ബിജെപിയില്‍ ചേര്‍ന്ന മുന്‍ എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി; ഇരുവർക്കും സീറ്റ് നൽകി കോണ്‍ഗ്രസ്

കോണ്‍ഗ്രസ് വിട്ടത് വലിയ തെറ്റായെന്നും ബിജെപി ദേശീയതയെ കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിലും എല്ലാം പൊള്ളയാണെന്നും കോൺ​ഗ്രസിലെത്തിയതിന് പിന്നാലെ അമരീഷ് പ്രതികരിച്ചു.

ബിജെപിയില്‍ ചേര്‍ന്ന മുന്‍ എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി; ഇരുവർക്കും സീറ്റ് നൽകി കോണ്‍ഗ്രസ്

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ബിജെപിയിൽ ചേർന്ന കോൺ​ഗ്രസിൻെറ മുൻ എംഎൽഎമാർ പാർട്ടിയിൽ തിരിച്ചെത്തി. ബിജെപിയുടെ അവസാന സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും തഴയപ്പെട്ടതിനെ തുടര്‍ന്നാണ് മുതിര്‍ന്ന നേതാക്കളായ അമരീഷ് സിങ് ഗൗതം, ഭിഷം ശര്‍മ എന്നിവർ വീണ്ടും കോൺ​ഗ്രസിൽ ചേർന്നത്.

അമരീഷ് ഗൗതിനും ഭിഷം ശര്‍മയ്ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കുകയും ചെയ്തിട്ടുണ്ട്. അമരീഷ് ഗൗതത്തിന് സംവരണ മണ്ഡ‍ലമായ കോണ്ട്ലിയിലും ഭിഷം ശര്‍മയ്ക്ക് ഗോണ്ടയിലുമാണ് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയിരിക്കുന്നത്. കോൺ​ഗ്രസ് ടിക്കറ്റിൽ 1998,2003,2008 വര്‍ഷങ്ങളില്‍ കോണ്ട്ലിയില്‍ നിന്നും നിയമസഭയില്‍ എത്തിയ നേതാവാണ് അമരീഷ് സിങ് ഗൗതം.

2017ലെ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളെ തുടര്‍ന്നായിരുന്നു അമരീഷ് കോണ്‍ഗ്രസ് വിട്ടത്. പിന്നാലെ കഴിഞ്ഞ ഏപ്രിലിലാണ് അമരീഷ് ഗൗതം ബിജെപിയിൽ ചേരുന്നത്. കോണ്‍ഗ്രസ് വിട്ടത് വലിയ തെറ്റായെന്നും ബിജെപി ദേശീയതയെ കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിലും എല്ലാം പൊള്ളയാണെന്നും കോൺ​ഗ്രസിലെത്തിയതിന് പിന്നാലെ അമരീഷ് പ്രതികരിച്ചു.

2019 ഏപ്രിലിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷമാണ് ഭിഷം ശര്‍മ ബിജെപിയിൽ ചേരുന്നത്. മറ്റൊരു പ്രമുഖ ദളിത് നേതാവും മുന്‍ മംഗോള്‍പുരി എംഎല്‍എയുമായ രാജ് ചൗഹനും നേരത്തെ ബിജെപിയില്‍ നിന്ന് രാജി വെച്ച് കോണ്‍ഗ്രസിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കിയിട്ടില്ല.

Next Story
Read More >>