ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹം ഭ്രമണപഥത്തിലെത്തി; വിജയിച്ചത് പിഎസ്എല്‍വിയുടെ അന്‍പതാം ദൗത്യം

പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എല്‍വി) അന്‍പതാമത്തെ ചരിത്രക്കുതിപ്പാണ് വിജയക്കൊടി പാറിച്ചിരിക്കുന്നത്.

ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹം ഭ്രമണപഥത്തിലെത്തി;  വിജയിച്ചത് പിഎസ്എല്‍വിയുടെ അന്‍പതാം ദൗത്യം

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹമായ റിസാറ്റ് -2 ബിആര്‍ 1 ലക്ഷ്യത്തിലെത്തിച്ച് ഐ.എസ്.ആര്‍.ഒ. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എല്‍വി) അന്‍പതാമത്തെ ചരിത്രക്കുതിപ്പാണ് വിജയക്കൊടി പാറിച്ചിരിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വൈകിട്ട് 3.25 നാണ് പിഎസ്എല്‍വി 48 കുതിച്ചുയര്‍ന്നത്. പിഎസ്എല്‍വിയുടെ പരിഷ്‌കരിച്ച പതിപ്പായ ക്യു എല്‍ റോക്കറ്റുപയോഗിച്ചായിരുന്നു വിക്ഷേപണം. 628 കിലോഗ്രാം ഭാരം വരുന്ന റഡാര്‍ ഇമേജിങ് നിരീക്ഷണ ഉപഗ്രഹമാണ് റിസാറ്റ് -2 ബിആര്‍1. 37 ഡിഗ്രി ചെരിവില്‍ 576 കിലോമീറ്റര്‍ ഭ്രമണപഥത്തില്‍ ഇത് എത്തിക്കുവാനുള്ള വിക്ഷേപണമാണ് വിജയകരമായത്.

ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡുമായി (എന്‍എസ്ഐഎല്‍) ചേര്‍ന്ന് വാണിജ്യാടിസ്ഥാനത്തില്‍ യുഎസ്എ, ഇസ്രയേല്‍, ഇറ്റലി, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഒന്‍പത് വിദേശ ഉപഗ്രഹങ്ങളും റിസാറ്റ് 2 ബിആര്‍ 1 ഉപഗ്രഹത്തിനൊപ്പം വിക്ഷേപിച്ചു. ദൗത്യം വിജയകരമാക്കിയ ശാസ്ത്രജ്ഞരെ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍ അഭിനന്ദിച്ചു.ഇതുവരെയുള്ള ദൗത്യങ്ങളില്‍ രണ്ടുതവണയൊഴികെ മറ്റെല്ലാ ദൗത്യങ്ങളിലും പി.എസ്.എല്‍.വി. വിജയചരിത്രം കുറിച്ചിട്ടുണ്ട്. ഇതുവരെയായി ഇന്ത്യയുടെ 40-ഉം വിദേശ രാജ്യങ്ങളുടെ 110 ഉം ഉപഗ്രഹങ്ങള്‍ പി.എസ്.എല്‍.വി. ബഹിരാകാശത്ത് എത്തിച്ചു.

1993-ലെ ആദ്യ പറക്കലും 2017-ലെ 41-ാം പറക്കലും മാത്രമായിരുന്നു പരാജയങ്ങള്‍ സംഭവിച്ചിരുന്നത്. ഐ.ആര്‍.എസ്. 1 ഇ.യും കൊണ്ടായിരുന്നു ആദ്യ യാത്ര. ഡോ. എസ്. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു മേല്‍നോട്ടം. സോഫ്‌റ്റ്വേര്‍ തകരാര്‍മൂലം വിക്ഷേപണ വാഹനം ബംഗാള്‍ ഉള്‍ക്കടലില്‍ തകര്‍ന്നു വീണു. 1994-ലും 1995-ലും നടന്ന പരീക്ഷണപ്പറക്കലും വേണ്ടത്ര വിജയിച്ചിരുന്നില്ല. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് -2 ബിആര്‍ 1 അന്‍പതാം ദൗത്യത്തില്‍ വിജയകരമായി എത്തിച്ചതോടെ രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഐഎസ്ആര്‍ഒ യ്ക്ക് അഭിനന്ദനപ്രവാഹമാണിപ്പോള്‍.


">

Read More >>