൈയിലെ ഭേന്തി ബസാറിൽ താമസമാക്കി. തുടക്കത്തിൽ മുംബൈ കപ്പലുകളിൽ സാധാരണ ജോലിക്കാരനായി തുടങ്ങിയ കരീമിന്റെ ജീവിതം പിന്നീട് മുംബൈയിലെ മാർവാഡിമാരുടേയും ഗുജറാത്തി പലിശ ഇടപാടുകാരുടേയു സഹായിയായി പ്രവർത്തിച്ചു. പണവും മറ്റും ജനങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്നതിന് പത്താൻ വിഭാഗങ്ങളെയാണ് ഉപയോഗിച്ചിരുന്നത്. ഇവരെ വലിപ്പവും ആകാരവും കണ്ട് പേടിച്ച് ജനങ്ങൾ പണം നൽകുമെന്ന ധാരണയിലാണ് ഇവരെ ഉപയോഗിച്ചിരുന്നത്.

വളരെ പെട്ടന്ന് തന്നെ പത്താൻ ഗ്യാങ്ങിന്റെ തലവനായി കരീം ലാല മാറി. ക്വട്ടേഷൻ കൊലപാതകങ്ങൾ കുടിയൊഴിപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ, കവർച്ച തുടങ്ങിയവയിലേക്ക് കരീംലാല നീങ്ങി. രണ്ട് പതിറ്റാണ്ടുകാലം പത്താൻ ഗ്യാങ്ങിന്റെ നേതാവായി കരീംലാല തുടർന്നു. പിന്നീട് എഴുപതുകളിലാണ് കരീം ലാല ഹാജി മസ്താനും വരദരാജനുമായി കൈകോർത്തത്.

എന്നാൽ പതുക്കെ ആരോഗ്യം ക്ഷയിച്ചുതുടങ്ങിയ കരീംലാല പത്താൻ ഗ്യാങ്ങിന്റെ നേതൃത്വം ബന്ധുവായ സമദ് ഖാനെ ഏൽപ്പിച്ച് ഹോട്ടൽ-ട്രാൻസ്‌പോർട്ട് ബിസിനസുമായി മുന്നോട്ട് നീങ്ങി. നിരവധി നിയമവിരുദ്ധ ബിസിനസുകൾക്കൊപ്പം കരീം ലാലയ്ക്കുണ്ടായിരുന്ന നിയമാനുസൃത ബിസിനസുകൾ എന്നുപറയുന്നത് രണ്ട് ഹോട്ടലുകളും ട്രാവൽ-പാസ്‌പോർട്ട് ഏജൻസികളുമായിരുന്നു.

ബോളിവുഡ് സിനിമാ മേഖലയുമായി കരീം ലാലയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പല പാർട്ടികളിലേക്കും ഈദ് ആഘോഷങ്ങളിലേക്കും നിരവധി ബോളിവുഡ് സിനിമാ താരങ്ങൾക്ക് ക്ഷണമുണ്ടാകാറുണ്ടായിരുന്നു. ബോളിവുഡ് സിനിമകളിലെ നിരവധി കഥാപാത്രങ്ങൾക്ക് കരീം ലാലയുമായി സാമ്യമുണ്ടായിരുന്നു. 1973ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം 'സഞ്ജീർ' ലെ ഷേർ ഖാൻ എന്ന കഥാപാത്രം കരീം ലാലയുടെ മാനറിസവുമായി ഏറെ സാമ്യമുള്ളതായിരുന്നു.

ആഴ്ചതോറും കരീം ലാല ദർബാർ നടത്താറുണ്ടായിരുന്നു. ഇതിൽ പലവിധത്തിലുള്ള ആളുകളും വരികയും അവരുടെ പ്രശ്‌നങ്ങൾ പറയുകയും സാമ്പത്തികമായും തന്റെ ഗ്യാങ്ങിന്റെ കായിക ബലംകൊണ്ടും അവ പരിഹരിച്ചുകൊടുക്കുകയും ചെയ്യാറുണ്ടായിരുന്നു. 2002 ഫെബ്രുവരി 19ന് 90-ാം വയസ്സിൽ ഹൃദയസ്തംഭനത്തെ തുടർന്നാണ് കരിംലാല മരിച്ചത്.

Next Story
Read More >>