ഡൽഹി തെരഞ്ഞെടുപ്പ്: രാഷ്ട്രീയത്തിൽ സജീവമായവർ മത്സരിക്കണമെന്ന് സോണിയ; ലോക്സഭ തെരഞ്ഞെടുപ്പിൽ തോറ്റ മുതിർന്ന നേതാക്കൾക്കും സീറ്റ്

ഡല്‍ഹി കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്മാരായ അജയ് മക്കെന്‍, ജെപി അഗര്‍വാള്‍, അരവിന്ദര്‍ ലൗലി, വര്‍ക്കിംഗ് പ്രസിഡന്റ് രാജേഷ് ലിലോത്തിയ എന്നിവരടക്കമുള്ള നേതാക്കള്‍ യോഗത്തിനെത്തിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ആളുകളാണ് നാലു പേരും.

ഡൽഹി തെരഞ്ഞെടുപ്പ്: രാഷ്ട്രീയത്തിൽ സജീവമായവർ മത്സരിക്കണമെന്ന് സോണിയ; ലോക്സഭ തെരഞ്ഞെടുപ്പിൽ തോറ്റ മുതിർന്ന നേതാക്കൾക്കും സീറ്റ്

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കള്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചേക്കും. ഫെബ്രുവരി എട്ടിന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞിടുപ്പിനായി കോണ്‍ഗ്രസ് മികച്ച സ്ഥാനാര്‍ത്ഥികളെയാവും രംഗത്തിറക്കുകയെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സുഭാഷ് ചോപ്ര പറഞ്ഞു. 70 നിയമ സഭാ സീറ്റുകളിലാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമായവർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി തിങ്കളാഴ്ച അഭിപ്രായപ്പെട്ടിരുന്നു. ഡൽഹിയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് സോണിയ പ്രസ്തുത നിർദ്ദേശം മുന്നോട്ട് വെച്ചത്.

ഡല്‍ഹി കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്മാരായ അജയ് മക്കെന്‍, ജെപി അഗര്‍വാള്‍, അരവിന്ദര്‍ ലൗലി, വര്‍ക്കിംഗ് പ്രസിഡന്റ് രാജേഷ് ലിലോത്തിയ എന്നിവരടക്കമുള്ള നേതാക്കള്‍ യോഗത്തിനെത്തിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ആളുകളാണ് നാലു പേരും. പാര്‍ട്ടിയുടെ ഏത് നിര്‍ദേശങ്ങളും അനുസരിക്കുമെന്ന് ജെപി അഗര്‍വാള്‍ പറഞ്ഞു.

''ഞങ്ങള്‍ എന്തു ചെയ്യണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ ആഗ്രഹിക്കുന്നുവോ, അതു ചെയ്യാതിരിക്കാൻ ഒരു കാരണവുമില്ല''- അഗര്‍വാള്‍ പറഞ്ഞു. സോണിയയുടെ നിർദേശപ്രകാരം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ലിലോത്തിയയും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അദ്ധ്യക്ഷനുമായ കെജ്‌രിവാളിനെതിരെ ന്യൂഡൽഹി സീറ്റിൽ മത്സരിക്കാനാണ് ലിലോത്തിയ സന്നദ്ധത പ്രകടിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

ഹൈക്കമാന്റിന്റെ ഇഷ്ടപ്രകാരം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ലൗലിയും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. ചില എതിര്‍പ്പുകളുണ്ടെങ്കിലും പാര്‍ട്ടി അദ്ധ്യക്ഷയുടെ നിര്‍ദേശം സ്വീകരിക്കാന്‍ മാക്കനും തയ്യാറാണ്. സ്ഥാനാർത്ഥികളുടെ പേര് ചർച്ച ചെയ്യാൻ കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇന്ന് ചേരുന്നുണ്ട് ഇതിന് ശേഷമാകും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരിക.

Read More >>