ജെ.എന്‍.യുവിന് പിന്നാലെ ഡല്‍ഹി യൂണിവേഴ്സിറ്റിയും; സവർക്കറുടെ പേര് നൽകണം: ഹിന്ദുമഹാസഭ

സവർക്കറുടെ ആശയത്തിൽ വിശ്വസിക്കാത്തവരെ പരസ്മായി മർദ്ദിക്കുമെന്ന ശിവസേന തലവൻ ഉദ്ധവ് താക്കറെയുടെ പ്രസ്താവനയേയും അദ്ദേഹം പിന്തുണച്ചു

ജെ.എന്‍.യുവിന് പിന്നാലെ ഡല്‍ഹി യൂണിവേഴ്സിറ്റിയും;   സവർക്കറുടെ പേര് നൽകണം: ഹിന്ദുമഹാസഭ

ന്യൂഡൽഹി: ജെ.എൻ.യുവിന് പിന്നാലെ ഡൽഹി യൂണിവേഴ്‌സിറ്റിയുടേയും പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഹിന്ദു മഹാസഭ. ഡൽഹി യൂണിവേഴ്‌സിറ്റിക്ക് സർവർക്കറുടെ പേര് നൽകണമെന്നാണ് ഹിന്ദു മഹാസഭ നേതാവ് സ്വാമി ചക്രപാണിയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി യൂണിവേഴ്‌സിറ്റിക്ക് 'വീർ സവർക്കർ വിശ്വവിദ്യാലയ' എന്ന പേര് നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

സവർക്കറുടെ ആശയത്തിൽ വിശ്വസിക്കാത്തവരെ പരസ്യമായി മർദ്ദിക്കുമെന്ന ശിവസേന തലവൻ ഉദ്ധവ് താക്കറെയുടെ പ്രസ്താവനയേയും അദ്ദേഹം പിന്തുണച്ചു. ഇത് സംബന്ധിച്ച മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ:

'വീർ സവർക്കറുടെ ആശയത്തിൽ വിശ്വാസമില്ലാത്തവരെ ശിക്ഷിക്കും. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ വീർ സവർക്കറെ ബഹുമാനിക്കാത്തവരെ ജയിലിലടക്കും. എങ്ങനെയാണ് ഒരാൾക്ക് അദ്ദേഹത്തെ അപമാനിക്കാൻ സാധിക്കുക. മാതൃരാജ്യത്തിന് വേണ്ടി ഒരുപാട് കഷ്ടതകൾ അനുഭവിച്ചയാളാണ് വീർ സവർക്കർ. ആ സവർക്കറെ അപമാനിക്കുന്നവർ വലിയ കുറ്റമാണ് ചെയ്യുന്നത്.'

മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സവർക്കറെ ബഹുമാനിക്കാത്തവരെ പരസ്യമായി മർദ്ദിക്കുമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് വേണ്ടി പോരാടിയ സവർക്കറുടെ പ്രാധാന്യവും അദ്ദേഹം സഹിച്ച കഷ്ടപ്പാടുകളും ആരും മനസ്സിലാക്കുന്നില്ല. രാഹുൽ ഗാന്ധി പോലും അദ്ദേഹത്തെ നേരത്തെ അപമാനിച്ചിട്ടുണ്ടെന്നും താക്കറെ പറഞ്ഞിരുന്നു.

നേരത്തെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെ.എൻ.യു)ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകണമെന്ന് ബി.ജെ.പി എം.പി ഹൻസ് രാജ് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി മോദിയോടുള്ള ആദര സൂചകമായി യൂണിവേഴ്സിറ്റിക്ക് അദ്ദേഹത്തിന്റെ പേര് നൽകണമെന്നായിരുന്നു ആവശ്യം.

മുൻഗാമികൾ ചെയ്ത തെറ്റുകളുടെ ആഘാതം നാം നേരിടുകയാണ്. ജെ.എൻ.യുവിലെ 'ജെ' ഇനി എന്തിനാണ്. യൂണിവേഴ്സിറ്റിയുടെ പേര് എം.എൻ.യു എന്നാക്കണം. പ്രധാനമന്ത്രി മോദിയുടെ പേരിലും സ്ഥാപനങ്ങൾ വേണ്ടേയെന്നും ജെ.എൻ.യു സന്ദർശനത്തിനിടെ അദ്ദേഹം ചോദിച്ചിരുന്നു.

Next Story
Read More >>