ഹിന്ദുത്വം കൊണ്ട് വിശപ്പ് മാറ്റാനാകില്ല, മനസിൽ നിന്നും മതത്തെ എടുത്ത് കളയണമെന്ന് ബാൽതാക്കറെ പറഞ്ഞിരുന്നു: സഞ്ജയ് റാവുത്ത്

നിയമത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് അമിത്ഷാ പറഞ്ഞു. അതിനർത്ഥം തെറ്റ് സംഭവിച്ചിട്ടുണ്ടെന്നാണ്

ഹിന്ദുത്വം കൊണ്ട് വിശപ്പ് മാറ്റാനാകില്ല, മനസിൽ നിന്നും മതത്തെ എടുത്ത് കളയണമെന്ന് ബാൽതാക്കറെ പറഞ്ഞിരുന്നു: സഞ്ജയ് റാവുത്ത്

മുംബൈ: മതത്തെ മനസിൽ നിന്നും എടുത്ത് ദൂരെയെറിയണമെന്ന് ശിവസേന സ്ഥാപകൻ ബാൽതാക്കറെ പറഞ്ഞിരുന്നുവെന്ന് ശിവസേ എം.പി സഞ്ജയ് റാവുത്ത്. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു റാവുത്തിന്റെ പ്രസ്താവന. മഹാരാഷ്ട്രയിലെ പൊതു മിനിമം പരിപാടിയിൽ നിന്ന് ഹിന്ദുത്വ എന്ന ആശയം ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. " ഹിന്ദുത്വ എന്നത് ഭരണഘടയിലുള്ള കാര്യമല്ല. ഭരണഘടന പറയുന്നത് മതനിരപേക്ഷതയെക്കുറിച്ചാണ്. സംസ്ഥാനത്തിന്റെ ഭരണം മതത്തെ അടിസ്ഥാനമാക്കിയല്ല, ഭരണഘടന അനുശാസിക്കുന്നതുപോലെയാണ് നടക്കുക. മനസിൽ നിന്നും സർക്കാർ രേഖകളിൽ നിന്നും മതത്തെ എടുത്ത് കളയണമെന്ന് ബാൽതാക്കറെ പറഞ്ഞിരുന്നു. ഭരണഘടനയാണ് ഞങ്ങളുടേയും ഞങ്ങളുടെ നേതാക്കളുടേയും പ്രത്യയശാസ്ത്രം."- റാവുത്ത് പറഞ്ഞു.

ഒരു സർക്കാരും ഹിന്ദുത്വ ആശയം വച്ച് പ്രവർത്തിക്കില്ല. നിയമചട്ടക്കൂടുകൾക്കുള്ളിൽ നിന്നാണ് പ്രവർത്തിക്കുക. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ മുന്നോട്ട് പോകുക. ഹിന്ദുത്വ ആശയം കൊണ്ടോ മറ്റ് ആശയം കൊണ്ടോ വിശപ്പ് മാറ്റാനാകില്ല. അത് മാനസികമായ ഒരു കരുത്ത് തരുക മാത്രമാണ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തോടുള്ള സമീപനത്തെക്കുറിച്ചുള്ള ചോദ്യത്തിന് റാവുത്തിന്റെ മറുപടി ഇങ്ങനെ: "രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് അമിത്ഷാ ആഭ്യന്തര മന്ത്രിയാകുന്നതിന് മുമ്പ് ഒരു പ്രസംഗത്തിൽ പറഞ്ഞിരുന്നു. അത് നല്ല തീരുമാനമാണെന്ന് ഞങ്ങൾക്കും തോന്നി. ബംഗ്ലാദേശികളെ പുറത്താക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. പക്ഷേ, കഴിഞ്ഞ ആറു മാസത്തിനിടക്ക് എത്ര പേർ പുറത്താക്കപ്പെട്ടു? അരുടെ പക്കലും കണക്കില്ല.

മറ്റൊരു കാര്യം, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ മതത്തിന്റെ പേരിൽ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അഫ്ഗാനിസ്ഥാനിൽ സിഖുകാർക്ക് നേരെയാണ് പീഡനം. അതുകൊണ്ട് തന്നെ അവർ നമ്മുടെ രാജ്യത്തേക്ക് വരികയാണെങ്കിൽ അവർക്ക് അഭയം നൽകേണ്ടത് നമ്മുടെ കടമയാണ്. എത്രപേർക്ക് ഇത്തരത്തിൽ അഭയം നൽകാനാണ് തീരുമാനമെന്ന് ഞങ്ങൾ പാർലമെന്റിൽ ചോദിച്ചപ്പോൾ, ലക്ഷങ്ങളും കോടികളുമുണ്ടാകുമെന്നാണ് അമിത്ഷാ പറഞ്ഞത്. പക്ഷേ, ഇത്രയധികം പേർ വന്നാൽ, അവർക്ക് എങ്ങനെ അഭയമൊരുക്കും? ഇപ്പോൾ തന്നെ രാജ്യത്തിന്റെ സാമ്പത്തിക നില തകർന്നുകൊണ്ടിരിക്കുകയാണ്, തൊഴിലില്ലായ്മ വർദ്ധിച്ചു. സർക്കാർ ഒരു നിശ്ചിത സംഖ്യ തീരുമാനിക്കണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് രാജ്യത്താകെ തീ പടർന്നിരിക്കുകയാണ്. അത് രാജ്യത്തെ കത്തിച്ച് ചാമ്പലാക്കും. അതിനാൽ സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിയമത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് അമിത്ഷാ പറഞ്ഞു. അതിനർത്ഥം തെറ്റ് സംഭവിച്ചിട്ടുണ്ടെന്നാണ്. ഞങ്ങൾ പൗരത്വ നിയമത്തിന് എതിരല്ല, പിന്തുണക്കുന്നുമില്ല."

Next Story
Read More >>