'മനസ്സിൽ ഭയമില്ലാത്തവൻ'; ചന്ദ്രശേഖർ ആസാദിന്റെ ജാമ്യഹർജി വിചാരണയിൽ രബീന്ദ്രനാഥ് ടാഗോറിന്റെ വരികൾ ഉദ്ധരിച്ച് ജഡ്ജ്

രാജ്യത്തെ പൗരന്മാർ സത്യസന്ധരും ചിന്താശേഷിയുള്ളവരുമാകണമെന്നായിരുന്നു ടാഗോറിന്റെ ആഗ്രഹമെന്ന് അദ്ദേഹത്തിന്റെ കവിത വായിച്ചുകൊണ്ട് ജഡ്ജ് പറഞ്ഞു

ന്യൂഡൽഹി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ജാമ്യം അനുവദിക്കുന്നവേളയിൽ രബീന്ദ്രനാഥ് ടാഗോറിന്റെ കവിതയിലെ വരികൾ വായിച്ച് ഡൽഹി കോടതി ജഡ്ജ്. രബീന്ദ്രനാഥ് ടാഗോറിന്റെ 'വേർ ദ മൈൻഡ് ഈസ് വിത്തൗട്ട് ഫിയർ' (where the mind is without fear) എന്ന കവിതയിലെ ഭാഗങ്ങളാണ് ജഡ്ജ് കാമിനി ലോ വായിച്ചത്. മനസ്സിൽ ഭയമില്ലാത്ത, എല്ലാവർക്കും വിദ്യാഭ്യാസം ലഭിക്കുന്ന, വിവചേനത്തിന്റെ മതിൽക്കെട്ടുകളില്ലാത്ത ഒരു കാലം രബീന്ദ്രനാഥ് ടാഗോറിന്റെ സങ്കൽപത്തിലുണ്ടായിരുന്നുവെന്ന് ജഡ്ജ് പറഞ്ഞു.

മറ്റുള്ളവരുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്നും ആർക്കും അസൗകര്യമുണ്ടാകുന്നില്ലെന്നും ഉറപ്പുവരുത്തേണ്ടത് പൗരന്റെ കടമയാണെന്നും ജഡ്ജ് ഓർമ്മിപ്പിച്ചു. 'നമ്മുടെ ബഹുമാനപ്പെട്ട ദേശസ്‌നേഹിയായ കവി രബീന്ദ്രനാഥ് ടാഗോറിന്റെ വരികൾ ഇന്ന് ഏറെ പ്രസക്തമാണെന്ന് ഞാൻ ഓർമ്മിപ്പിക്കുന്നു. ജനങ്ങളുടെ മനസ്സിൽ ഭയമില്ലാത്ത, എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാകുന്ന ഒരു രാജ്യം അദ്ദേഹം സ്വപ്‌നം കണ്ടിരുന്നു.'- ജഡ്ജ് പറഞ്ഞു.

രാജ്യത്തെ പൗരന്മാർ സത്യസന്ധരും ചിന്താശേഷിയുള്ളവരുമാകണമെന്നായിരുന്നു ടാഗോറിന്റെ ആഗ്രഹമെന്ന് അദ്ദേഹത്തിന്റെ കവിത വായിച്ചുകൊണ്ട് ജഡ്ജ് പറഞ്ഞു. നമ്മുടെ രാജ്യത്തെ പൗരന്മാർക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്. അത് ഇല്ലാതാക്കാൻ ഭരണകൂടങ്ങൾക്ക് കഴിയില്ല.എന്നിരുന്നാലും ഭരണഘനയിലെ അവകാശങ്ങളും കടമകളും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തേണ്ടത് ആവശ്യമാണ്. സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശം വിനിയോഗിക്കുമ്പോൾ, അതിലൂടെ മറ്റൊരാളുടെ അവകാശം ലംഘിക്കപ്പെടുന്നില്ലെന്നും ഉറപ്പാക്കേണഅടത് നമ്മുടെ കടമയാണെന്നും ജഡ്ജ് പറഞ്ഞു.

ഇന്നലെയാണ് ചന്ദ്രശേഖർ ആസാദിന് കോടതി ജാമ്യം അനുവദിച്ചത്. ഫെബ്രുവരി 16 വരെ ഡൽഹിയിൽ ഒരു പ്രതിഷേധവും നടത്തരുത് എന്ന ഉപാധിയോടെയാണ് ഡൽഹിയിലെ തീസ് ഹസാരി കോടതി ജാമ്യം അനുവദിച്ചത്.

ആസാദിന്റെ സുരക്ഷയെ കുറിച്ച് കോടതിക്ക് ആശങ്കയുണ്ടെന്നും നാലാഴ്ചത്തേക്ക് ഡൽഹിയിൽ ഉണ്ടാകരുത് എന്നും ജഡ്ജ് പറഞ്ഞു. ഡൽഹി തെരഞ്ഞെടുപ്പിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ഉത്തരവ് പുറപ്പെടുവിക്കവെ ജഡ്ജ് പറഞ്ഞത്. അതേസമയം, ജമാ മസ്ജിൽ പ്രണാമം നടത്തണമെന്ന ആസാദിന്റെ അഭിഭാഷകൻ മഹ്മൂദ് പ്രാചയുടെ ആവശ്യം കോടതി അംഗീകരിച്ചു. ഡൽഹിയിൽ താമസിക്കാൻ ആസാദിനെ അനുവദിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. വീട്ടിൽ തന്നെ കഴിയാം എന്ന് അഭിഭാഷകൻ പറഞ്ഞെങ്കിലും കോടതി വഴങ്ങിയില്ല.

Read More >>