പശുസ്‌നേഹികള്‍ക്കൊരു സങ്കടവാര്‍ത്ത, ഗോമൂത്രം ആഗോള താപനത്തിന് കാരണമാകുന്നു

ഗോമൂത്രം ഉപയോഗിച്ച മണ്ണ് സാധാരണയേക്കാള്‍ 3000 മടങ്ങ് വരെ അധികം നൈട്രസ് ഓക്‌സൈഡും കാര്‍ബണും പുറത്തു വിടുന്നു. കൊളംബിയ, അര്‍ജന്റീന, ബ്രസീല്‍, നിക്കരാഗ്വ, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ എന്നീ രാജ്യങ്ങളിലാണ് പഠനം നടന്നത്.

പശുസ്‌നേഹികള്‍ക്കൊരു സങ്കടവാര്‍ത്ത, ഗോമൂത്രം ആഗോള താപനത്തിന് കാരണമാകുന്നു

ബൊഗോട്ട: ഗോമൂത്രം സര്‍വരോഗസംഹാരിയാണെന്നാണ് ഗോസംരക്ഷകരുടെ വാദം. ഗോമൂത്രത്തില്‍ നിന്ന് സ്വര്‍ണം പോലും വേര്‍തിരിച്ചെടുക്കാനാവുമെന്ന് അവര്‍ കരുതുന്നു. അതിനുള്ള ഗവേഷണങ്ങള്‍ നടന്നുവരികയുമാണ്. അതിനിടയിലാണ് കരളുരുക്കുന്ന വാര്‍ത്തയുമായി കൊളംബിയയിലെ ഒരു ഗവേഷണസ്ഥാപനം മുന്നോട്ടുവന്നിരിക്കുന്നത്. ഗോമൂത്രം ആഗോള താപനത്തിന് കാരണമാകുന്നുവത്രെ. കൊളംബിയയിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ട്രോപ്പിക്കല്‍ അഗ്രിക്കള്‍ച്ചര്‍ ആ 'സാമദ്രോഹി'കള്‍.

ഗോമൂത്രത്തില്‍ നിന്നുയരുന്ന നൈട്രസ് ഓക്‌സൈഡ്, കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനേക്കാള്‍ 300 മടങ്ങ് അപകടകരമാണെന്നാണ് അവര്‍ പറയുന്നത്. കൊളംബിയ, അര്‍ജന്റീന, ബ്രസീല്‍, നിക്കരാഗ്വ, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ എന്നീ രാജ്യങ്ങളിലാണ് പഠനം നടന്നത്. ഗോമൂത്രം ഉപയോഗിച്ച മണ്ണ് സാധാരണയേക്കാള്‍ 3000 മടങ്ങ് വരെ അധികം നൈട്രസ് ഓക്‌സൈഡും കാര്‍ബണും പുറത്തു വിടുന്നു.

പശുമൂത്രം ജൈവിക സത്ത നഷ്ടപ്പെട്ട മണ്ണുള്ള പുല്‍മേടുകളില്‍ ഉപയോഗിക്കുമ്പോള്‍ മൂന്നിരട്ടിയാണ് ആഘാതം. നൈട്രജന്‍ മലിനീകരണം കാരണമാണ് കാര്‍ഷിക ഉപയോഗത്തിന് ഭൂമി ഉപയോഗിക്കാനാകാത്തതെന്നും പഠനത്തില്‍ വ്യക്തമായിട്ടുണ്ട്.

തരിശായിക്കിടക്കുന്ന കൃഷിയിടങ്ങള്‍ ഇപ്പോള്‍ ഭക്ഷ്യസുരക്ഷയെയും കര്‍ഷകരുടെ ജീവിതത്തേയും ബാധിക്കില്ലെങ്കിലും ഇത്തരം കൃഷിയിടങ്ങള്‍ കൂടുതല്‍ ഹരിത ഗൃഹവാതകങ്ങള്‍ പുറംതള്ളപ്പെടുന്നത് ആഗോളതാപനത്തിന് കാരണമാകുന്നതിനാല്‍ ഭാവിയില്‍ ഇത് കര്‍ഷകരെ ദോഷകരമായി ബാധിക്കുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ചെയ് എന്‍ഗോനിദ്‌സാഷെ ചിരിന്ദ വ്യക്തമാക്കി.

ഇന്ത്യയിലെ കൃഷിയിടങ്ങളില്‍ പശുമൂത്രവും ചാണകവും ഒരുമിച്ച് ചേര്‍ത്ത് വളമായി ഉപയോഗിക്കുന്ന രീതി കാലങ്ങളായി പിന്തുടരുന്നുണ്ട്. ഇത് കടുത്ത പാരിസ്ഥിതിക ആഘാതങ്ങളാകും നല്‍കുക എന്നും പഠനത്തില്‍ പറയുന്നു.

Read More >>