ചാണകത്തെക്കുറിച്ച് ശാസ്ത്രജ്ഞർ കൂടുതൽ ഗവേഷണം നടത്തണം; അഭ്യർത്ഥനയുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

പശുവിൻെറ ചാണകം, പാൽ, മൂത്രം എന്നിവയിൽ നിന്ന് മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിര്‍മിക്കുന്നതിന് വലിയ സാദ്ധ്യതകളുണ്ട്. കൃഷിയുടെ ചെലവ് കുറഞ്ഞാൽ ഗ്രാമങ്ങളും കര്‍ഷകരും അഭിവൃദ്ധിപ്പെടും.

ചാണകത്തെക്കുറിച്ച് ശാസ്ത്രജ്ഞർ കൂടുതൽ ഗവേഷണം നടത്തണം; അഭ്യർത്ഥനയുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ചാണകത്തെക്കുറിച്ച് ശാസ്ത്രജ്ഞർ കൂടുതൽ ഗവേഷണം നടത്തണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ്. പശുക്കൾ പാൽ ഉല്പാദനം നിർത്തിയാലും അവയെ മികച്ച രീതിയിൽ പരിപാലിക്കാൻ ആവശ്യമായ പണം കണ്ടെത്താൻ ഇത് കര്‍ഷകരെ സഹായിക്കുമെന്നും ഗിരിരാജ് സിങ് അഭിപ്രായപ്പെട്ടു.

12 സംസ്ഥാനങ്ങളിലെ വൈസ് ചാന്‍സിലര്‍മാര്‍ക്കും വെറ്റിനറി ഓഫീസര്‍മാര്‍ക്കുമായി സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അലഞ്ഞു തിരിയുന്ന പശുക്കൾ ഉത്തർപ്രദേശിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും ചാണകത്തിൽ നിന്നും മൂത്രത്തിൽ നിന്നും പണം സമ്പാദിക്കാൻ കഴിയുമെങ്കിൽ കൃഷിക്കാർ അവരുടെ കന്നുകാലികളെ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പശുവിൻെറ ചാണകം, പാൽ, മൂത്രം എന്നിവയിൽ നിന്ന് മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിര്‍മിക്കുന്നതിന് വലിയ സാദ്ധ്യതകളുണ്ട്. കൃഷിയുടെ ചെലവ് കുറഞ്ഞാൽ ഗ്രാമങ്ങളും കര്‍ഷകരും അഭിവൃദ്ധിപ്പെടും. ഇത് രാജ്യത്തിൻെറ സമ്പദ്‍വ്യവസ്ഥയ്ക്ക് വലിയ ഗുണം ചെയ്യുമെന്നും ഗിരിരാജ് സിങ് പറഞ്ഞു. മഹാത്മാ ഗാന്ധിയുടെയും റാം മനോഹര്‍ ലോഹ്യയുടെയും ദീൻദയാൽ ഉപാദ്ധ്യായയുടെയും ആശയങ്ങളെ പിന്തുടർന്നാണ് താൻ ജീവിക്കുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

Next Story
Read More >>