ഒമർ അബ്ദുല്ലയേയും മെഹ്ബൂബ മുഫ്തിയേയും ഉടൻ മോചിപ്പിച്ചേക്കും

നേതാക്കളെ തടവിലാക്കിയ കേന്ദ്ര നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. കശ്മീര്‍ ജനതയുടെ വികാരം പറയാന്‍ പോലുമുള്ള അവസരം നല്‍കാതെ നേതാക്കളെ തടങ്കലിലാക്കിയത് ജനാധിപത്യത്തിന് വിരുദ്ധമാണെന്നായിരുന്നു ആരോപണം

ഒമർ അബ്ദുല്ലയേയും മെഹ്ബൂബ മുഫ്തിയേയും ഉടൻ മോചിപ്പിച്ചേക്കും

ശ്രീനഗർ: ജമ്മു-കശ്മീരിൽ രാഷ്ട്രീയ സംവാദത്തിനുള്ള വഴി തെളിയുന്നതായി റിപ്പോർട്ട്. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുന്നോടിയായി വീട്ടുതടങ്കലിലാക്കിയ കശ്മീർ മുൻമുഖ്യമന്ത്രിമാരായ ഒമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവരുമായി കേന്ദ്രസർക്കാർ അധികൃതർ ആദ്യമായി സംസാരിച്ചതായി റിപ്പോർട്ട്. ഓഗസ്റ്റ് നാലു മുതൽ ഇരുവരും വീട്ടുതടങ്കലിലാണ്. ഹരി നിവാസ് പാസിലാണ് ഒമർ അബ്ദുല്ല ഇപ്പോൾ തടവിൽ കഴിയുന്നത്. അതേസമയം മെഹബൂബ മുഫ്തി ശ്രീനഗറിലുമാണ് ഉള്ളത്.

പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ട് നേതാക്കളുമായി അന്വേഷണ വിഭാഗങ്ങൾ കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്. ' രാഷ്ട്രീയ നിയന്ത്രണങ്ങൾ എന്നന്നേക്കുമായി തുടരാനാകില്ല. ഇരുനേതാക്കൾക്കും മേൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ എടുത്തുകളയാൻ ഇടപെടൽ നടത്തേണ്ടതുണ്ട്. അവർക്ക് ഒരു ഇടം സൃഷ്ടിക്കേണ്ടതുണ്ടെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

എന്നിരുന്നാലും മോചനത്തിന് ശേഷം കശ്മീർ ജനതയോട് ഒമർ അബ്ദുല്ലയുടേയും മെഹ്ബൂബ മുഫ്തിയുടേയും സന്ദേശം ഏത് തരത്തിലുള്ളതായിരിക്കും എന്ന കാര്യത്തിൽ കേന്ദ്രത്തിന് ആശങ്കയുണ്ട്. അതുകൊണ്ട് തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ കനത്ത ജാഗ്രത പാലിക്കുന്നുണ്ട്. സർക്കാർ അധികൃതർ ഇരുവരുമായി സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും ഇരുനേതാക്കളേയും പൂർണ്ണമായും സ്വതന്ത്രമാക്കുന്നതിന് സമയമെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

നേതാക്കളെ തടവിലാക്കിയ കേന്ദ്ര നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. കശ്മീര്‍ ജനതയുടെ വികാരം പറയാന്‍ പോലുമുള്ള അവസരം നല്‍കാതെ നേതാക്കളെ തടങ്കലിലാക്കിയത് ജനാധിപത്യത്തിന് വിരുദ്ധമാണെന്നായിരുന്നു ആരോപണം. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷവും ഇരുവരും തടവില്‍ കഴിയുകയാണ്.

Read More >>