ഡൽഹി തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പിന്തുണ: എങ്ങനെയാണ് അതിനു സാധിച്ചത്?-നിതീഷിനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി ജനറൽ സെക്രട്ടറി

നിതീഷ് കുമാറിനെഴുതിയ കത്തിലാണ് പവൻ വർമ തീരുമാനത്തിൽ അതൃപ്തി അറിയിച്ചത്

ഡൽഹി തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പിന്തുണ: എങ്ങനെയാണ് അതിനു സാധിച്ചത്?-നിതീഷിനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി ജനറൽ സെക്രട്ടറി

പട്‌ന: നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പവൻ കെ വർമ. നിതീഷ് കുമാറിനെഴുതിയ കത്തിലാണ് പവൻ വർമ തീരുമാനത്തിൽ അതൃപ്തി അറിയിച്ചത്. നിലവിലെ സംഭവവികാസത്തിൽ വളരെയധികം ആശയക്കുഴപ്പമുണ്ടെന്നും പ്രത്യയശാസ്ത്രപരമായ വ്യക്തത ആവശ്യമാണെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.

"ഡൽഹി തെരഞ്ഞെടുപ്പിൽ എങ്ങനെയാണ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയത്? സി.എ.എ, എൻ.പി.ആർ, എൻ.ആർ.സി എന്നിവയിൽ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ എങ്ങനെയാണ് അതിനു സാധിച്ചതെന്ന് കത്തിൽ ചോദിച്ചു."-പവൻ വർമ മാദ്ധ്യമങ്ങളോട് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് വോട്ട് ചെയ്ത സ്വന്തം പാർട്ടിക്കെതിരെ പവൻ വർമ നേരത്തേ വിമർശനമുന്നയിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നതായി നിതീഷ് കുമാർ പാർട്ടി ഓഫീസർമാരുടെ യോഗത്തിൽ പറഞ്ഞിരുന്നതായി മുൻ ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ കൂടിയായിരുന്ന വർമ പറഞ്ഞിരുന്നു. പ്രത്യേകിച്ചും അസമിലും വടക്കുകിഴക്കൻ മേഖലയിലും നിയമത്തെ പിന്തുണയ്ക്കുന്നത് ജെ.ഡി.യുവിന് ഉചിതമല്ലെന്ന് നിതീഷ് അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, നിയമനിർമ്മാണത്തിനുള്ള വോട്ടെടുപ്പിന് മുന്നോടിയായി നിതീഷിനെ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്,എജിപി പോലും പിന്തുണയ്ക്കുമ്പോൾ നമുക്ക് എങ്ങനെ അതിനെ പിന്തുണയ്ക്കാതിരിക്കാൻ കഴിയും എന്നായിരുന്നുവെന്നും വർമ പറഞ്ഞു.

"പൗരത്വ ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധമാണ്. രാജ്യത്തിന്റെ ഐക്യത്തിനും മതേതരത്വത്തിനും എതിരാണ്. അതുകൂടാതെ, ജെ.ഡി.യുവിന്റെ മതേതര കാഴ്ചപ്പാടുകൾക്ക് എതിരാണ്. ഗാന്ധിജി ഇതിനെ ശക്തമായി എതിർത്തിരുന്നു. രാജ്യസഭയിൽ പൗരത്വ ബില്ലിനുള്ള പിന്തുണ പുനഃപരിശോധിക്കണമെന്ന് ഞാൻ നിതീഷ് കുമാറിനോട് ആവശ്യപ്പെടുന്നു."-എന്നായിരുന്നു പവൻ വർമ പറഞ്ഞത്.

Read More >>