രാജ്യം സാമ്പത്തിക മാന്ദ്യത്തിൽ; എത്രത്തോളമെന്നത് പറയാനാവില്ല: അഭിജിത് ബാനര്‍ജി

എയർ ഇന്ത്യ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ ബാനർജി അനുകൂലിച്ചു.

രാജ്യം സാമ്പത്തിക മാന്ദ്യത്തിൽ; എത്രത്തോളമെന്നത് പറയാനാവില്ല: അഭിജിത് ബാനര്‍ജി

കൊല്‍ക്കത്ത: സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് നൊബേല്‍ സമ്മാന ജേതാവും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ അഭിജിത് ബാനര്‍ജി. മാന്ദ്യമില്ലെന്ന് ചൂണ്ടിക്കാണിക്കാന്‍ തക്ക വിവരങ്ങളൊന്നും രാജ്യത്തില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊല്‍ക്കത്ത ലിറ്റററി ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'' നമ്മള്‍ മാന്ദ്യത്തിലാകാം എന്നതാണ് എനിക്ക് പറയാന്‍ കഴിയുന്നത്. പക്ഷേ, അത് എത്രത്തോളമുണ്ടെന്ന് എനിക്ക് പറയാന്‍ കഴിയില്ല. മാന്ദ്യമില്ലെന്ന് ചൂണ്ടിക്കാണിക്കാന്‍ തക്ക വിവരങ്ങളൊന്നും രാജ്യത്തില്ല'' - അഭിജിത് ബാനര്‍ജി പറഞ്ഞു.

ബാങ്കിങ് മേഖല അടിമുടി പരിഷ്‌കരിക്കേണ്ടത് അനിവാര്യമാണ്. അതിന് സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. '' മന്ദ ഗതിയിലായ രാജ്യത്തെ ബാങ്കിങ് മേഖലയില്‍ റീ ഫിനാന്‍സ് ചെയ്യുന്നതിലാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കേണ്ടതെന്നും'' അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ അസമത്വത്തിന്റെ നിലവിലെ അവസ്ഥ കണക്കിലെടുക്കുമ്പോൾ, സ്വത്ത് നികുതി വിവേകപൂര്‍ണമാണ്. അത്തരമൊരു സാഹചര്യത്തിൽ, ഈ നികുതി കാര്യക്ഷമമായി കൂടുതൽ പുനർവിതരണം ചെയ്യപ്പെടേണ്ടതുണ്ട്, എന്നാൽ ഇത് ഉടൻ സംഭവിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കോർപറേറ്റ് നികുതി കുറച്ചത് ഇന്ത്യക്ക് നേട്ടമായില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച ‌ഒരു ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോർപറേറ്റുകൾ സമ്പന്നരാണെങ്കിലും ഡിമാൻഡ് കുറഞ്ഞ ഒരു ഘട്ടത്തിൽ അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല.

എല്ലാ കാര്യങ്ങളും പണക്കാർ ചെയ്യുമെന്ന് ചില പഴഞ്ചൻ സിദ്ധാന്തങ്ങൾക്ക് ഇപ്പോൾ പ്രസക്തിയില്ല. അതുകൊണ്ട് നികുതി കുറയ്ക്കുന്നതുകൊണ്ട് സാമ്പത്തിക മാന്ദ്യത്തിന് കാര്യമായ മാറ്റം ഉണ്ടാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എയർ ഇന്ത്യ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ ബാനർജി അനുകൂലിച്ചു.

Read More >>