യു.എസ് തെരഞ്ഞെടുപ്പിൽ ഇടപെടാൻ നിർബന്ധിതരായിരിക്കുന്നു; ഡൽഹി കലാപത്തിലെ ട്രംപിന്റെ പ്രതികരണത്തെ വിമർശിച്ച ബേണി സാൻഡേഴ്‌സിനു മറുപടിയുമായി ബി.ജെ.പി നേതാവ്

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ മുഖ്യ എതിരാളിയാകാൻ സാദ്ധ്യത കൂടുതലുള്ള സ്ഥാനാർത്ഥിയാണ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് ബേണി സാൻഴ്‌സ്

യു.എസ് തെരഞ്ഞെടുപ്പിൽ ഇടപെടാൻ നിർബന്ധിതരായിരിക്കുന്നു; ഡൽഹി കലാപത്തിലെ ട്രംപിന്റെ പ്രതികരണത്തെ വിമർശിച്ച ബേണി സാൻഡേഴ്‌സിനു മറുപടിയുമായി ബി.ജെ.പി നേതാവ്

ന്യൂഡൽഹി: ഡൽഹി കലാപത്തിലുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയെ വിമർശിച്ച യു.എസ് പ്രസിഡന്റ് സ്ഥാനാർത്ഥി ബേണി സാൻഡേഴ്‌സിനു മറുപടിയുമായി ബി.ജെ.പി മുതിർന്ന നേതാവ് ബി.എൻ. സന്തോഷ്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടപെടാൻ ഇന്ത്യ നിർബന്ധിതനായിരിക്കുന്നുവെന്നാണ് സാൻഡേഴ്‌സിന്റെ പ്രതികരണത്തിന് ഭീഷണിയുടെ സ്വരത്തിൽ ബി.ജെ.പി ജനറൽ സെക്രട്ടറിയായ ബി.എൽ സന്തോഷ് നൽകിയ മറുപടി.

ഡൽഹി കലാപത്തിലുള്ള ട്രംപിന്റെ പ്രസ്താവന മനുഷ്യാവകാശങ്ങളിൽ പരാജയപ്പെട്ടുവെന്നായിരുന്നു സാൻഡേഴ്‌സിന്റെ പ്രതികരണം. '200 ദശലക്ഷത്തിലധികം മുസ്‌ലിംകൾ ഇന്ത്യയെ വീടെന്നു വിളിക്കുന്നു. മുസ്‌ലിം വിരുദ്ധ ആക്രമണത്തിൽ കുറഞ്ഞത് 27 പേരെങ്കിലും കൊല്ലപ്പെട്ടു, നിരവധി പേർക്കു പരിക്കേറ്റു. അത് ഇന്ത്യയുടെ കാര്യമാണെന്നാണ് ട്രംപ് പ്രതികരിച്ചത്. മനുഷ്യാവകാശങ്ങളിൽ ഒരു നേതാവിന്റെ പരാജയമാണിത്'- എന്നായിരുന്നു ബുധനാഴ്ച സാൻഡേഴ്‌സ് ട്വീറ്റ് ചെയ്തത്.

ഇതിനു മറുപടിയായായിരുന്നു ബി.എൽ സന്തോഷിന്റെ ട്വീറ്റ്. 'എത്ര തന്നെ നിഷ്പക്ഷരായിരിക്കാൻ ഞങ്ങൾ ആഗ്രഹിച്ചാലും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പങ്കാളിയാകാൻ നിങ്ങൾ ഞങ്ങളെ നിർബന്ധിക്കുകയാണ്. അങ്ങനെ പറയുന്നതിൽ ക്ഷമിക്കണം... പക്ഷേ, നിങ്ങൾ ഞങ്ങളെ നിർബന്ധിച്ചുകൊണ്ടിരിക്കുന്നു'- ബി.എൽ സന്തോഷ് ട്വീറ്റ് ചെയ്തു. എന്നാൽ, മിനുട്ടുകൾക്കുള്ളിൽ ഈ ട്വീറ്റ് ഇദ്ദേഹം പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.


ഇന്ത്യാ സന്ദർശനം കഴിഞ്ഞെത്തിയ ട്രംപിനോട് ഡൽഹി കലാപത്തെക്കുറിച്ച് മാദ്ധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. എന്നാൽ, ചില ആക്രമണങ്ങൾ ഉണ്ടായതായി താൻ കേട്ടിരുന്നുവെന്നും പക്ഷേ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ ചർച്ച ചെയ്തിട്ടില്ലെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. അത് ഇന്ത്യയുടെ കാര്യമാണെന്നും ട്രംപ് പറഞ്ഞിരുന്നു.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ മുഖ്യ എതിരാളിയാകാൻ സാദ്ധ്യത കൂടുതലുള്ള സ്ഥാനാർത്ഥിയാണ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് ബേണി സാൻഴ്‌സ്.സ്ഥാനാർഥിയെ കണ്ടെത്താനുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രൈമറികളിൽ നെവാഡയിലും ന്യൂ ഹാംപ്ഷയറിലും സാൻഡേഴ്‌സ് മികച്ച വിജയം നേടി മുൻ വൈസ് പ്രസിഡണ്ട് ജോ ബിഡനേക്കാൾ ഏറെ മുന്നിലാണ് സാൻഡേഴ്‌സ്.

Next Story
Read More >>