ഒന്നും മിണ്ടാതെ ചൗതാല; ഹരിയാനയിൽ ബി.ജെ.പിക്ക് ആധി, വൻ സസ്‌പെൻസ്

നിലവിൽ തെരഞ്ഞെടുപ്പ് കമ്മിഷനിലെ ഫല സൂചനകളനുസരിച്ച് ബി.ജെ.പി 38 സീറ്റിലും കോൺഗ്രസ് 31 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്

ഒന്നും മിണ്ടാതെ ചൗതാല; ഹരിയാനയിൽ ബി.ജെ.പിക്ക് ആധി, വൻ സസ്‌പെൻസ്

ഛത്തീസ്ഗഢ്: നിയമസഭാ തെരഞ്ഞെടുപ്പ് ഫല സൂചനകൾ പുറത്തുന്നതോടെ മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ബി.ജെ.പിയും കോൺഗ്രസും തന്നെ സമീപിച്ചുവന്ന വാർത്ത നിരസിച്ച് ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗതാല. സർക്കാർ ഉണ്ടാക്കാൻ ബി.ജെ.പിയോ കോൺഗ്രസോ തന്നെ സമീപിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 'ഞാൻ ആരുമായും ഇതുവരെ ചർച്ച നടത്തിയിട്ടില്ല. അന്തിമ ഫലം വന്നതിന് ശേഷമേ ഒരു തീരുമാനം എടുക്കുകയുള്ളൂ.'-അദ്ദേഹം പറഞ്ഞു.

അതേസമയം, ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷനുമായ അമിത് ഷാ നിരാശനാണ്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിനെ അമിത് ഷാ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ ടിക്കറ്റ് വിതരണം തെറ്റിയെന്ന അനുമാനത്തിലാണ് അമിത് ഷാ. ഖട്ടാറിന്റെ നടപടിയിൽ അമിത് ഷാ അസ്വസ്ഥനാണെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു.

ഹരിയാനയിലെ നിലവിലെ രാഷ്ട്രീയ മാറ്റങ്ങളിൽ മുഖ്യമന്ത്രി ഭുപീന്ദർ സിങ് ഹൂഡയുമായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ചർച്ച നടത്തിയിട്ടുണ്ടെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്. സർക്കാർ രൂപീകരണത്തിൽ അദ്ദേഹത്തിന് സ്വതന്ത്രമായ ചുമതല നൽകിയിട്ടുണ്ടെന്നാണ് സൂചന. ചൗതാലയുമായി സംസാരിക്കാൻ ഹൂഡയെ സോണിയ ചുമതലപ്പെടുത്തി. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും സ്വന്തമായി എടുക്കണമെന്നും മുഖ്യമന്ത്രി സ്ഥാനം ജെ.ജെ.പിക്ക് നൽകണമോ എന്ന് തീരുമാനിക്കണമെന്നും സോണിയ പറഞ്ഞു.

നിലവിൽ തെരഞ്ഞെടുപ്പ് കമ്മിഷനിലെ ഫല സൂചനകളനുസരിച്ച് ബി.ജെ.പി 38 സീറ്റിലും കോൺഗ്രസ് 31 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ജെ.ജെ.പി 11 സീറ്റിലാണ് മുന്നിൽ നിൽക്കുന്നത്. ബി.ജെ.പിക്കും കോൺഗ്രസിനും വ്യക്തമായ ഭൂരിപക്ഷം നേടാൻ ഇപ്പോഴും സാധിച്ചിട്ടില്ല.

Next Story
Read More >>